വിമാനമിറങ്ങിയത് അഞ്ചാംതവണ
കണ്ണൂര്‍: കണ്ണൂരില്‍ വിമാനമിറങ്ങിയത് ഇത് അഞ്ചാംതവണ. വലിയ വിമാനമാകട്ടെ ആദ്യതവണയും. നാലുതവണ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരുതവണ മാത്രമാണു റണ്‍വേ ഇല്ലാത്തിടത്ത് വിമാനമിറക്കേണ്ടി വന്നത്. 1935 ഒക്ടോബര്‍ 29നായിരുന്നു അത്. ജെ.ആര്‍.ഡി ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഡി.എച്ച് 80 ഫോക്‌സ് മോത്ത് വിമാനം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്നാണു അന്നു കണ്ണൂര്‍ കന്റോണ്‍മെന്റിലെ ബ്രിട്ടീഷ് മിലിട്ടറി ആസ്ഥാനത്തെ മൈതാനത്ത് ഇറക്കിയത്.
തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ ബാലരാമ വര്‍മയ്ക്ക് അന്നത്തെ വൈസ്രോയി ലോര്‍ഡ് വെല്ലിങ്ടണ്‍ പ്രഭു അയച്ച ജന്മദിനാശംസ കുറിമാനവും കൊണ്ട് വരുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി വിമാനം കണ്ണൂരിലിറക്കിയത്.
2016 ഫെബ്രുവരി 28നു പരീക്ഷണ പറക്കലിന്റെ ഭാഗമായി വായുസേനയുടെ കോഡ്-2 ബി വിമാനമാണ് ആദ്യം വിമാനത്താവളത്തില്‍ ലാന്‍ഡിങ് നടത്തിയത്. കഴിഞ്ഞമാസം പ്രളയത്തിനിടെ ചെളി രൂപപ്പെട്ട പഴശ്ശി അണക്കെട്ട് ശുചീകരിക്കാന്‍ നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുമായി ചെറുവിമാനവും രണ്ടുതവണ കണ്ണൂരില്‍ ഇറങ്ങിയിരുന്നു.
ഒടുവില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഐ.എല്‍.എസ് കാലിബ്രേഷന്‍ പരിശോധനയുടെ ഭാഗമായുള്ള ചെറുവിമാനമായ ബീച്ച്ക്രാഫ്റ്റും ഓഗസ്റ്റ് 31നു വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇതുവരെ ചെറുവിമാനങ്ങളായ ഡോണിയറും ബീച്ച് ക്രാഫ്റ്റും ഇറങ്ങിയ ചരിത്രമുള്ള കണ്ണൂര്‍ വിമാനത്താവളം വലിയ യാത്രാവിമാന ലാന്‍ഡിങിനും ഇന്നലെ സാക്ഷിയായി.
വിമാനത്താവളം മനോഹരം: പൈലറ്റ്
കണ്ണൂര്‍ വിമാനത്താവളം മനോഹരമെന്നു പരീക്ഷണ ലാന്‍ഡിങിനു എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനം പറത്തിയെത്തിയ ആന്ധ്രാ സ്വദേശിയായ പൈലറ്റ് കമാന്‍ഡര്‍ ക്യാപ്റ്റന്‍ എ.എസ് റാവുവും ഫസ്റ്റ് ഓഫിസര്‍ അരവിന്ദ് കുമാറും. ലാന്‍ഡിങ് വേളയില്‍ വിമാനത്താവളത്തിനു ചുറ്റുമുള്ള പച്ചപ്പ് അതിമനോഹര കാഴ്ചയാണ്. മികച്ച റണ്‍വേയും ടേബിള്‍ ടോപ്പ് രൂപഘടനയും ഏറെ ഇഷ്ടപ്പെട്ടു. വിമാനത്താവള പ്രോജക്ട് ടീമിനെ അഭിനന്ദിക്കുന്നതായും ഇരുവരും പറഞ്ഞു.
ആദ്യവിമാനത്തില്‍ മലയാളിയും
കണ്ണൂര്‍: വിമാനത്താവളത്തില്‍ ആദ്യമായി ലാന്‍ഡിങ് നടത്തിയ വലിയ വിമാനത്തില്‍ മലയാളിയും. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ സീനിയര്‍ കാബിന്‍ ക്രൂ സൈന മോഹനാണു കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ ഉണ്ടായിരുന്ന ഏക മലയാളി. എട്ടുവര്‍ഷം മുമ്പ് കാബിന്‍ ക്രൂവായി ജോലിയില്‍ പ്രവേശിച്ച സൈനയ്ക്കു അടുത്തിടെ സ്ഥാനക്കയറ്റവും ലഭിച്ചു.
കൂടുതല്‍ കമ്പനികളുമായി ചര്‍ച്ച: തുളസീദാസ്
കണ്ണൂര്‍: മൂന്നു വിമാനക്കമ്പനികള്‍ക്കു പുറമെ മറ്റു വിമാനക്കമ്പനികളുമായി കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) ചര്‍ച്ച നടത്തിവരികയാണെന്ന് എം.ഡി വി. തുളസീദാസ്. നിലവില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ഗോ എയര്‍ വിമാനങ്ങളാണു കണ്ണൂരില്‍ നിന്നു സര്‍വിസ് നടത്താന്‍ ധാരണയിലെത്തിയത്. എയര്‍ഇന്ത്യ, ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ് ജെറ്റ്, ടാറ്റാ ഗ്രൂപ്പ് ഇന്ത്യയില്‍ ഓപ്പറേറ്റ് ചെയ്യുന്ന എയര്‍ ഏഷ്യ, വിസ്താര എന്നീ വിമാനക്കമ്പനികളുമായും ചര്‍ച്ച നടത്തിവരികയാണ്. വിമാന സര്‍വിസ് തുടങ്ങിയ ശേഷം കൂടുതല്‍ കമ്പനികള്‍ കണ്ണൂരില്‍ എത്തുമെന്നാണു പ്രതീക്ഷയെന്നും വി. തുളസീദാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."