ആവശ്യത്തിന് ജീവനക്കാരില്ലാതെ പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം
മലപ്പുറം: ആവശ്യത്തിന് ഓഫിസുകളും ജീവനക്കാരുമില്ലാതെ പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം ദുരിതത്തില്‍. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന ഏത് കെട്ടിടത്തിന്റെയും വൈദ്യുതീകരണം നടത്തേണ്ടത് ഈ വിഭാഗമാണ്.
ജീവനക്കാരുടെ അപര്യാപ്തത മൂലം നിലവിലുള്ളവര്‍ക്ക് ജോലിഭാരവും വര്‍ധിച്ചിരിക്കുകയാണ്. കൂടാതെ യഥാസമയം ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നുമില്ല. മലപ്പുറം ജില്ലയില്‍ ഗവ. കെട്ടിടങ്ങള്‍ പരിപാലിക്കുന്നതിനും പുതിയവ നിര്‍മിക്കുന്നതിനുമായി പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടവിഭാഗത്തിന് 12 സെക്ഷന്‍ ഓഫിസുകളും മൂന്ന് സബ് ഡിവിഷന് ഓഫിസുകളും ഒരു ഡിവിഷന് ഓഫിസുമുണ്ട്.
എന്നാല്‍, ഇതേ കെട്ടിടങ്ങളുടെ വൈദ്യുതീകരണ പ്രവൃത്തികള്‍ നടത്തേണ്ട പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗത്തിന് ഒരു ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസും ഒരു ഇലക്ട്രിക്കല്‍ സബ് ഡിവിഷന് ഓഫിസും മാത്രമാണുള്ളത്.കാസര്‍കോട്ട് ഒരു സെക്ഷന്‍ ഓഫിസ് മാത്രമാണുള്ളത്. ജീവനക്കാരും ആവശ്യത്തിനില്ല. കണ്ണൂര്‍, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിലും ഇതുതന്നെയാണ് അവസ്ഥ.
വയനാട്ടില്‍ ഒരു അസിസ്റ്റന്റ് എന്‍ജിനീയര്‍, രണ്ട് ഓവര്‍സിയര്‍ തസ്തികകളുണ്ടെങ്കിലും ഒരു ഓവര്‍സിയര്‍ തസ്തികയില്‍ ആളില്ല.
കണ്ണൂര്‍, വയനാട് ജില്ലകളില്‍ തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാരും നിര്‍മിച്ച നിരവധി കെട്ടിടങ്ങളുടെ വൈദ്യുതീകരണം നടത്താതെ പൂട്ടിയിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."