കൗമാരപ്രായക്കാര്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു
കൊച്ചി : എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ കൗമാര പ്രായക്കാര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമായി 'സ്പര്‍ശം -2017' ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ലൂര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറല്‍ സയന്‍സിന്റെ അഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശില്‍പശാല ലൂര്‍ദ് ആശുപത്രി ഡയറക്ടര്‍ ഫാ. സാബു നെടുനിലത്ത് ഉദ്ഘാടനം ചെയ്തു. കുട്ടികളെ മാനുഷിക മൂല്യങ്ങളുളളവരായി വളര്‍ത്തിയെടുക്കാനും, വൈകാരിക പക്വത ആര്‍ജിക്കുവാനും ആരോഗ്യകരമായ ബന്ധം കെട്ടിപ്പെടുത്താനും ഈ ശില്‍പശാലയിലൂടെ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
കുട്ടികളെ മാനുഷിക മൂല്യങ്ങള്‍ ഉളളവരായി വളര്‍ത്തുക, മുതിര്‍ന്നവരെ ബഹുമാനിക്കുക, എല്ലാ ജീവിത സാഹചര്യങ്ങളെയും ഉള്‍ക്കൊളളാനുളള വൈകാരിക പക്വത വളര്‍ത്തിയെടുക്കുക, വിജയത്തോടൊപ്പം പരാജയങ്ങളും ഉള്‍ക്കൊളളാന്‍ പ്രാപ്തരാക്കുക, സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങള്‍ തുടങ്ങി കൗമാരപ്രായക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ സാധൂകരിക്കാനും അവരുടെ മാതാപിതാക്കളുടെ ആശങ്കകള്‍ ദൂരീകരിക്കാനുമായി സംഘടിപ്പിച്ച ക്യാംപില്‍ നൂറ്റിയമ്പതോളം കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു.
ലൂര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറല്‍ സയന്‍സ് വിഭാഗം മേധാവി ഡോ. കേണല്‍ പി. രാമചന്ദ്രന്‍കുട്ടി, ഡോ. പ്രതീഷ് പി.ജെ, ചൈല്‍ഡ് സൈക്കാട്രിസ്റ്റ് ഡോ. സീതാലക്ഷ്മി ജോര്‍ജ്, ഡോ. ജോണ്‍ ജോസഫ് ഫിലിപ്പ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരായ അനീറ്റ മേരി നിക്കോളാസ്, ദിവ്യ അജയ് , ഡോ. ഷെര്‍ളിന്‍ എലിസബത്ത് മാമ്മന്‍ തുടങ്ങിയ വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു ശില്‍പശാലയും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചത്. ലൂര്‍ദ് ആശുപത്രി അസ്സോസിയേറ്റ് ഡയറക്ടര്‍ ഫാ. ഷൈജു തോപ്പില്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. പോള്‍ പുത്തൂരാന്‍, അസ്സിസ്റ്റന്റ് ഡയറക്ടര്‍ ഫാ. വിബിന്‍ ചൂതംപറമ്പില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."