സഊദിയിൽ മൂന്ന് മാസത്തിനിടെ തൊഴിൽ നഷ്ടപ്പെട്ടത് ഒന്നര ലക്ഷത്തിലേറെ പേർക്ക്
റിയാദ്: സഊദിയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ സ്വകാര്യ മേഖലയിൽ നിന്നും സ്വദേശികളും വിദേശികളും ഉൾപ്പെടെ ഒന്നര ലക്ഷത്തിലേറെ തൊഴിലാളികൾക്ക് തൊഴിൽ നഷ്‌ടം സംഭവിച്ചതായി റിപ്പോർട്ടുകൾ. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) റിപ്പോർട്ടിലാണ് വൻതോതിൽ തൊഴിൽ നഷ്ടമുണ്ടായതായി സൂചിപ്പിക്കുന്നത്. കൊവിഡ് പ്രതിസന്ധിയാണ് ഇത്ര ഭീകരമായ രീതിയിൽ രാജ്യത്ത് തൊഴിൽ നഷ്‌ടം ഉണ്ടാകുവാൻ ഇടയാക്കിയത്. സെപ്റ്റംബർ വരെയുള്ള മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം 1,55,000 തൊഴിലാളികൾക്കാണ് സ്വകാര്യ മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടത്.
ഈ വർഷം രണ്ടാം പാദത്തിൽ സ്വകാര്യ മേഖലയിൽ 83.24 ലക്ഷം ജീവനക്കാരുണ്ടായിരുന്ന സ്ഥാനത്ത് ജൂലൈ, ഓഗസ്‌റ്റ്, സെപ്റ്റംബർ ഉൾപ്പെടുന്ന മൂന്നാം പാദത്തിൽ 81.68 ലക്ഷം തൊഴിലാളികളാണുള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 1.56 ലക്ഷം തൊഴിലാളികൾക്കാണ് തൊഴിൽ നഷ്‌ടം. സെപ്റ്റംബർ അവസാനം വരെയുള്ള മൂന്നാം പാദത്തിൽ സഊദിയിൽ 64.09 ലക്ഷം വിദേശികളാണ് തൊഴിൽ മേഖലയിലുള്ളത്. ഇവരിൽ 61.81 ലക്ഷം പേർ പുരുഷന്മാരും 2,27,902 പേർ വനിതകളുമാണ്. അതേസമയം, സ്വദേശി തൊഴിലാളികളുടെ എണ്ണം 17.59 ലക്ഷമാണ്. ഇവരിൽ 11.74 ലക്ഷം പേർ പുരുഷന്മാരും 5,85,305 പേർ വനിതകളുമാണ്.
പ്രവിശ്യ തിരിച്ചുള്ള കണക്കുകളിൽ ഏറ്റവും കൂടുതൽ തൊഴിലാളികളുള്ളത് റിയാദ് പ്രവിശ്യയിലാണ്. ഇവിടെ 7,04,229 സ്വദേശികൾ ഉൾപ്പെടെ 31.54 ലക്ഷം ജീവനക്കാരാണുള്ളത്. ജിദ്ദയിൽ 13.51 ലക്ഷം പേരും കിഴക്കൻ പ്രവിശ്യയിൽ 12.78 ലക്ഷം, ജിസാനിൽ 1,22,987, നജ്‌റാൻ 24,441, മക്ക 3,14,804, അൽ ഖസീം 2,92,240, അൽ ബാഹ 36,485, അൽ ജൗഫ് 52,816, ഉത്തര അതിർത്തി പ്രവിശ്യയിൽ 36,677, അസീർ 2,22,960, തബൂക് 85,444, മദീന 2,05,914, ഹായിൽ 96,615 എന്നിങ്ങനെയാണ് സ്വകാര്യ മേഖലയിലെ സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള തൊഴിലാളിയുടെ കണക്കുകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."