സഊദി അരാംകോ ജിസാൻ എണ്ണവിതരണ സംവിധാനത്തിൽ തീപിടുത്തം; ആളപായമില്ല
റിയാദ്: സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോയുടെ ജിസാനിൽ എണ്ണശുചീകരണ പ്ലാന്റിൽ തീപിടുത്തം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും തീ നിയന്ത്രണ വിധേയമായെന്നും സഊദി ഊർജ്ജ മന്ത്രാലയം പറഞ്ഞു. എണ്ണശുചീകരണ പ്ലാന്റിലെ എണ്ണയുൽപാദക ടെർമിനലിലെ പ്ലാറ്റ്‌ഫോമിലെ ഫ്ലോട്ടിംഗ് ഹോസുകളിൽ തീ പടന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യ സേന ബുധനാഴ്ച്ച തെക്കൻ ചെങ്കടലിൽ ആയുധങ്ങൾ നിറച്ച ഹൂതികളുടെ രണ്ടു ബോട്ടുകൾ കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്‌തതിന് പിന്നാലെയാണ് അരാംകോ എണ്ണ സംവിധാനത്തിൽ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ബുധനാഴ്ച്ച സംഭവം ഇന്നാണ് അധികൃതർ പുറത്ത് വിട്ടത്.
സുപ്രധാന സംവിധാനങ്ങൾക്കെതിരായ ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾ രാജ്യത്തെ മാത്രം ലക്ഷ്യം വെക്കുന്നതല്ലെന്നും എണ്ണ കയറ്റുമതിയുടെ സുരക്ഷ, ആഗോള ഊർജ്ജ വിതരണത്തിന്റെ സ്ഥിരത, അന്താരാഷ്ട്ര വ്യാപാര സ്വാതന്ത്ര്യം, ആഗോള സമ്പദ്‌വ്യവസ്ഥ എന്നിവയെയും ലക്ഷ്യമാക്കിയുള്ളതാണെന്നും ഊർജ്ജ മന്ത്രാലയം പുറത്ത് വിട്ട പ്രസ്‌താവനയിൽ മുന്നറിയിപ്പ് നൽകി. സഊദി അറേബ്യയുടെ തെക്കൻ നഗരമായ ജസാനിലെ എണ്ണ ശുചീകരണ കേന്ദ്രങ്ങൾ നേരത്തെയും ഹൂതികൾ ലക്ഷ്യമിട്ടിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ആയുധങ്ങൾ നിറച്ച ഡ്രോണുകളുമായി സഊദിക്കെതിരെ അഞ്ചു തവണ ആക്രമണ ശ്രമം നടന്നുവെന്നും എന്നാൽ, ഇതെല്ലാം തകർക്കാൻ കഴിഞ്ഞതായും അറബ് സഖ്യ സേന വെള്ളിയാഴ്ച അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."