ആഘോഷങ്ങള്‍ ചുരുക്കി ഓച്ചിറ ക്ഷേത്രത്തിലെ 28 -ാം ഓണാഘോഷം
കരുനാഗപ്പള്ളി: ഓണാട്ടുകരയുടെ വിശ്വാസവും, സംസ്‌ക്കാരവും വിളിച്ചോതിയ ഓച്ചിറകാളകെട്ട് മഹോത്സവം വര്‍ണാഭമായി. കൈ വെള്ളയില്‍ ഒതുങ്ങുന്ന കുഞ്ഞിക്കാളകള്‍ മുതല്‍ 53 അടി ഉയരുമുള്ള കാളക്കൂറ്റന്‍മാര്‍ വരെയാണ് പടനിലത്തെത്തിയത്.
കേരളത്തെ പിടിച്ചുലച്ച പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ചുരുക്കിയായിരുന്നു ഇത്തവണത്തെ കാളകെട്ട് മഹോത്സവം. ദിവസങ്ങള്‍ നീണ്ട വ്രതാനുഷ്ടാനങ്ങള്‍ക്കൊടുവിലാണ് നന്ദികേശന്‍മാരുമായി ഭക്തര്‍ ഓച്ചിറ പടനിലത്തെത്തിയത്. കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ ഉള്‍പ്പെട്ട 52 കരകളില്‍ നിന്നായി 140 നന്ദികേശന്‍മാരാണ് ക്ഷേത്രത്തില്‍ എത്തിയത്.
രാവിലെ നടന്ന പ്രത്യേകപൂജകള്‍ക്ക് ശേഷം ഗ്രാമപ്രദഷിണം നടത്തിയാണ് കാളകള്‍ ക്ഷേത്രത്തിലെത്തിയത്. സ്ത്രീകളുടെ കൂട്ടായ്മയിലും, കുട്ടികളുടെ കൂട്ടായ്മയിലും കെട്ടുകാഴ്ചകള്‍ അണിനിരന്നു. 53 അടി ഉയരമുള്ള മാമ്പ്രക്കന്നയുടെ നന്ദികേശനാണ് ഉയരത്തില്‍ രാജാവ്.
കൈവെള്ളയില്‍ ഒതുങ്ങുന്ന നന്ദികേശന്‍, സ്വര്‍ണത്തില്‍ തീര്‍ത്ത നന്ദികേശന്‍ അങ്ങനെ നീളുന്നു വ്യത്യസ്ഥത. ആഘോഷങ്ങള്‍ ചുരുക്കി നടത്തിയ ഉത്സവത്തില്‍ മിച്ചം വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് വിവിധ കരക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.
ജനലക്ഷങ്ങള്‍ നിറഞ്ഞു നിന്ന പടനിലത്തേക്ക് മൂന്ന് മണിയോടെയാണ് കെട്ട് കാളകള്‍ എത്തിതുടങ്ങിയത്. നേരുത്തെ തന്നെ നല്‍കിയ നമ്പര്‍ പ്രകാരമാണ് നന്ദികേശന്‍മാരെ ക്ഷേത്ര മൈതാനത്ത് അണിനിരത്തിയത്. രാത്രി ഒന്‍പത് മണിയോടെ എഴുന്നള്ളത്ത് എത്തിയാണ് നന്ദികേശന്‍മാരെ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."