റെക്കോര്‍ഡുകളില്‍ നീന്തിതുടിച്ചു ശ്രീഹരി
തിരുവനന്തപുരം: ദേശീയ റെക്കോര്‍ഡുകളുടെ തിരമാലകള്‍ തീര്‍ത്തു രാജ്യാന്തരതാരം ശ്രീഹരിയുടെ മെഡല്‍വേട്ട. ദേശീയ അക്വാട്ടിക് ചാംപ്യന്‍ഷിപ്പില്‍ പിരപ്പന്‍കോട് രാജ്യാന്തര അക്വാട്ടിക് സെന്ററിലെ നീന്തല്‍കുളം ഇന്നലെ അടക്കിവാണത് ശ്രീഹരി നടരാജന്‍ എന്ന പതിനേഴുകാരനായിരുന്നു. പുരുഷന്‍മാരുടെ 50 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കിലാണ് കര്‍ണാടകയുടെ ശ്രീഹരി നടരാജന്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്.
രാവിലെ നടന്ന ഹീറ്റ്‌സില്‍ തന്റെ പഴയ റെക്കോര്‍ഡായ 26.58 സെക്കന്റ് സമയം 26.55 ആയി ശ്രീഹരി തിരുത്തിയിരുന്നു. വൈകിട്ട് നടന്ന ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശ്രീഹരി ദേശീയ റെക്കോര്‍ഡ് 26.18 ആയി വീണ്ടും തിരുത്തിയാണ് സ്വര്‍ണ കുതിപ്പ് നടത്തിയത്. ഇതോടെ ചൈനയില്‍ നടക്കുന്ന രാജ്യാന്തര ഷോട്ട്‌കോഴ്‌സ് നീന്തല്‍ ചാംപ്യന്‍ഷിപ്പിന് ശ്രീഹരി യോഗ്യത നേടി. സര്‍വീസസിന്റെ മലയാളിതാരം പി.എസ് മധു 26.69 സെക്കന്റില്‍ വെള്ളിയും ഹരിയാനയുടെ വേദാന്ത് സേത്ത് (27.32) വെങ്കലവും നേടി. ലോകോത്തര താരങ്ങളോട് പോരാടി മത്സര പരിചയവും അനുഭവസമ്പത്തും നേടണം. 2020 ലെ ടോക്യോ ഒളിംപിക്‌സില്‍ ഫൈനലില്‍ എത്തണം. 2024 ല്‍ പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി മെഡല്‍ നീന്തിയെടുക്കണം. മത്സരശേഷം ശ്രീഹരി നീന്തല്‍കുളത്തിലെ തന്റെ സ്വപ്നങ്ങളെ കുറിച്ച് സുപ്രഭാതത്തോട് പ്രതികരിച്ചു. രണ്ടര വയസില്‍ ഓളപ്പരപ്പില്‍ കൈകാലിട്ടടിച്ചു തുടങ്ങിയ കര്‍ണാടക മധുഗരേ സ്വദേശിയായ ശ്രീഹരി നടരാജന്‍ സ്വപ്നവും ലക്ഷ്യവും പതിനഞ്ച് വര്‍ഷമായി ഒളിംപിക്‌സ് മെഡല്‍ മാത്രമാണ്. ഒക്ടോബര്‍ ആറ് മുതല്‍ 18 വരെ അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ നടക്കുന്ന യൂത്ത് ഒളിംപിക്‌സിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. തന്റെ ഒളിംപിക്‌സ് ലക്ഷ്യത്തിലേക്കുള്ള ചുവടുവെയ്പ്പിന്റെ ആദ്യനീക്കമായാണ് യൂത്ത് ഒളിംപിക്‌സിനെ കാണുന്നത്. ദേശീയതാരമായ ജേഷ്ഠന്‍ ബാലാജിയുടെ കൈപിടിച്ചാണ് ശ്രീഹരി നീന്തല്‍ കുളത്തിലേക്ക് എത്തുന്നത്. 50, 100, 200 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് ഇനങ്ങളാണ് ശ്രീഹരിയുടെ ഫേവറിറ്റ്. ഏഷ്യന്‍ഗെയിംസില്‍ ഈ മൂന്നിനങ്ങളിലും ശ്രീഹരി ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. ഒളിംപിക്‌സ് മെഡല്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള ലക്ഷ്യത്തിലേക്ക് എത്താന്‍ എന്ത് കഠിനധ്വാനം ചെയ്യാനും ശ്രീഹരി തയ്യാറാണ്. ലോക ചാംപ്യന്‍ഷിപ്പുകളിലേക്ക് യോഗ്യത നേടണം.
ലോകവേദകളില്‍ കൂടുതല്‍ മത്സരങ്ങളില്‍ പങ്കാളിയാകണം. യൂത്ത് ഒളിംപിക്‌സില്‍ മെഡല്‍ വേട്ട നടത്തി 2020 ലെ ഒളിംപിക്‌സ് ലക്ഷ്യത്തിലേക്ക് നീന്തി തുടങ്ങുമെന്ന ആത്മവിശ്വാസം ശ്രീഹരി പ്രകടിപ്പിച്ചു. അടുത്ത കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകളില്‍ മെഡലും മികച്ച പ്രകടനവും പുറത്തെടുക്കണം. ഏഷ്യന്‍ ഗെയിംസില്‍ ശ്രീഹരിയുടെ പ്രകടനം കണ്ട് കൊറിയന്‍ പരിശീലകന്‍ കൊറിയയിലേക്ക് ക്ഷണിച്ചിരുന്നു.
എന്നാല്‍, സ്വാതന്ത്ര്യത്തോടെ പരിശീലനം തുടരാന്‍ പരിശീലകനായ കണ്ണൂര്‍ സ്വദേശി ജയരാജന്റെ കീഴില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ലോകതാരങ്ങള്‍ക്കൊപ്പം നീന്തി കൂടുതല്‍ മത്സര പരിചയവും അനുഭവ സമ്പത്തും നേടുക എന്നതാണ് ശ്രീഹരിയുടെ ലക്ഷ്യം. ബംഗളൂരു സിമ്മിങ് റിസര്‍ച്ച് സെന്ററിലാണ് പരിശീലനം. ഇന്ത്യയിലെ പ്രശ്‌നം മികച്ച സ്റ്റാര്‍ട്ടിങ് ബ്ലോക്കുകള്‍ ഇല്ലെന്നതാണെന്ന് ശ്രീഹരി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."