നികത്തിയ വയലുകള്‍ പൂര്‍വസ്ഥിതിയിലാക്കണം
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ പാഴിയോട്ടുമുറി കുടക്കുഴി പാടശേഖരത്തിലെ നികത്തിയ വയലുകള്‍ പൂര്‍വസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് നെല്‍വയല്‍ സംരക്ഷണ സമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു. കടങ്ങോട് പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ അനധികൃതമായി നെല്‍വയലുകള്‍ മണ്ണിട്ട് നികത്തുന്നത് വ്യാപകമായിരിക്കുകയാണ്.
നികത്തിയ വയലുകള്‍ പ്ലോട്ടുകളാക്കിയും കെട്ടിടങ്ങള്‍ നിര്‍മിച്ചും വന്‍ തുകക്കാണ് വില്‍പ്പന നടത്തുന്നത്. പാഴിയോട്ട് മുറി കുടക്കുഴി പാടശേഖരത്തില്‍ നെല്‍വയലുകള്‍ മണ്ണിട്ട് ഉയര്‍ത്തി കമ്പിവേലി കെട്ടുന്നതും കരിങ്കല്‍ ഭിത്തി നിര്‍മ്മിക്കുന്നതും സമീപ വയലുകളിലെ കര്‍ഷകര്‍ക്ക് കൃഷി ഇറക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. പാടശേഖര സമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2014ല്‍ ജില്ലാ കളക്ടര്‍ നികത്തിയ നെല്‍വയലുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ഉത്തരവിട്ടെങ്കിലും ഇത് നടപ്പിലാക്കാന്‍ റവന്യൂ വകുപ്പ് തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് നെല്‍വയല്‍ സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിക്കുകയും ജില്ലാ കലക്ടറുടെ ഉത്തരവ് നടപ്പിലാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ ഇത് വരേയും തയ്യാറായിട്ടില്ല. നെല്‍വയല്‍ നികത്തുന്നത് തടയാന്‍ പഞ്ചായത്ത് ഭരണ സമിതിയും തയ്യാറാകുന്നില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാന്‍ നെല്‍വയല്‍ സംരക്ഷണ സമിതി തീരുമാനമെടുത്തത്. ഉത്തരവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കുവാനും സ്ഥലം എം.എല്‍.എയായ വ്യവസായ മന്ത്രി എ.സി മൊയ്തീന് നിവേദനം നല്‍കുവാനും നെല്‍വയല്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ എം.കെ ഭട്ടത്തിരിപ്പാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."