'എനിക്കെന്റെ മക്കളെ ഒന്നു കാണണം; അവരെ കണ്ടുവേണം കണ്ണടക്കാന്‍...'
കോഴിക്കോട്: 'എനിക്കെന്റെ മക്കളെ ഒന്നു കാണണം, അവരെ കണ്ടുവേണം കണ്ണടക്കാന്‍, ഞാന്‍ ജീവിതകാലം മുഴുവന്‍ അവരെ മാത്രമാണു നോക്കിയത്, എന്നിട്ടും അവരെന്നെ ഇവിടെ ഉപേക്ഷിച്ചുപോയി, എന്നെ ആരെങ്കിലും മക്കളുടെ അടുത്തെത്തിക്കണം...' കോഴിക്കോട് ബീച്ച് ആശുപത്രിയിലെ മൂന്നാം വാര്‍ഡിലെ കട്ടിലില്‍ കിടന്നു വികലാംഗനായ കുമാരേട്ടന്‍ ഇതു പറയുമ്പോള്‍ കേള്‍ക്കുന്നവരുടെ ഉള്ളിലും നോവുനിറയും. ആ വാക്കുകളില്‍ ഒറ്റപ്പെടലിന്റെ നൊമ്പരം നിറയുന്നു.
പ്രതീക്ഷ അസ്ഥമിച്ച കണ്ണില്‍ നേരിയ നനവ്. കുമാരേട്ടന്റെ ഓര്‍മകള്‍ക്കു തീരെ മങ്ങലില്ല. എല്ലാം ഇന്നലെയെന്നപോലെ സുവ്യക്തം. ബീച്ച് ആശുപത്രിയില്‍ ഇന്നു കുമാരേട്ടന്‍ ഒറ്റയ്ക്കാണ്. കൂടെ നില്‍ക്കാനും വാര്‍ധക്യത്തിന്റെ അവശതയില്‍ താങ്ങായി മാറാനുമുള്ള മക്കളും ഭാര്യയും ഈ വഴിക്കുവന്നിട്ടേയില്ല. അവരെല്ലാം ജീവിച്ചിരിപ്പുണ്ടെങ്കിലും കുമാരനെ ഉപേക്ഷിച്ചിരിക്കുകയാണ്. 'തെരുവിലെ മക്കള്‍ ചാരിറ്റി' എന്ന സംഘടനയാണു കുമാരേട്ടന്‍ ഉള്‍പ്പെടെ കുടുംബം ഉപേക്ഷിച്ചുപോയ അനേകം പേര്‍ക്ക് ഈ ആശുപത്രിയില്‍ അഭയമായിട്ടുള്ളത്. നേരം തെറ്റാതെ മക്കളെപ്പോലെ അന്നം നല്‍കുന്നതും ഇവര്‍ തന്നെ.
വടകര വെള്ളികുളങ്ങര സ്വദേശിയാണു കുമാരന്‍. രണ്ടു മക്കളാണുള്ളത്, ജിനേഷും ജനിഷയും. കഴിഞ്ഞ ആറു മാസമായി തങ്ങളുടെ അച്ഛനെ ഒന്നു കാണാന്‍പോലും ഇവര്‍ വന്നിട്ടില്ല. ഒരു മാസമായി കാലു മുറിച്ചുമാറ്റിയ അവസ്ഥയില്‍ ബീച്ച് ആശുപത്രിയില്‍ കുമാരേട്ടന്‍ ഒറ്റക്കാണ്. പ്രമേഹമായിരുന്നു കാലു മുറിച്ചുമാറ്റുന്നതിലേക്ക് എത്തിച്ചത്. രോഗത്തിന്റെയും വാര്‍ധക്യത്തിന്റെയും അവശതകള്‍ക്കും വേദനകള്‍ക്കും ഇടയില്‍ ഈ മനുഷ്യനു നോവായി മാറുന്നതു മക്കളുടെ നിലപാടാണ്. അഞ്ചു മാസത്തോളം മെഡിക്കല്‍ കോളജിലായിരുന്നു. ഭാര്യ പുഷ്പയും ഭര്‍ത്താവിനെ തേടി ഇതുവരെ വന്നിട്ടില്ല. ഒരു ഫോണ്‍കോള്‍പോലും അവരില്‍നിന്ന് ഉണ്ടായിട്ടില്ല.
പ്രമേഹം നിയന്ത്രണാതീതമായി കാലിന് പഴുപ്പ് ബാധിച്ചപ്പോള്‍ ബന്ധുക്കള്‍ തന്നെയാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അവിടെ നിന്നാണ് കാലു മുറിച്ചുമാറ്റിയത്. തന്റെ അനുമതിയില്ലാതെയാണ് കാലു മുറിച്ചു മാറ്റിയതെന്നാണ് ഈ മനുഷ്യന്‍ പറയുന്നത്. ബന്ധുവാണ് കുമാരനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. എന്നാല്‍ ഷുഗര്‍ ഉള്ളതിനാല്‍ കാല് മുറിച്ചുമാറ്റുവാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. ശസ്ത്രക്രിയ നടന്ന ദിവസം ഭാര്യയും മകനും വന്നെങ്കിലും പിന്നീട് ആരും തന്നെ തിരിഞ്ഞ് നോക്കാത്തതിനാല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ബീച്ചാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം പ്രാഥമിക കാര്യങ്ങള്‍ക്കുപോലും പരസഹായം കൂടിയേതീരൂ. 'തെരുവിലെ മക്കള്‍ ചാരിറ്റി' സംഘടനയുടെ പരാതിയെത്തുടര്‍ന്ന് ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എം .പി ജയരാജ് ആശുപത്രിയില്‍ നേരിട്ടെത്തുകയായിരുന്നു. മതാപിതാക്കളെ ഉപേക്ഷിച്ചവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും മക്കള്‍ പതിനായിരം രൂപ വരെ മാസം ചെലവിനു നല്‍കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണിതെന്നും ജയരാജ് സുപ്രഭാതത്തോട് പറഞ്ഞു. കുമാരേട്ടനെ പോലെ ഇരുപതോളം പേര്‍ ഇവിടെ ഉപേക്ഷിക്കപ്പെട്ടവരായുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."