വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് വര്‍ധിക്കും
നെടുമ്പാശേരി: സ്വര്‍ണവിലയില്‍ വന്‍ കുതിപ്പുണ്ടായതോടെ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് വര്‍ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം കസ്റ്റംസിന് മുന്നറിയിപ്പ് നല്‍കി. ജാഗ്രതാ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ അഞ്ചു പേര്‍ നെടുമ്പാശേരിയില്‍ കുടുങ്ങിയത്. സാധാരണയായി രാജ്യത്ത് സ്വര്‍ണവില വര്‍ധിക്കുമ്പോഴാണ് അനധികൃത സ്വര്‍ണക്കടത്ത് വര്‍ധിക്കുന്നത്.
സ്വര്‍ണവില പവന് 25,000 രൂപ കടന്നതോടെ കള്ളക്കടത്ത് സംഘങ്ങള്‍ കൂടുതല്‍ സജീവമാകാന്‍ ഇടയുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിനു മുന്‍പ് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത്തരത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായത്. അക്കാലയളവിലും സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴി വന്‍തോതില്‍ സ്വര്‍ണം കടത്താന്‍ ശ്രമം നടന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രം നെടുമ്പാശേരി വിമാനത്താവളത്തില്‍ അഞ്ച് കിലോഗ്രാം സ്വര്‍ണമാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നത്. ഇത് കൂടാതെ വിവിധ യാത്രക്കാരില്‍ നിന്നായി അഞ്ചര കോടിയോളം രൂപ വിലവരുന്ന 16 കിലോഗ്രാം സ്വര്‍ണവും കസ്റ്റംസ് വിഭാഗം പിടികൂടിയിരുന്നു. ഈ കാലയളവില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലും അനധികൃതമായി കടത്താന്‍ ശ്രമിച്ച 14 കിലോഗ്രാമോളം സ്വര്‍ണമാണ് പിടികൂടിയിരുന്നത്. സാധാരണയായി ഒരു മാസത്തിനിടെ ഇത്ര വലിയ സ്വര്‍ണവേട്ട നടക്കുന്നത് അപൂര്‍വമാണ്. സമാനമായ സാഹചര്യമാണ് ഇപ്പോള്‍ വീണ്ടും ഉണ്ടായിരിക്കുന്നതെന്നാണ് കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങളുടെ വിലയിരുത്തല്‍.
സ്വര്‍ണക്കടത്തിനെക്കുറിച്ച് രഹസ്യവിവരം കിട്ടുന്നതോടെ ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗവും വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. ഇത്തരം സാഹചര്യങ്ങളില്‍ ജീവനക്കാരെ ഉപയോഗിച്ച് സുരക്ഷിതമായി പുറത്ത് കടത്താന്‍ ലക്ഷ്യമിട്ട് വിമാനത്തിലോ വിമാനത്താവളത്തിലെ ശുചിമുറികളിലോ ഒളിപ്പിക്കുന്ന സ്വര്‍ണം ഇത്തരം സംഘങ്ങളുടെ സഹായികളായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് യഥാസമയം പുറത്തെത്തിക്കാന്‍ കഴിയാതെ വരും. ഇതിനിടയില്‍ ഒളിപ്പിച്ചിരിക്കുന്ന സ്വര്‍ണം മറ്റ് ജീവനക്കാരുടെയോ കസ്റ്റംസ് ഉദ്യോഗസ്ഥരുടെയോ ശ്രദ്ധയില്‍പ്പെടുമ്പോഴാണ് പിടിയിലാകുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ വിപണികളില്‍ ഒന്നാണ് കേരളം. രാജ്യത്ത് സ്വര്‍ണവില വര്‍ധിക്കുന്ന സാഹചര്യങ്ങളില്‍ നടത്തുന്ന സ്വര്‍ണക്കടത്തില്‍ 10 ശതമാനം നികുതി തട്ടിച്ചെടുക്കാം എന്നതിനുപുറമെ രണ്ട് മുതല്‍ നാല് ശതമാനം വരെ അധിക ലാഭവും ലഭിക്കും. ഇതാണ് സ്വര്‍ണക്കടത്ത് കൂടുതല്‍ സജീവമാകാന്‍ ഇടയാക്കുന്നത്. സ്വര്‍ണക്കടത്ത് സജീവമാകുന്നതോടെ വിദേശത്തേക്ക് അനധികൃതമായി വിദേശ കറന്‍സികള്‍ കടത്തുന്നതും വന്‍ തോതില്‍ വര്‍ധിക്കാന്‍ ഇടയുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്ത് വിദേശത്തേക്ക് പോകുന്ന യാത്രക്കാരുടെ ലഗേജുകളും സൂക്ഷ്മ നിരീക്ഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."