പി.കെ ശ്യാമള രാജിവയ്ക്കുംവരെ പ്രക്ഷോഭം: യൂത്ത് ലീഗ്
കോഴിക്കോട്: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമള രാജിവയ്ക്കുംവരെ യൂത്ത് ലീഗ് പ്രക്ഷോഭം നടത്തുമെന്ന് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ്.
26ന് ആന്തൂരില്‍ സമരം നടത്തും. ഒരു വിധവ തന്റെ ഭര്‍ത്താവിന്റെ മരണത്തിന് കാരണക്കാരായവരുടെ പേര് കൃത്യമായി വിളിച്ചുപറഞ്ഞിട്ടും അവരെ അധികാരത്തില്‍ തുടരാന്‍ സമ്മതിക്കുന്നത് സി.പി.എമ്മിന് നാണക്കേടാണ്. അനുഭവങ്ങളില്‍നിന്ന് പാഠംപഠിക്കാന്‍ സി.പി.എം തയാറാകുന്നില്ലെന്നാണ് ഇതില്‍നിന്ന് മനസിലാകുന്നത്. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ കേരളത്തില്‍ സി.പി.എമ്മിന്റെ അവസ്ഥ ബംഗാളിലെയും ത്രിപുരയിലെയും പോലെയാകും. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ യൂത്ത് ലീഗ് നേരത്തേ ഉന്നയിച്ച ആരോപണങ്ങളില്‍നിന്ന് പിന്നോട്ടുപോയിട്ടില്ല.
മുത്വലാഖ് ബില്ലുമായി ബന്ധപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. സഭയില്‍ സംസാരിക്കാനുള്ള കത്ത് അദ്ദേഹം നല്‍കിയിട്ടുണ്ട്. പ്രതിപക്ഷത്തിന് അവസരം നിഷേധിക്കുന്ന സമീപനമാണ് പലപ്പോഴും ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."