കാര്‍ഡിയോളജിസ്റ്റിന്റെ സ്ഥലം മാറ്റം കാത്ത്‌ലാബിന്റെ പ്രവൃത്തി തടയാന്‍
മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജിസ്റ്റിനെ സ്ഥലം മാറ്റാന്‍ കാരണമായത് ഉന്നതങ്ങളിലെ ഇടപെടലെന്ന് വ്യക്തം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാത്ത്‌ലാബിന്റെ പ്രവൃത്തി തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തസ്തികയില്ലെന്ന് പറഞ്ഞ് കാര്‍ഡിയോളജിസ്റ്റിനെ പാലക്കാട് ജില്ലയിലേക്ക് മാറ്റിയിരിക്കുന്നത്.
സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ നല്‍കേണ്ട ചികിത്സയാണ് സൂപ്പര്‍ സ്‌പെഷാലിറ്റി വിഭാഗത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തുന്നത്. മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗ വിഭാഗം പ്രവര്‍ത്തിക്കുന്നതിനെതിരെ ആദ്യ ഘട്ടത്തില്‍ തന്നെ എതിര്‍പ്പുയര്‍ത്തിയ സ്വകാര്യ ലോബിയും ആശുപത്രിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളുമാണ് കാര്‍ഡിയോളജിസ്റ്റിന്റെ സ്ഥലം മാറ്റത്തിന് ചരടുവലിച്ചതെന്നാണ് വിവരം. കാത്ത്‌ലാബിന്റെ യന്ത്രങ്ങള്‍ ക്രമീകരിക്കാന്‍ കെ.എം.സി.എല്‍ അധികൃതര്‍ ചൊവ്വാഴ്ച രാവിലെ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ഇതോടെ കാത്ത്‌ലാബ് പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് കണ്ടാണ് തടയാനുള്ള തിരക്കിട്ട ശ്രമങ്ങള്‍ ഉണ്ടായത്.
കാര്‍ഡിയോളജിസ്റ്റിന്റെ തസ്തിക അനുവദിച്ചത് ജനറല്‍ ആശുപത്രിയിലേക്കാണെന്നും മെഡിക്കല്‍ കോളജ് ആയി ഉയര്‍ത്തിയതിനാല്‍ ഇവിടെ തുടരാന്‍ പാടില്ലെന്നും പറഞ്ഞ് തിരൂരിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം നേരത്തെ തന്നെ ഉണ്ടായിരുന്നതായി വിവരമുണ്ട്. നിലവില്‍ ഒരു കാര്‍ഡിയോളജിസ്റ്റുള്ള പാലക്കാട് ജില്ലാ ആശുപത്രിയിലേക്കാണ് മഞ്ചേരിയില്‍ നിന്ന് കാര്‍ഡിയോളജിസ്റ്റിനെ മാറ്റിയത്.
ഇതോടെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തുന്ന രോഗികള്‍ ദുരിതം പേറേണ്ട അവസ്ഥയാണ്. കാര്‍ഡിയോളജിസ്റ്റ് ഇല്ലാതായതോടെ ചികിത്സ തേടിയെത്തിയ രോഗികളെ ജനറല്‍ വിഭാഗത്തിലെ ഡോക്ടര്‍മാരാണ് പരിശോധിച്ചത്. കാര്‍ഡിയോളജിസ്റ്റിന്റെ അഭാവം മൂലം വിദഗ്ധ സേവനം ലഭിക്കേണ്ട രോഗികള്‍ വലിയ പ്രയാസമാണ് സഹിക്കേണ്ടി വരുന്നത്.
വിഷയവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിമായി സംസാരിച്ചതായും മെഡിക്കല്‍ കോളജിലേക്ക് മറ്റൊരു കാര്‍ഡിയോളജിസ്റ്റിനെ നിയമിക്കുമെന്ന ഉറപ്പ് ലഭിച്ചതായും അഡ്വ.എം.ഉമ്മര്‍ എം.എല്‍.എ പറത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."