എക്‌സൈസ് സംഘം ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി
കാട്ടാക്കട : വാഹന പരിശോധനയ്ക്കിടെ എക്‌സൈസ് സംഘം ഫയര്‍ഫോഴ്‌സ് ജീവനക്കാരനെയും സുഹൃത്തിനെയും ക്രൂരമായി മര്‍ദിച്ചതായി പരാതി.
ചീനിവിള കൂവളശ്ശേരി ഭാഗത്താണ് സംഭവം. നെയ്യാറ്റിന്‍കര ഭാഗത്ത് നിന്ന് ഫയര്‍ഫോഴ്‌സ് ജീവനക്കാരനായ പുന്നാവൂര്‍ സ്വദേശി ശ്യാമും(33) സുഹൃത്ത് അഖിലു(30)മായി കാറില്‍ പോകവേ കൂവളശ്ശേരി ഭാഗത്ത് വച്ച് എക്‌സൈസ് കാര്‍ തടഞ്ഞുനിറുത്തി വാഹനം പരിശോധിച്ചു. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ശേഷം അഖില്‍ എക്‌സൈസ് ജീപ്പിന്റെ ഫോട്ടോ എടുത്തു.ഇതു ശ്രദ്ധയില്‍ പെട്ട എക്‌സൈസ് സംഘം വാഹനം നിറുത്തി തെറി അഭിഷേകം നടത്തി ശേഷം കള്ളകേസില്‍ കുടുക്കുമെന്നും നിന്നെയൊക്കെ വേണമെങ്കില്‍ ഇപ്പോള്‍ തന്നെ കുടുക്കാനുള്ള ലഹരി വസ്തുക്കള്‍ തങ്ങളുടെ കൈയ്യിലുണ്ടെന്നും ഭീഷണി മുഴക്കിയശേഷം ഇവരെ മര്‍ദിക്കുകയായിരുന്നു. വിലങ്ങ് ഉപയോഗിച്ച് അഖിലിനെ ശരീരഭാഗങ്ങളില്‍ ഇടിക്കുകയും ചെയ്തുവെന്നാണ് മാറനല്ലൂര്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ഫയര്‍ഫോഴ്‌സ് ജീവനക്കാരനാണെന്ന് പറഞ്ഞ ശ്യാമിനെയും മര്‍ദിച്ചു. പരിക്കേറ്റ അഖില്‍ മണിയറവിള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. നെയ്യാറ്റിന്‍കര റെയ്ഞ്ചിലുള്‍പ്പെട്ട എക്‌സൈസ് സംഘമാണ് മര്‍ദിച്ചതെന്നും പരാതിയില്‍ പറയുന്നു.അതെ സമയം ആരോപണം അടിസ്ഥാനരഹിതമെന്നാണ് എക്‌സൈസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."