അക്രമി സംഘത്തിന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു
കഴക്കൂട്ടം: ചെമ്പഴന്തി അണിയൂരില്‍ അക്രമിസംഘത്തിന്റെ മര്‍ദനമേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. പോത്തന്‍കോട് ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ ഡ്രൈവറായ അണ്ടൂര്‍കോണം സബ്സ്റ്റേഷനടുത്ത് ചേമ്പാല പടിഞ്ഞാറ്റിന്‍കര ശ്യാമളാലയത്തില്‍ അനീഷ്ബാബുവാണ്(35) മരിച്ചത്.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അനീഷ്ബാബുവിന് മര്‍ദനമേറ്റത്. ഓട്ടം കഴിഞ്ഞ് ശ്രീകാര്യം ഇടത്തറയിലെ ഭാര്യ വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയില്‍വച്ച് അനീഷ് ഒരാളുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനുശേഷം രണ്ട് ബൈക്കുകളില്‍ പിന്തുടര്‍ന്ന സംഘം അണിയൂരില്‍ വച്ച് അനീഷ്ബാബുവിനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
കഴക്കൂട്ടം പൊലിസ് സ്ഥലത്തെത്തിയെങ്കിലും സംഭവ സ്ഥലത്ത് ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. അക്രമം നടന്നതിന് അല്പം മാറി തീരെ അവശനായി കിടന്ന അനീഷിനെ പിറ്റെ ദിവസം പുലര്‍ച്ചെ അതുവഴി പോത്തന്‍കോട്ടേക്ക് പച്ചക്കറിയുമായി വന്നവരാണ് പോത്തന്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി.
അടിവയറില്‍ മുനയുള്ള ഏതോ ആയുധംഉപയോഗിച്ച് കുത്തിപ്പരുക്കേല്പ്പിച്ചിട്ടുണ്ട്. മര്‍ദ്ദനത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരുക്കേറ്റ് രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അനീഷ്ബാബുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ഇന്നലെ പുലര്‍ച്ചെയോടെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ ഇതുവരെ ആരെയും പിടികൂടാനായില്ല.
കഴക്കൂട്ടം അസി. കമ്മിഷണറുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി അ ന്വേഷണംആരംഭിച്ചു.അക്രമികളെ കണ്ടെത്താന്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി കഴക്കൂട്ടം എസ്.എച്ച്.ഒ എസ്.വൈ സുരേഷ് പറഞ്ഞു. പരേതരായ സദാശിവന് ശ്യാമള ദമ്പതികളുടെ മകനാണ് അനീഷ്ബാബു. ഭാര്യ: ധന്യ, സഹോദരങ്ങള്‍: അനിതകുമാരി, പരേതനായ അനില്‍കുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."