കൃഷി ചെയ്യാന്‍ പരോള്‍ അനുവദിക്കണം: ബലാത്സംഗക്കേസില്‍ ജയിലിലുള്ള ഗുര്‍മീത് റാം റഹിമിന്റെ അപേക്ഷ
രോത്തഗ്: പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജയിലിലുള്ള ദേരാ സച്ഛാ സൗദ മേധാവി ഗുര്‍മീത് റാം റഹിം. കൃഷി ചെയ്യാന്‍ വേണ്ടി പരോള്‍ വേണമെന്നാണ് ഗുര്‍മീതിന്റെ അപേക്ഷ.
രണ്ട് ബലാത്സംഗക്കേസുകളിലും മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിലും ശിക്ഷിക്കപ്പെട്ട് രോത്തഗിലെ സുനാരിയ ജയിലില്‍ കഴിയുകയാണ് 51 കാരനായ ഗുര്‍മീത്.
42 ദിവസത്തെ പരോളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ ജയില്‍ സൂപ്രണ്ട് സിര്‍സ ജില്ലാ ഭരണകൂടത്തിന് കൈമാറി. അപേക്ഷയില്‍ തുടര്‍നടപടി സ്വീകരിച്ച ഭരണകൂടം, ഗുര്‍മീതിന് പരോള്‍ നല്കാന് പറ്റുമോ ഇല്ലേയെന്ന മറുപടിക്കത്ത് അയച്ചിരിക്കുകയാണ്.
ജയിലില്‍ നല്ലപോലെയാണ് ഗുര്‍മീത് പെരുമാറുന്നതെന്നും പ്രശ്നങ്ങളൊന്നുമുണ്ടാക്കിയിട്ടില്ലെന്നും നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പരോള്‍ അപേക്ഷ കിട്ടിയതിനു പിന്നാലെ, ഗുര്‍മീതിന് എത്ര ഭൂമിയുണ്ടെന്ന് റെവന്യു വകുപ്പില്‍ അന്വേഷിച്ചിരിക്കുകയാണ് സിര്‍സ പൊലിസ്. ഇതിന്റെ മറുപടി ലഭിക്കാനിരിക്കുന്നതേയുള്ളൂവെന്ന് സിര്‍സ ഡെപ്യൂട്ടി എസ്.പി രാജേഷ് കുമാര്‍ പറഞ്ഞു.
2017 ലാണ് ഗുര്‍മീത് റാം റഹിമിനെതിരെ ശിക്ഷാ വിധിയുണ്ടാവുന്നത്. 20 വര്‍ഷത്തെ ജയില്‍വാസമാണ് ശിക്ഷ. കൂടാതെ, കഴിഞ്ഞ ജനുവരിയില്‍ പഞ്ച്കുളയിലെ സി.ബി.ഐ പ്രത്യേക കോടതി മൂന്നു വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. 16 വര്‍ഷം മുന്‍പ് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിലാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."