വെറ്ററിനറി സര്‍വകലാശാലയും ക്ഷീരവികസന ബോര്‍ഡും ഒന്നിക്കുന്നു
കല്‍പ്പറ്റ: ക്ഷീരമേഖലയുടെയും കര്‍ഷകരുടെയും ഉന്നമനത്തിനായി വെറ്ററിനറി സര്‍വകലാശാലയും ദേശീയ ക്ഷീരവികസന ബോര്‍ഡും(എന്‍.ഡി.ഡി.ബി) ഒന്നിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ വെറ്ററിനറി സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ജോസഫ് മാത്യുവും ക്ഷീരവികസന ബോര്‍ഡ് ജനറല്‍ മാനേജര്‍ ഡോ. കാശിരാജും ഒപ്പുവച്ചു. പൂക്കോട് വെറ്ററിനറി സര്‍വകലാശാല ആസ്ഥാനത്ത് ദേശീയ ക്ഷീരവികസന ബോര്‍ഡ് ചെയര്‍മാന്‍ ടി. നന്ദകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പുവച്ചത്. എന്‍.ഡി.ഡി.ബി ദേശീയതലത്തില്‍ നടത്തുന്ന ക്ഷീര കര്‍ഷകരുടെ റേഷന്‍ ബാലന്‍സിങ് പ്രോഗ്രാം കേരളത്തില്‍ നടപ്പാക്കാന്‍ വെറ്ററിനറി സര്‍വകലാശാലയുടെ പിന്തുണ ഇതോടെ ബോര്‍ഡിന് ലഭിക്കും.
ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് സര്‍വകലാശാല നടത്തുന്ന ഗവേഷണങ്ങള്‍ ദേശീയതലത്തില്‍ കര്‍ഷകര്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതികളാക്കി മാറ്റാനും ഇതിലൂടെ സാധിക്കും. ഇത്തരത്തില്‍ സര്‍വകലാശാലയുടെ പുതിയ പദ്ധതിയായ 'ആരോഗ്യമുള്ള തൊഴുത്ത്, ആരോഗ്യമുള്ള പശു' പദ്ധതി ദേശീയതലത്തില്‍ വ്യാപിക്കുന്നതോടെ മികച്ച ഉല്‍പാദനമുള്ള പശുക്കളെ രാജ്യത്ത് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍വകലാശാലാ അധികൃതര്‍. സര്‍വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആനന്ദ് അടക്കമുള്ള ക്ഷീര സ്ഥാപനങ്ങളില്‍ ഇനിമുതല്‍ പരിശീലനവും നടത്താം.
വിദ്യാര്‍ഥികളെ ഇന്ത്യയിലുടനീളമുള്ള മൃഗസംരക്ഷണത്തിനും ഡയറി സാങ്കേതികത്വ പ്രശ്‌നങ്ങളെ അറിയുവാനും പരിഹാരം കാണുന്നതിനു പ്രാപ്തരാക്കാനും അതിലൂടെ ക്ഷീരമേഖലയ്ക്ക് മുതല്‍കൂട്ടാവാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍വകലാശാല അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."