വണ്‍ ഇന്ത്യാ വണ്‍ പെന്‍ഷനിലൂടെ വോട്ടു വീഴ്ത്താന്‍ സംഘ് പരിവാര്‍; ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി രംഗത്തിറങ്ങാന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പദ്ധതിയിലൂടെ വോട്ടു വീഴ്ത്താന്‍ സംഘ് പരിവാര്‍ രംഗത്ത്. പദ്ധതി സംഘ് പരിവാര്‍ സൃഷ്ടിയാണെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ സുപ്രഭാതത്തിനെതിരേ നിരന്തമായ ഭീഷണികളുയര്‍ന്നിരുന്നു.
എന്നാല്‍ വാര്‍ത്തയെ ശരിവെക്കുന്ന തരത്തിലാണ് കാര്യങ്ങളെന്ന് പിന്നീട് തെളിഞ്ഞു.
ഒരിക്കല്‍ കൂടി അവര്‍ തന്നെ അത് വ്യക്തമാക്കുകയാണ്.
വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സംസ്ഥാന കമ്മിറ്റിയുടേതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കക്കുന്നത്.
കേരളത്തില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരികയാണ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നല്‍കിയ ഉറപ്പ് പ്രകാരം നമ്മുടെ ആവശ്യമായ 10,000 രൂപ പെന്‍ഷന്‍ എന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പരിഗണിക്കും എന്നാണ് മനസിലാകുന്നത്. അതുകൊണ്ടുതന്നെ ഈ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പ്രവര്‍ത്തകര്‍ നിങ്ങളുടെ നാട്ടിലെ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി രംഗത്ത് ഇറങ്ങണമെന്നഭ്യര്‍ഥിക്കുന്നു. നമ്മളെ സഹായിക്കുന്നവരേ തിരിച്ചും സഹായിക്കാം. എന്നാണ് സന്ദേശത്തിലുള്ളത്.
സംഘ്പരിവാര്‍ ശക്തികളാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പദ്ധതിക്ക് പിന്നിലെന്ന് സുപ്രഭാതമാണ് ആദ്യം വിധിയെഴുതിയത്. അപ്പോള്‍ പുകമറ സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് വാദിച്ചവരാണ് അതേ വാദത്തെ ശരിവെച്ച് പ്രചാരണ ആയുധമാക്കി രംഗത്ത് വന്നിരിക്കുന്നത്.
അതേ സമയം വാര്‍ത്തയെ തുടര്‍ന്ന് വണ്‍ ഇന്ത്യാ വണ്‍ പെന്‍ഷന്‍ പദ്ധതിയുടെ സംസ്ഥാന കമ്മിറ്റിയില്‍ തന്നെ ഭിന്നതയുയര്‍ന്നിരുന്നു. രാഷ്ട്രീയമുഖം മറനീക്കി പുറത്തുവന്നതോടെ കൂട്ടായ്മയുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ഏറെപേര്‍ കൊഴിഞ്ഞുപോയി. അവര്‍ പരസ്യമായി നേതൃത്വത്തിനെതിരേ തന്നെ രംഗത്തു വന്നു കഴിഞ്ഞു.
ശേഷിക്കുന്നവര്‍ സംഘ്പരിവാര്‍ നിയന്ത്രണത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായി പ്രചാരണത്തിനിറങ്ങുകയാണ്. ബി.ജെ.പിക്ക് സ്വാധീനമുള്ള മേഖലയില്‍ പ്രവര്‍ത്തകര്‍ പ്രചാരണത്തിനിറങ്ങണമെന്നും പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത മേഖലയില്‍ വണ്‍ഇന്ത്യാ വണ്‍ പെന്‍ഷന്‍ പ്രവര്‍ത്തകരേ ബി.ജെ.പി പിന്തുണക്കുന്നതിനുമാണ് തീരുമാനം. എന്തായാലും ഇതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വണ്‍ ഇന്ത്യാ വണ്‍ പെന്‍ഷന്‍ പദ്ധതിയുടേതായി വന്ന സോഷ്യല്‍ മീഡിയ സന്ദേശം വ്യാജമാണെന്ന പ്രചാരണവും ചില കോണുകളില്‍ നിന്നുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."