രാജു നാരായണ സ്വാമിയെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് കൃഷിമന്ത്രി, സര്‍ക്കാരിനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്
തിരുവനന്തപുരം: രാജു നാരായണ സ്വാമിയെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. സംസ്ഥാന സര്‍ക്കാരിനെ അദ്ദേഹം വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും വി എസ് സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ രാജു നാരായണ സ്വാമിക്കെതിരെ ഒരു റിപ്പോര്‍ട്ടും നല്‍കിയിട്ടില്ല.
അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും ക്യാബിനറ്റില്‍ നടന്നിട്ടില്ല. ഇതു സംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും മന്ത്രി പറഞ്ഞു.
നാളികേര വികസന ബോര്‍ഡിലെ അഴിമതിക്കെതിരേ പോരാടിയതിനാണ് നടപടി എന്ന് പറയുന്നുണ്ടെങ്കില്‍ അത് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വകുപ്പാണ്. അവിടത്തെ അഴിമതിയെപ്പറ്റി മറുപടി പറയേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെന്നും മന്ത്രി പറഞ്ഞു.
അഴിമതിക്കെതിരേ നിലപാടെടുത്ത ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ എന്തിനാണ് പുറത്താക്കുന്നതെന്നും മന്ത്രി ചോദിച്ചു.
അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള ഉദ്യോഗസ്ഥന് ആണ് രാജു നാരായണ സ്വാമി. ഇതേ നിലപാട് ആണ് സര്‍ക്കാരിനും ഉള്ളത്. കൃഷി വകുപ്പിന്റെ കീഴില്‍ അദ്ദേഹം കാഴ്ച വച്ചത് നല്ല സേവനമാണെന്നും അതിനാല്‍ അദ്ദേഹത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ നല്ല മാര്‍ക്കാണ് നല്‍കിയതെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."