സ്കൂളില്‍ പൊലിസ് നരനായാട്ട് നടത്തിയതായി മുന്‍ എസ്.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കാസര്‍കോട്: കാസര്‍കോട് പൊലിസ് നരനായാട്ട് നടത്തിയതായി മുന്‍ എസ്.പി ഹബീബ് റഹ്മാന്റെ ഫേസ് ബുക്ക് പോസ്റ്റ്. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്പോര്‍ട്സ് ദിനത്തില്‍ നടന്ന ചെറിയ പ്രശ്നം പൊലിസ് നരനായാട്ടാക്കി മാറ്റിയതായാണ് അദ്ദേഹം ആരോപിക്കുന്നത്. കുട്ടികളാണെന്നുള്ള യാതൊരു പരിഗണനയും അവരോട് കാണിച്ചില്ലെന്നും രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടികളെ കിലോമീറ്ററുകളോളം പിന്തുടര്ന്ന് അടിച്ചതായും ഫേസ് ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു. സ്കൂള്‍ അധികൃതര്‍, സ്കൂള്‍ കമ്മിറ്റി എന്നിവര്‍ക്കെതിരേയും പോസ്റ്റില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
പൊലിസ് എങ്ങനെ ആവാതിരിക്കണം എന്ന് പറയിപ്പിച്ചിരിക്കുന്ന സംഭവമാണ് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നത്. സ്കൂളില്‍ സ്പോര്‍ട്സ് ഡേയില്‍ വിജയിച്ചതിന്റെ ആവേശത്തില്‍ കുട്ടികള്‍ പടക്കം പൊട്ടിച്ചിരുന്നു. പടക്കം പൊട്ടിയതോടെ പൊലിസ് കാംപസില്‍ പ്രവേശിച്ചു. ഒരു കുട്ടിയെ പിടികൂടി. പ്രകോപിതരായ കുട്ടികള്‍ സ്കൂള്‍ ഗേറ്റ് അടച്ചു പൊലിസിനെ പ്രതിരോധിച്ചു. അതിക്രൂരമായ നരനായാട്ടാണ് പിന്നെ നടന്നത്. പിഞ്ചു കുഞ്ഞുങ്ങള്‍ പോലും അടികൊണ്ട് ബോധരഹിതരായി. നേതൃപരമായ പരാജയമാണ് ഇന്നലെ ഉണ്ടായതെന്നും പൊലിസിനെ നിയന്ത്രിക്കേണ്ട ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പിഞ്ചുകുട്ടികളെ അടിക്കാന്‍ ആവശ്യപ്പെടുന്ന നിഷ്ഠൂരമായ കാഴ്ചയാണ് കണ്ടത് എന്നുമാണ് പലരും പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നടന്നത് പൊലിസിനുപോലും ന്യായീകരണം നിരത്താന്‍ പറ്റാത്ത കാര്യങ്ങളാണ്. ഇത് ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവേണ്ട നടപടികള്‍ അടിയന്തിരമായി എടുക്കണം. സ്കൂള്‍ അധികൃതര്‍ ചെയ്തതും തെറ്റാണ്. എല്ലാ കാര്യത്തിനും പൊലിസിനെ കാംപസിലേക്ക് വിളിച്ചു വരുത്തുന്നത് ഒരു സ്കൂളിനും ഭൂഷണമല്ലെന്നും അദ്ദേഹം പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."