അവഗണനയില്‍ നിന്ന് പ്രതാപം വീണ്ടെടുക്കാനൊരുങ്ങി പെരുന്തോട്
കൊടുങ്ങല്ലൂര്‍: പെരുന്തോട് വീണ്ടും പഴയ പ്രതാപം വീണ്ടെടുക്കാനൊരുങ്ങുന്നു. തീരമേഖലയിലെ അഞ്ച് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പെരുന്തോടിന് പതിനഞ്ച് കിലോമീറ്റര്‍ ദൂരമുണ്ട്. ഏകദേശം മൂന്ന് പതിറ്റാണ്ട് കാലമായി പെരുന്തോട് അവഗണിക്കപ്പെട്ട നിലയിലായിരുന്നു. ഇപ്പോള്‍ പെരുന്തോട് ശുചീകരിച്ച് ആഴം കൂട്ടി ഇരുകരകളിലും കയര്‍ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. പെരിഞ്ഞനത്ത് നിന്നുമാരംഭിച്ച് അഴീക്കോട് അഴിമുഖത്തിന് സമീപം കാഞ്ഞിരപ്പുഴയില്‍ ചേരുന്ന പെരുന്തോട് തീരമേഖലയിലെ ഏറ്റവും വലിയ ജലസ്രോതസ്സാണ്. ഉള്‍നാടന്‍ ജലഗതാഗതവും മത്സ്യ ബന്ധനവും സജീവമായിരുന്ന പെരുന്തോട് തീരമേഖലയുടെ പരിസ്ഥിതി സംരക്ഷണത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന പരമ്പരാഗത ജലസ്രോതസ്സാണിന്നും. ഒട്ടനവധി ചെറുതോടുകള്‍ വന്നു ചേരുന്ന പെരുന്തോട്ടിലൂടെ കെട്ടുവള്ളങ്ങളുള്‍പ്പെടെ നിരവധി ജല വാഹനങ്ങള്‍ കടന്നു പോയിരുന്നൊരു കാലമുണ്ടായിരുന്നു. കോട്ടപ്പുറം ചന്തയില്‍ നിന്നും തീരമേഖലയിലേക്ക് നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചിരുന്നത് പെരുന്തോട് വഴിയാണ്. റോഡ് ഗതാഗതം സുഗമമായതോടെ ജലയാത്ര കുറയുകയും, അനധികൃത കൈയ്യേറ്റം പെരുന്തോടിന്റെ പ്രതാപം നശിപ്പിക്കുകയും ചെയ്തു.
ജല സമ്പത്ത് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കയ്പമംഗലം എം.എല്‍.എ ഇ.ടി ടൈസണ്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പെരുന്തോട് നവീകരണ പദ്ധതി ആരംഭിച്ചത്. ധനമന്ത്രി ഡോ: തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഭാഗമായി ഇതിനകം തന്നെ പെരുന്തോടിന്റെ വലിയൊരു ഭാഗം ശുചീകരിച്ച് കയര്‍ ഭൂവസ്ത്രം വിരിച്ചു കഴിഞ്ഞു. കാലവര്‍ഷം ആരംഭിക്കും മുന്‍പെ പദ്ധതി പൂര്‍ത്തീകരിക്കണമെന്നാണ് സംഘാടകരുടെ ആഗ്രഹം. മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെയും, പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം, എടവിലങ്ങ്, എറിയാട് എന്നീ ഗ്രാമപഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് പെരുന്തോട് നവീകരിക്കുന്നത്. ആയിരത്തിലധികം തൊഴിലുറപ്പ് തൊഴിലാളികള്‍ പെരുന്തോട് നവീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനകം തന്നെ പതിനയ്യായിരത്തിലേറെ തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വന്‍ സാമ്പത്തിക ചിലവുള്ള പെരുന്തോട് നവീകരണ പദ്ധതി ചിലയിടത്തെങ്കിലും, പണമില്ലാത്തതിന്റെ പേരില്‍ ഇഴഞ്ഞു നീങ്ങുന്നുണ്ട്. എങ്കില്‍ പോലും പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എയും ത്രിതല പഞ്ചായത്ത് പ്രതിനിധികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."