'വിദ്വേഷ പോസ്റ്റുകള്‍ നീക്കം ചെയ്യാതെ രാഷ്ട്രീയ പാര്‍ട്ടികളെ സഹായിച്ചു' - ഫേസ്ബുക്കിനെതിരെ ഗുരുതര വെളിപെടുത്തലുമായി മുന്‍ ജീവനക്കാരന്‍
ന്യൂഡല്‍ഹി:ഫേസ് ബുക്കിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാരന്‍. വിദ്വേഷ പോസ്റ്റുകള്‍ നീക്കം ചെയ്യാതെ രാഷ്ട്രീയ പാര്‍ട്ടികളെ സഹായിച്ചു എന്നാണ് വെളിപെടുത്തല്‍. സ്ട്രാറ്റജിക് മാനേജരായിരുന്ന മാര്‍ക്ക് എസ് ലുക്കി ഡല്‍ഹി നിയമസഭാ സമിതിക്കു മുന്നില്‍ മൊഴി നല്‍കിയതാണ് ഇക്കാര്യം.
മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഉള്‍പെടെയുള്ളവരുടെ സമ്മതത്തോടെയാണ് പോസ്റ്റുകള്‍ നിലനിര്‍ത്തിയതെന്നും അദ്ദേഹം ആരോപിക്കുന്നു.
ഡല്‍ഹി വംശഹത്യ, രോഹിങ്ക്യന്‍ വംശഹത്യ, ശ്രീലങ്കന്‍ കലാപം തുടങ്ങിയവ സംബന്ധിച്ച് ഫേസ്ബുക്കിലൂടെ പ്രചരിച്ച വിദ്വേഷ പോസ്റ്റുകളില്‍ നിന്ന് ഫേസ്ബുക്ക് ലാഭമുണ്ടാക്കിയെന്നാണ് ലൂക്കി പറയുന്നത്. നിര്‍ഭാഗ്യവശാല്‍, വിദ്വേഷപരവും ഭിന്നിപ്പിക്കുന്നതുമായ ഉള്ളടക്കത്തിന് മിക്കപ്പോഴും ഏറ്റവും കൂടുതല്‍ ഷെയറും, ലൈക്കും കമന്റുകളും കിട്ടാറുണ്ട് എന്നതുകൊണ്ടുതന്നെ വിദ്വേഷ ഉള്ളടക്കമുള്ള പോസ്റ്റിന് റീച്ച് നല്‍കുന്നതിലൂടെ ഫേസ്ബുക്ക് ലാഭമുണ്ടാക്കുകയായിരുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.
സമൂഹത്തിനെ ഭിന്നതയിലേക്ക് നയിച്ച് കമ്പനി തെറ്റായ തൊഴില്‍ സമ്പ്രദായമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് 2018 നവംബറിലാണ് ലൂക്കി ഫേസ് ബുക്ക് വിടുന്നത്.
ഫേസ്ബുക്കിന്റെ ബി.ജെ.പി അനുകൂല നിലപാടുമായി ബന്ധപ്പെട്ട് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ ഫേസ്ബുക്കിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ബി.ജെ.പി നേതാവിനെതിരെ നടപടിയെടുക്കുന്നതിനെതിരെ അന്ന് ഫേസ്ബുക്കിന്റെ പോളിസി ഹെഡ് ആയിരുന്ന അങ്കി ദാസ് ഉപദേശിച്ചതായിട്ടായിരുന്നു വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന റിപ്പോര്‍ട്ട്.
ബി.ജെ.പി നേതാവ് ടി രാജ സിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങള്‍ തിരുത്തിയതായും കണ്ടെത്തി.
ഇന്ത്യയിലെ ഫേസ്ബുക്ക് പക്ഷപാതിത്വത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്വേഷ പ്രസംഗത്തിനെതിരെയുള്ള ഫേസ്ബുക്കിന്റെ നയങ്ങളെ അവഗണിച്ച് കൊണ്ട് മുസ്‌ലിം വിരുദ്ധത പറയാന്‍ ഫേസ്ബുക്കില്‍ അനുവദിക്കുന്നുണ്ടെന്നന്നുമുള്ള ടൈംസ് മാഗസിന്റെ റിപ്പോര്‍ട്ടും ഫേസ്ബുക്കിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരുന്നു.
ഫേസ്ബുക്കിനെതിരെയുള്ള ആരോപണം പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് ശശി തരൂര്‍ അധ്യക്ഷനായ ഐ.ടി പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."