മൂത്തകുന്നത്ത് ടാങ്കര്‍ ലോറി മരത്തിലിടിച്ചു; ഡ്രൈവര്‍ക്ക് പരുക്ക്
പറവൂര്‍: നിയന്ത്രണം വിട്ട പെട്രോളിയം ടാങ്കര്‍ ലോറി മരത്തിലിടിച്ചു ഡ്രൈവര്‍ക്ക് പരുക്കേറ്റു. കൊല്ലം സ്വദേശി ജിനു (23) വിനാണ് പരുക്കേറ്റത്. കൂടെ ഉണ്ടായിരുന്ന ക്ലീനര്‍ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.
ദേശിയപാത പതിനേഴില്‍ മൂത്തകുന്നം കവലയിലാണ് വെള്ളിയാഴ്ച്ച പുലര്‍ച്ചെ അഞ്ചരയോടെ അപകടമുണ്ടായത്. ഇന്ധനം ഇറക്കി യതിനു ശേഷം മലപ്പുറത്തു നിന്നും തിരിച്ചു കൊച്ചിയിലേക്ക് വരുംവഴിയാണ് മൂത്തകുന്നത്തുവച്ചു ലോറി അപകടത്തില്‍ പെട്ടത്.
മൂത്തകുന്നം പാലത്തിന്റെ ഇരുവശങ്ങളിലും നില്‍ക്കുന്ന വലിയ തണല്‍ മരങ്ങളില്‍ ഒന്നിലാണ് നിയന്ത്രണം വിട്ട ടാങ്കര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറിക്ക് മീതെ മരം കടപുഴകി വീണതോടെ ഡ്രൈവര്‍ വാഹനത്തിന്റെ ക്യാബിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഇടിയുടെ ശബ്ദം കേട്ട് സമീപവാസികളും വഴിയാത്രികരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഡോര്‍ തുറന്ന് ഡ്രൈവറെ രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. വലിയ മരത്തിന്റെ ശിഖരങ്ങള്‍ കൊണ്ട് മൂടിക്കിടക്കുകയായിരുന്നു.
സംഭവം അറിഞ്ഞു വടക്കേക്കര പൊലിസ് സ്ഥലത്തെത്തിയെങ്കിലും മരങ്ങള്‍ മുറിച്ചു മാറ്റാന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ഫയര്‍ ഫോഴ്‌സിനെ വിളിച്ചു വരുത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. ജിനുവിന് വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."