വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ
ദുബൈ:വിദ്യാർഥികൾക്ക് ദുബൈ ആർ.ടി.എയുടെ പൊതുഗതാഗത സംവിധാനങ്ങളിൽ 50% നിരക്കിളവ് ലഭ്യമാക്കുന്ന പ്രത്യേക നോൽ കാർഡ് പാക്കേജ് പ്രഖ്യാപിച്ചു. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ജൈറ്റെക്സ് ഗ്ലോബലിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. അന്തർദേശീയ വിദ്യാർഥി തിരിച്ചറിയൽ കാർഡ് അസോസിയേഷനുമായി സഹകരിച്ചാണ് നോൽ കാർഡ് പുറത്തിറക്കിയത്. യു.എ.ഇയിലെ, പ്രത്യേകിച്ച് ദുബൈ കേന്ദ്രീകരിച്ചുള്ള സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കാർഡ് ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് ആർ.ടി.എ നൽകുന്ന നിരക്കിളവിന് പുറമെ, രാജ്യത്തിനകത്തെയും പുറത്തെയും പ്രാദേശിക, അന്തർദേശീയ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ വാങ്ങുമ്പോൾ വിലയിൽ 70% വരെ ഇളവും ലഭിക്കും. യു.എ.ഇയിലെ റീടെയ്ൽ വ്യാപാരത്തിനും ഈ കാർഡ് ഉപയോഗിക്കാം. അതോടൊപ്പം, നോൽ കാർഡുമായി ബന്ധിപ്പിച്ച അന്തർദേശീയ വിദ്യാർഥി തിരിച്ചറിയൽ കാർഡും ലഭിക്കും. നോൽ പേ ആപ്പ് വഴി അപേക്ഷിച്ചാൽ കാർഡ് വിലാസത്തിൽ ലഭിക്കും.
ദുബൈ മെ ട്രോ, ട്രാം, ബസ്, മറൈൻ ട്രാൻസ്പോർട് എന്നിവ ഉപയോഗിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.ഈ വർഷം അവസാനത്തോടെ പരിഷ്കരിച്ച സ്റ്റുഡന്റ് നോൽ കാർഡ് പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിൽ മാതാപിതാക്കൾക്ക് കുട്ടികളുടെ നോൽ കാർഡ് അക്കൗണ്ട് കൈകാര്യം ചെയ്യാനും ടോപ്- അപ്പ് ചെയ്യാനും ഉപയോഗം നിയന്ത്രിക്കാനും സാധിക്കുന്ന സൗകര്യങ്ങൾ ഉണ്ടാകും. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന മിഡിലീസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ട്രാൻസ്പോർട് കോൺഗ്രസ് ആൻഡ് എക്സിബിഷനിൽ ഇതുമായി ബന്ധപ്പെട്ട കരാറിൽ ദുബൈ ആർ.ടി.എയും അന്തർദേശീയ വിദ്യാർത്ഥി തിരിച്ചറിയൽ കാർഡ് അസോസിയേഷനും ഒപ്പുവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."