ഇടയ പീഡനം: അറസ്റ്റ് നടക്കാത്തതില്‍ നിരാശയോടെ കന്യാസ്ത്രീകള്‍
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം പതിനാലാം ദിവസത്തിലേക്ക് കടന്നു. ബിഷപ്പിനെ ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്ന് നീക്കിയ വാര്‍ത്തകള്‍ സന്തോഷവും കണ്ണീരും സമ്മാനിച്ചപ്പോള്‍ അറസ്റ്റുണ്ടാകില്ലെന്ന അറിയിപ്പ് രോഷത്തിനും നിരാശയ്ക്കും വഴിവച്ചു. അറസ്റ്റ് ചെയ്യാത്ത നടപടിക്കെതിരേ സ്ത്രീകളുടെ നേതൃത്വത്തില്‍ സമരവേദിക്കരികില്‍ പന്തം കൊളുത്തി പ്രതിഷേധിച്ചു. ഇന്ന് നിരാഹാരസമരവുമായി അഞ്ച് സ്ത്രീകള്‍ സമരപ്പന്തലിലുണ്ടാകുമെന്നും സമരസമിതി അറിയിച്ചു. ബിഷപ്പ് രണ്ടാം ദിനവും ചോദ്യം ചെയ്യലിന് ഹാജരായ വാര്‍ത്തയാണ് സമരവേദിയെ ഇന്നലെ ഉണര്‍ത്തിയത്. പിന്നീട് ആകാംക്ഷയുടെ നിമിഷങ്ങള്‍. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യില്ലെന്ന് ആദ്യം പൊലിസ് നിലപാട് സ്വീകരിച്ചിരുന്നതിനാല്‍ ഏറെ പ്രതീക്ഷയില്ലാതെയാണ് കന്യാസ്ത്രീകള്‍ സമരത്തിനെത്തിയത്. എന്നാല്‍, 3.30ഓടെ അറസ്റ്റുണ്ടാകുമെന്ന് ചില പൊലിസ് വൃത്തങ്ങള്‍ സമരസമിതി പ്രവര്‍ത്തകരെ അറിയിച്ചതോടെ പിന്നീട് പ്രതീക്ഷയുടെ നിമിഷങ്ങളായി. ഇതിനിടയില്‍ വത്തിക്കാന്‍ ഇടപെട്ട് ഔദ്യോഗിക ചുമതലകളില്‍നിന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നീക്കിയ വാര്‍ത്താ മാധ്യമപ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെയും സേവ് അവര്‍ സിസ്റ്റേഴ്‌സ് സമരസമിതി പ്രവര്‍ത്തകരെയും അറിയിച്ചു. കൈയടികളോടെയാണ് സദസ് ഇക്കാര്യം സ്വീകരിച്ചത്.
നീതി ലഭിക്കുമെന്ന പ്രതീക്ഷകള്‍ നിറകണ്ണുകളോടെയാണ് സിസ്റ്റര്‍ അനുപമ മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവച്ചത്. ഒടുവില്‍ സമരവേദിയിലെ കാത്തിരിപ്പുകള്‍ അവസാനിപ്പിച്ച് കന്യാസ്ത്രീകള്‍ മഠത്തിലേക്ക് മടങ്ങി. മൂന്ന് ദിവസമായി സമരവേദിയില്‍ എഴുത്തുകാരി പി. ഗീത നടത്തുന്ന നിരാഹാര സമരം ഇന്നലെയും തുടര്‍ന്നു. വി.എസ് അച്യുതാനന്ദന്റെ സെക്രട്ടറിയായിരുന്ന ഷാജഹാന്‍, എഴുത്തുകാരനായ സി.ആര്‍ പരമേശ്വരന്‍, സി.മധുസൂദനന്‍, കെ.കെ രമ, കിളിരൂര്‍ പെണ്‍കുട്ടിയുടെ പിതാവ് കെ. സുരേന്ദ്രന്‍, കൊല്ലം സ്വദേശിനി സുധ സോളമന്‍, മാനന്തവാടിയില്‍ നിന്നെത്തിയ സിസ്റ്റര്‍ ലൂസി തുടങ്ങിയവര്‍ പിന്തുണ പ്രഖ്യാപിച്ച് സംസാരിച്ചു.
സഭക്കെതിരേയുള്ള സമരമാണെന്ന് ആരോപിച്ച് കോട്ടയം സ്വദേശി ജേക്കബ് സമരവേദിയില്‍ പ്രതിഷേധവുമായെത്തിയത് നേരിയ സംഘര്‍ഷത്തിന് വഴിവച്ചു. പിന്നീട് പൊലിസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."