HOME
DETAILS

ഭരണകൂടമേ, വിവാഹത്തെ വെറുതെ വിടൂ!

  
backup
November 12 2020 | 22:11 PM

68652-2020
 
 
'Marriage...it's not a word, it's a sentence'
എന്ന പ്രശസ്തമായ ദ്വയാര്‍ഥ ഹാസ്യം പറഞ്ഞത് അമേരിക്കന്‍ കൊമേഡിയനായ റോഡ്‌നി ഡാങ്കേര്‍ഫീല്‍ഡാണ്. ടലിലേിരല എന്ന ഇംഗ്ലീഷ് വാക്കിന്  'വാചകം' എന്നും 'ശിക്ഷ' എന്നും അര്‍ഥമുണ്ട്. നമ്മുടെ ഭരണകൂടവും കോടതികളും വിവാഹം എന്ന തീര്‍ത്തും വ്യക്തിപരമായ ഇടപാടിനെ പരിഷ്‌കരിച്ച് പരിഷ്‌കരിച്ച് ദുസ്സഹമായൊരു ശിക്ഷയാക്കി പരിവര്‍ത്തിപ്പിക്കുകയാണ്. ആദ്യം കേന്ദ്രസര്‍ക്കാര്‍, വിവാഹിതനായ മുസ്‌ലിം പുരുഷനെ എപ്പോള്‍ വേണമെങ്കിലും തടവറയിലാക്കാവുന്ന വിധം മുത്വലാഖ് നിയമം പാസാക്കി. സിവില്‍ കരാര്‍ മാത്രമായ മുസ്‌ലിം വിവാഹം വേര്‍പ്പെടുത്തുന്നത് മൂന്ന് വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കി മാറ്റി. മുത്വലാഖിന് ഒരു ത്വലാഖിന്റെ ഫലമേയുള്ളൂ എന്ന് സുപ്രിംകോടതി സൈറ ബാനു കേസില്‍ (2017) വ്യക്തമാക്കിയിരുന്നു. അത് ഉച്ചരിക്കുന്നതിനു മൂന്ന് വര്‍ഷം തടവ് എന്ന വിചിത്രനിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നു. ഇപ്പോള്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുക എന്ന അജന്‍ഡയുമായാണ് സര്‍ക്കാര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനിടയിലാണ് വിവാഹം കഴിക്കാനുള്ള മതം മാറ്റത്തിനു നിയമസാധുതയില്ല എന്ന വിധിയുടെ വരവ്.
ഇന്ത്യയില്‍ വ്യത്യസ്തമായ രണ്ടു മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് വിവാഹം കഴിക്കാന്‍ സ്‌പെഷല്‍ മാര്യേജ് ആക്ട് 1954 നിലവിലുണ്ട്. എന്നാല്‍, ഈ നിയമപ്രകാരം വിവാഹം കഴിക്കുന്നതിന് പ്രായോഗികമായ ചില പ്രയാസങ്ങളുണ്ട്. ബന്ധപ്പെട്ട മാര്യേജ് രജിസ്‌ട്രേഷന്‍ ഓഫിസര്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ നോട്ടിസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തണം. സ്‌പെഷല്‍ മാര്യേജ് ആക്ട് നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ പാലിക്കുന്ന വ്യക്തികള്‍ക്ക് തങ്ങള്‍ ഒരു മാസം താമസിക്കുന്ന ജില്ലയിലെ മാര്യേജ് രജിസ്‌ട്രേഷന്‍ ഓഫിസറുടെ മുന്‍പാകെ നോട്ടിസ് നല്‍കണം. ഇങ്ങനെ രേഖപ്പെടുത്തുന്ന മാര്യേജ് നോട്ടിസ് ബുക്ക് ആര്‍ക്കും പരിശോധിക്കാം. ആര്‍ക്കെങ്കിലും പരാതിയുണ്ടെകില്‍ അത് ഓഫിസറുടെ മുന്‍പില്‍ അവതരിപ്പിക്കാം. പരാതിയില്‍ മാര്യേജ് ഓഫിസര്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാം; ജില്ലാ കോടതിക്ക് അപ്പീല്‍ അധികാരവുമുണ്ട്. നോട്ടിസ് ബുക്കില്‍ രേഖപ്പെടുത്തി മൂന്ന് മാസത്തിനകം വിവാഹം കഴിക്കാവുന്നതാണ്. എന്നാല്‍, 'ലൗ ജിഹാദ്' എന്ന കള്ളക്കഥയുടെ പേരില്‍ പല ഹിന്ദുത്വ സംഘടനകളും മറ്റും ഈ നോട്ടിസ് ബുക്കുകള്‍ പരിശോധിച്ച് വ്യക്തികള്‍ക്കു അവര്‍ ആഗ്രഹിക്കുന്നയാളെ വിവാഹം കഴിക്കാനുള്ള അവകാശത്തിലേക്ക് കടന്നുകയറുന്ന പ്രവണത ഇന്ത്യയില്‍ ഇന്ന് വ്യാപകമാണ്.  
 
സ്‌പെഷല്‍ മാര്യേജ് ആക്ട് മുന്നോട്ടുവയ്ക്കുന്ന നടപടിക്രമം പലപ്പോഴും പ്രയാസകരമാണ്. അതിനാലാണ്  വ്യത്യസ്ത മതങ്ങളില്‍ പെട്ട വിവാഹാര്‍ഥികളില്‍ ചിലര്‍ അവരില്‍ ഒരാളുടെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന പ്രവണത കാണിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈയില്‍ കേരളത്തില്‍ രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്‌മെന്റ് അവരുടെ വെബ്‌സൈറ്റില്‍ മാര്യേജ് നോട്ടിസ് പ്രസീദ്ധീകരിക്കുന്നത് നിര്‍ത്തിവച്ചിരുന്നു. ലൗ ജിഹാദിന്റെ പേരില്‍ വിവാഹാര്‍ഥികളെ ഭീഷണിപ്പെടുത്തുന്നതും വര്‍ഗീയ പ്രചാരണം നടത്തുന്നതുമായിരുന്നു കാരണം. ഇത് വ്യക്തികള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കുതിരകയറ്റമാണ്. സ്വകാര്യത എന്നത് ഒരു മനുഷ്യാവകാശമായി ഇന്ത്യയില്‍ മാത്രമല്ല, ലോകം മുഴുവന്‍ ഇന്ന് അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിവാഹവും മതവും തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങളാണ്. മതവിശ്വാസത്തിനുള്ള അവകാശം, ഇന്ത്യന്‍ ഭരണഘടനയുടെ പീഠികയില്‍ ഉദ്‌ഘോഷിക്കുന്ന ചിന്തിക്കാനും ആവിഷ്‌കരിക്കാനും വിശ്വസിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഭരണഘടനയുടെ അനുച്ഛേദം 25 ഏതു മതവും വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം നല്‍കുന്നുണ്ട്. ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുള്ള അവകാശവും (ഫ്രീഡം ഓഫ് കോണ്‍സയന്‍സ്) ഇതേ അനുച്ഛേദം വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ഇന്ത്യയില്‍ ഏതൊരു വ്യക്തിക്കും അവര്‍ ഇഷ്ടപെടുന്ന രീതില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമോ അല്ലെകില്‍ ഏതെങ്കിലും വ്യക്തി നിയമ പ്രകാരമോ വിവാഹം കഴിക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ട് എന്ന് പ്രത്യേകം പറയേണ്ടതില്ല.
 
അലഹബാദ് ഹൈക്കോടതി വിവാഹത്തിനായി ഇസ്‌ലാം മതത്തില്‍നിന്ന് ഹിന്ദു മതത്തിലേക്ക് മതം മാറിയ സ്ത്രീയ്ക്ക് പൊലിസ് സംരക്ഷണം നല്‍കാന്‍ ഈയ്യിടെ വിസമ്മതിച്ച കാര്യം വാര്‍ത്തയായിരുന്നു. ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും ഇപ്പോള്‍ തന്നെ മതപരിവര്‍ത്തനം നിയന്ത്രിക്കുന്ന നിയമങ്ങളുണ്ട്. ഈ നിയമങ്ങള്‍ അനുസരിച്ച് മതപരിവര്‍ത്തനം ലക്ഷ്യമാക്കിയുള്ള വിവാഹങ്ങള്‍ നിയമവിരുദ്ധമാണ്. ഉത്തര്‍പ്രദേശും ഇത്തരത്തില്‍ ഒരു നിയമനിര്‍മാണവുമായി മുന്നോട്ടുപോവുകയാണ്. തന്റെ സംസ്ഥാനത്ത് മൂന്ന് ദിവസത്തിനകം വിവാഹത്തിനായി മതം മാറുന്നത് കുറ്റകരമാക്കുന്ന നിയമം പാസാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചു. ഇത്തരം നിയമങ്ങളുടെ ആത്യന്തിക അപകടം മതം, വിവാഹം എന്നീ രണ്ടു വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ഭരണകൂടത്തിന് അവസരം നല്‍കുന്നു എന്നതാണ്. ജസ്റ്റിസ് പുട്ടസ്വാമി കേസില്‍ (2017) പരമോന്നത നീതിപീഠം ഉദ്‌ഘോഷിച്ച സ്വകാര്യതക്കുള്ള അവകാശം ഇത് ലംഘിക്കുന്നുണ്ട്.  
ജോണ്‍ ലോക്കിലേക്കും ഹെന്റി ഡേവിഡ് തോറോയിലേക്കും തോമസ് ജെഫേഴ്‌സോണിലേക്കും ഒക്കെ ചേര്‍ത്തുപറയുന്ന ഒരു പ്രസ്തവാനയുണ്ട്: 'ഏറ്റവും കുറച്ച് ഭരിക്കുന്ന ഭരണകൂടമാണ് ഏറ്റവും നല്ല ഭരണകൂടം'. അമേരിക്കന്‍ വിപ്ലവത്തിന്റെ താത്വികാചാര്യന്മാരില്‍ ഒരാളായ തോമസ് പെയ്ന്‍ പറഞ്ഞത് രാഷ്ട്രം ഒരു അനിവാര്യമായ തിന്മ മാത്രമാണ് എന്നാണ്. ഇതെല്ലാം വ്യക്തിയുടെ സ്വയംനിര്‍ണയത്തിനുള്ള അവകാശത്തിനു അടിവരയിടുന്നതാണ്. വിവാഹം വ്യക്തിയുടെ വൈകാരികവും ശാരീരികവും സാമൂഹ്യവുമായ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഉപാധിയാണ്. അതില്‍ ഭരണകൂടവും സമൂഹവും അതിരുവിട്ടു കൈകടത്തുന്നതിന് ഒരു ന്യായികരണവുമില്ല. 'അടിമത്തത്തിലേക്കുള്ള വഴി, നല്ല ഉദ്ദേശങ്ങള്‍കൊണ്ട് നിര്‍മിതമാണ് 'എന്നാണ് ഓസ്ട്രിയന്‍ - ബ്രിട്ടിഷ് രാഷ്ട്രമീമാംസകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഫ്രഡറിക് വോന്‍ ഹയേക്ക്, തന്റെ 'ദി റോഡ് ടു സെര്‍ഫ്ഡം' എന്ന കൃതിയില്‍ നിരീക്ഷിച്ചത്. മതം, വിവാഹം തുടങ്ങിയ വൈയക്തിക വ്യവഹാരങ്ങളില്‍ ഭരണകൂടം എത്ര നല്ല ഉദ്ദേശത്തോടെ ഇടപെട്ടാലും അത് ആത്യന്തികമായി സമഗ്രാധിപത്യ രാഷ്ട്രീയ  വ്യവസ്ഥയിലേക്കുള്ള വഴി തുറക്കും.
ഒരാള്‍ മതം മാറുന്നതിന്റെ ഉദ്ദേശശുദ്ധി കോടതിക്ക് കണ്ടെത്താനാവില്ല എന്നതാണ് യാഥാര്‍ഥ്യം. 1938ല്‍ രസകരമായ ഒരു കേസ് ഉണ്ടായി. രേഷാം ബീബി ഃ ഖുദാ ബാക്‌സ് എന്ന കേസില്‍ ലാഹോറിലെ ഒരു സ്ത്രീ തന്റെ അസന്തുഷ്ടി നിറഞ്ഞ വിവാഹം അവസാനിപ്പിച്ചു കിട്ടാന്‍ താന്‍ ഇസ്‌ലാം മതം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു. താന്‍ മതം മാറിയതിനാല്‍ മുസ്‌ലിം വിവാഹം റദ്ദ് ചെയ്ത് തരണമെന്ന് കോടതില്‍ അപേക്ഷ സമര്‍പ്പിച്ചു. മതംമാറ്റം അകൃത്രിമമാണോ എന്നറിയാന്‍ കോടതി, ഒരു തളികയില്‍ പന്നിയിറച്ചി കൊണ്ടുവരാന്‍ കല്‍പിച്ചു. അത് ഭക്ഷിക്കാന്‍ പരാതിക്കാരിയോട് കല്‍പിച്ചു. എന്നാല്‍, പന്നിയിറച്ചി കഴിക്കാന്‍ പരാതിക്കാരി തയാറായില്ല. അതിനാല്‍ മതം മാറ്റം അവ്യാജമല്ല എന്ന് കോടതി വിധിച്ചു! എന്നാല്‍, അപ്പീലില്‍ മതം മാറ്റത്തിന്റെ ഉദ്ദേശശുദ്ധി കോടതിക്ക് അളന്ന് തിട്ടപ്പെടുത്താനാവില്ലായെന്ന് ലാഹോര്‍ ഹൈക്കോടതി വിധിച്ചു. മതം മാറ്റത്തിന്റെ ലക്ഷ്യം നിയമത്തെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ് എന്നും ജസ്റ്റിസ് ദിന്‍ മുഹമ്മദ് ഈ കേസില്‍ വിധിക്കുകയുണ്ടായി. ഇതാണ് ശരിയായ നിലപാട്.  
 
ഒബെര്‍ഗെഫെല്‍ ഃ ഹോഡ്ജ്‌സ് (2015) കേസില്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത നല്‍കി അമേരിക്കന്‍ സുപ്രിംകോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയില്‍ ജസ്റ്റിസ് അന്തോണി എം. കെന്നഡി ഇങ്ങനെ നിരീക്ഷിക്കുകയുണ്ടായി: 'വിവാഹത്തെ സംബന്ധിച്ച വ്യക്തിപരമായ തെരഞ്ഞെടുപ്പിനുള്ള അവകാശം, വ്യക്തിയുടെ സ്വയം ഭരണത്തിന്റെ നൈസര്‍ഗികമായ ഭാഗമാണ്... വിവാഹത്തെ പോലെ ശക്തമായ മറ്റൊരു ബന്ധമില്ല; കാരണം അത് സ്‌നേഹം, വിശ്വാസ്യത, അര്‍പ്പണബോധം, ത്യാഗം, കുടുംബം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. വിവാഹത്തിലൂടെ രണ്ടു വ്യക്തികള്‍ അവര്‍ മുന്‍പ് ആയിരുന്നതിനേക്കാള്‍ വലിയ വിതാനത്തിലേക്ക് എത്തുന്നു. അവരുടെ സ്‌നേഹബന്ധം മരണത്തെ പോലും അതിജീവിക്കുന്നു. അത് നാഗരികതയുടെ ഏറ്റവും പുരാതനമായ സ്ഥാപനങ്ങളില്‍ ഒന്നാണ്''. അമേരിക്കന്‍ സുപ്രിംകോടതി ഈ കേസില്‍ വിവാഹം എന്നത് വ്യക്തിയുടെ സ്വയം നിര്‍ണയത്തിന്റെ പ്രതിഫലനമാണ് എന്നും അതില്‍ സമൂഹവും രാഷ്ട്രവും ഇടപെടുന്നത് അഭിലഷണീയമല്ലായെന്നുമുള്ള നയമാണ് സ്വീകരിച്ചത്. ഇത് പരിഷ്‌കൃത ലോകത്തിന് അനുയോജ്യമായ നിലപാടാണ്.
വിവാഹത്തെയും ദാമ്പത്യത്തേയും കുറിച്ചുള്ള ഏറ്റവും മനോഹരമായ കവിതകള്‍ മലയാളത്തില്‍ എഴുതിയിട്ടുള്ളത്  കവി വൈലോപ്പിള്ളി ശ്രീധരമേനോനാണ്. 'ഉജ്വല മുഹൂര്‍ത്തം' എന്ന കവിതയില്‍,  തന്റെ മക്കളുടെ കതിര്‍മണ്ഡപത്തില്‍ പുളകംകൊണ്ടു നില്‍ക്കുന്ന അമ്മയായി ഭൂമിയെ തന്നെ കവി അവതരിപ്പിക്കുന്നുണ്ട്: 
 'ചെറുമീന്‍ ഇണക്കായി സാഗരം തീര്‍പ്പൂ മാതാവ് 
ഇരു പൂവിനു വേണ്ടി വസന്തം ചമയ്ക്കുന്നു; 
പുഴുവെ പൂമ്പാറ്റയായ് ഉടുപ്പിക്കുന്നു; മാനിന്‍ 
വഴിയെ തിരുമണ കസ്തൂരി മണം ചേര്‍പ്പൂ'
 ഒരു വൃദ്ധദമ്പതിമാര്‍ തങ്ങളുടെ യൗവന ദാമ്പത്യം ഒരു തിരുവാതിര രാവില്‍ അയവിറക്കുന്നതായി കവി 'ഊഞ്ഞാലില്‍' എന്ന കവിതയില്‍ ചിത്രീകരിക്കുന്നുണ്ട്. ഈ കവിതയില്‍ കവി ഇങ്ങനെ ചോദിക്കുന്നു:
 
'മാവുകള്‍ പൂക്കും, മാനത്തമ്പിളി വികസിക്കും,
മാനുഷര്‍ പരസ്പരം സ്‌നേഹിക്കും, വിഹരിക്കും
 ഉയിരിന്‍ കൊലക്കുടുക്കാക്കാവും കയറിനെ, യുഴിഞ്ഞാലാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞതല്ലേ ജയം?'
വിവാഹവും ദാമ്പത്യവും ജീവിതത്തില്‍ ഹര്‍ഷോജ്വലമായി ആടിത്തീര്‍ക്കേണ്ട ഊഞ്ഞാലാണ്. അതിനെ കൊലക്കയറാക്കാതിരിക്കാനുള്ള കടമ, സമൂഹത്തിനും ഭരണകൂടത്തിനും നീതിപീഠത്തിനുമുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2033-ഓടെ ട്രാവൽ ആൻഡ് ടൂറിസം, ട്രേഡ്, ലോജിസ്റ്റിക്സ് മേഖലകളിൽ 30 യൂണികോണുകൾ സൃഷ്ടിക്കാനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-16-10-2024

PSC/UPSC
  •  2 months ago
No Image

കളിമാറ്റുമോ സിപിഎം?; പാലക്കാട്  സരിനെ സ്ഥാനാര്‍ഥിയാക്കണമെന്ന്  ജില്ല സെക്രട്ടറിയേറ്റ് തീരുമാനം

Kerala
  •  2 months ago
No Image

കോവിഡ് സമയത്ത് യുഎഇയിൽ പിറവിയെടുത്ത സ്റ്റാർട്ടപ്പുകളുടെ വിജയ ​ഗാഥ

uae
  •  2 months ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ശനിയാഴ്ചയും സര്‍വീസ് നടത്താനൊരുങ്ങി കൊല്ലം-എറണാകുളം മെമു ട്രെയിന്‍ 

Kerala
  •  2 months ago
No Image

ബിഹാറില്‍ വീണ്ടും വ്യാജമദ്യ ദുരന്തം; ആറ് പേര്‍ മരിച്ചു; 14 പേര്‍ ചികിത്സയില്‍

National
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന്റെ 10 സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ 

Kerala
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനുകളുടെ യാത്രാസമയം പ്രഖ്യാപിച്ചു; അബൂദബിയിൽ നിന്ന് ഇനി 57 മിനുട്ടിൽ ദുബൈയിലെത്താം

uae
  •  2 months ago
No Image

മുണ്ടക്കൈ ദുരന്തം; സംസ്‌കാരച്ചെലവിന്റെ യഥാര്‍ഥ കണക്കുകള്‍ നിയമസഭയില്‍

Kerala
  •  2 months ago
No Image

നവീന്‍ കൈക്കൂലിക്കാരനായിരുന്നില്ല; ഏത് കാര്യവും വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ പറ്റിയ ഉദ്യോഗസ്ഥന്‍; മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago