ഉടയുന്ന മണ്‍പാത്രങ്ങള്‍ക്കിടയിലെ ഉടയാത്ത സൗഹൃദത്തിന്റെ അറുപതാണ്ട്
ആയഞ്ചേരി: ഉടയുന്ന മണ്‍പാത്രം വില്‍ക്കുമ്പോഴും ഉടയാത്ത സൗഹൃദം തുടരുന്ന രണ്ടുപേരുണ്ട് വടകരയില്‍. ഗോപാലന്‍ നായരുടെയും കല്ല്യാണിയമ്മയുടെയും സൗഹൃദകച്ചവടം ആറു പതിറ്റാണ്ട് പിന്നിടുകയാണ്. വടകര കോട്ടപ്പറമ്പില്‍ ഓലഷെഡില്‍ ഇവരുടെ മണ്‍പാത്ര കട വര്‍ഷങ്ങള്‍ക്കിപ്പുറവും ആളുകള്‍ക്ക് കൗതുകമാണ്.
അറക്കിലാട് പുറത്തൂട്ടയ്ല്‍ ഗോപാലന്‍ നായരും വള്ളിക്കാട് തലോക്കല്‍ കല്ല്യാണിയമ്മയും 60 വര്‍ഷമായി ഒരേ ഷെഡിലാണ് മണ്‍പാത്രക്കട നടത്തുന്നത്. ഷെഡിനുള്ളിലുള്ള ഓല മറയാണ് ഇരുവരുടെയും മണ്‍പാത്രങ്ങളെ വേര്‍തിരിക്കുന്നത്. പുറത്തു മണ്‍പാത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതു കണ്ടാല്‍ ഒരു വേര്‍തിരിവുമില്ല, ഉടമസ്ഥതയില്‍. ആവശ്യക്കാര്‍ മണ്‍പാത്രത്തിനു വില ചോദിക്കുമ്പോഴാണ് ഉടമ ആരാണെന്ന് മനസിലാവുക. ചെറിയ ശാരീരിക അവശതകള്‍ ഉള്ളതിനാല്‍ കല്ല്യാണിയമ്മയ്ക്കു പകരം മകള്‍ വസന്തയാണ് മണ്‍പാത്രക്കട നടത്തുന്നത്.
കച്ചവടത്തിനും ചില പ്രത്യേകതകള്‍ ഉണ്ട്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രണ്ടുപേരും കടയിലുണ്ടാവും. എന്നാല്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഗോപാലന്‍ നായര്‍ മാത്രമേ കട തുറക്കുകയുള്ളൂ.
അതുപോലെ വെള്ളി, ശനി ദിവസങ്ങളില്‍ വസന്തയും. ആറു പതിറ്റാണ്ടായി തുടരുന്ന ഈ സൗഹൃദം ഇന്നും തുടരുകയാണ്. രാവിലെ 10ന് തുടങ്ങുന്ന കച്ചവടം വൈകിട്ട് അഞ്ചോടെ അവസാനിപ്പിക്കും.
പ്രായം നവതിയോടടുക്കുന്ന ഗോപാലന്‍ നായര്‍ക്ക് ചരിത്രമുറങ്ങുന്ന കോട്ടപ്പറമ്പിന്‍ പഴയകാല കഥകള്‍ ഒരുപാട് പറയാനുണ്ട്. ലോഹപാത്രങ്ങളുടെ കടന്നുകയറ്റത്തിടയിലും പഴമ ഇഷ്ടപ്പെടുന്ന പലരും ഇവിടെ സ്ഥിരമായി എത്താറുള്ളതായി ഗോപാലന്‍ നായര്‍ സാക്ഷ്യപ്പെടുത്തുന്നു. ഓല ഷെഡാണെങ്കിലും ലൈസന്‍സും വാടകയുമൊക്കെ നല്‍കിയാണ് ഇരുവരുടെയും കച്ചവടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."