ഹജ്ജ് 2019: ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂലൈ നാലിന്
മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജിനായി വിദേശ ഹാജിമാരുടെ ആദ്യ സംഘം അടുത്ത മാസം നാലിന് ജിദ്ദയില്‍ ഇറങ്ങുന്നതോടെ ഹജ്ജ് തീര്‍ഥാടക സംഘങ്ങളുടെ വരവിനു തുടക്കമാകും. ധാക്കയില്‍ നിന്നുള്ള സംഘമാണ് ആദ്യമായി ഇറങ്ങുക. ദുല്‍ഖഅദ് ഒന്നിന് തുടങ്ങുന്ന ഹാജിമാരുടെ യാത്ര ദുല്‍ഹിജ്ജ നാലുവരെ തുടരും. ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീന അന്താരാഷ്ട്ര വിമാനത്താവളം വഴിയും ഹജ്ജ് തീര്‍ത്ഥാടകര്‍ പുണ്യ ഭൂമിയില്‍ എത്തിച്ചേരും. കൂടാതെ, കൂടാതെ, കപ്പല്‍ മാര്‍ഗ്ഗവും റോഡ് മാര്‍ഗവും തീര്‍ഥാടകര്‍ എത്തിച്ചേരുന്ന രാജ്യങ്ങളുമുണ്ട്.
ഏറ്റവും കൂടുതല്‍ ഹാജിമാര്‍ പറന്നിറങ്ങുന്ന ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ അതി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. അല്ലാഹുവിന്റെ അഥിതികളായി രാജ്യത്തെത്തുന്ന വിശ്വാസികള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്കാന് വിപുലമായ പദ്ധതികളാണ് ഒരുക്കുന്നത്. സ്വകാര്യ, ഗവണ്മെന്റ് വകുപ്പുകള്‍ തീര്‍ഥാടകരുടെ സേവനത്തിനായി രംഗത്തുണ്ടാകും. തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ ഒരുക്കാന്‍ മക്ക മേഖല ഗവര്‍ണറേറ്റും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീര്‍ഥാടകരെ സ്വീകരിക്കാനുള്ള വിപുലമായ സൗകര്യങ്ങള്‍ ഹജ്ജ് ടെര്മിനലിനകത്തുണ്ട്. 14 ഹാളുകളോടുകൂടിയ ടെര്‍മിനലില്‍ കസ്റ്റംസ്, പാസ്പോര്‍ട്ട് തുടങ്ങിയ വകുപ്പുകള്ക്കുവേണ്ട സാങ്കേതിക സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ ആദ്യ സംഘം ജൂലൈ നാലിന് മദീനയില്‍ ഇറങ്ങും. ദല്‍ഹിയില്‍ നിന്നുള്ള 420 പേരടങ്ങുന്ന തീര്‍ഥാടക സംഘമാണ് എയര്‍ ഇന്ത്യ എ.ഐ 5001 വിമാനത്തില്‍ മദീന പ്രിന്‍സ് മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജൂലൈ നാലിന് പുലര്‍ച്ചെ ഇറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."