ഫുട്‌ബോള്‍ ഫെഡറേഷനെതിരേ ഐ ലീഗ് ക്ലബുകള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെതിരേ ഐ ലീഗ് ക്ലബുകള്‍ രംഗത്ത്. ഐ ലീഗിനെ രണ്ടാം ഡിവിഷനാക്കി തരംതാഴ്ത്തുന്നുവെന്ന മാധ്യമ വാര്‍ത്തയെ തുടര്‍ന്നായിരുന്നു ഐ ലീഗ് ക്ലബുകള്‍ എ.ഐ.എഫ്.എഫിനെതിരേ രംഗത്തെത്തിയത്.
ഐ.എസ്.എല്ലിനെ രാജ്യത്തെ ഒന്നാം നമ്പര്‍ ലീഗാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ഐ ലീഗ് ക്ലബുകള്‍ അറിയിച്ചു. ജൂലൈ മൂന്നിന് നടക്കുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ യോഗത്തിന് ശേഷം ഐ.എസ്.എല്ലിനെ രാജ്യത്തെ ഒന്നാം നമ്പര്‍ ലീഗാക്കുമെന്നും ഐ ലീഗിനെ രണ്ടാം ഡിവിഷനാക്കി പ്രഖ്യാപനമുണ്ടാകുമെന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഐ ലീഗ് ക്ലബുകളായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, മിനര്‍വ പഞ്ചാബ്, ഐസ്വാള്‍ എഫ്.സി, നെരോക്ക, ഗോകുലം എഫ്.സി എന്നീ ക്ലബുകള്‍ യോഗം കൂടിയത്. ഫുട്‌ബോള്‍ ഫെഡറേഷന്‍ അധികൃതരെ കാണാന്‍ ഐ ലീഗ് ക്ലബുകള്‍ പല തവണ ശ്രമിച്ചെങ്കിലും അധികൃതര്‍ ഇതിന് തയാറായില്ല.
1996 മുതല്‍ രാജ്യത്തെ പ്രധാന ലീഗായ ഐ ലീഗിനെ തരം താഴ്ത്താന്‍ ഒരു നിലക്കും അനുവദിക്കില്ലെന്നും ഇത്തരത്തില്‍ തീരുമാനമെടുത്താന്‍ നിയമപരമായി നേരിടുമെന്നും ഐ ലീഗ് ക്ലബുകളുടെ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം, വിഷയത്തില്‍ വിശദീകരണവുമായി എ.ഐ.എഫ്.എഫ് രംഗത്തെത്തി. ഐ ലീഗ് ക്ലബുകള്‍ പക്വത ഇല്ലാത്ത നടപടിയാണ് എടുക്കുന്നതെന്നായിരുന്നു ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റ മറുപടി.
ഐ ലീഗിനെ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഒരിക്കലും കൈവിടില്ല. ഐ.എസ്.എല്ലിനെ ലീഗാക്കുക എന്നത് ഫിഫയുമായും എ.എഫ്.സിയുമായും നേരത്തെ സംസാരിച്ച കാര്യമാണെന്നും എ.ഐ.എഫ്.എഫ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."