പുതുക്കിയ വിശദ പദ്ധതി രേഖക്ക് അംഗീകാരം
തിരുവനന്തപുരം: തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ലൈറ്റ് മെട്രോ പദ്ധതികളുടെ പുതുക്കിയ ഡി.പി.ആറിന് (വിശദ പദ്ധതിരേഖ) അംഗീകാരം. നടത്തിപ്പിനായി രൂപീകരിച്ച കെ.ആര്.ടി.എല്‍ (കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്പറേഷന് ലിമിറ്റഡ്) ഡയരക്ടര്‍ ബോര്‍ഡ് യോഗമാണ് ഡി.പി.ആര് അംഗീകരിച്ചത്. ഭരണാനുമതിക്കായി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കാനും ബോര്‍ഡ് തീരുമാനിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് നടപടി കഴിഞ്ഞ് ചേരുന്ന മന്ത്രിസഭാ യോഗം കെ.ആര്.ടി.എല്‍ തീരുമാനം പരിഗണിക്കും. പിന്നീട് അനുമതിക്കായി കേന്ദ്ര സര്‍ക്കാരിന് അയയ്ക്കും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ പങ്കാളിത്തത്തിലും 60 ശതമാനം വായ്പയിലുമാണ് പദ്ധതി നടപ്പാക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ മെട്രോ നയത്തിന നുസരിച്ച് ഡി.എം.ആര്.സി (ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന്)യാണ് ഡി.പി.ആര് തയാറാക്കിയത്. ധന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ വിശദ പഠനത്തിനുശേഷമാണ് കെ.ആര്.ടി.എല്‍ ഡയരക്ടര്‍ ബോര്‍ഡിന് മുന്നിലെത്തിയത്.
പുതുക്കിയ ഡി.പി.ആര് പ്രകാരം തിരുവനന്തപുരത്ത് 4,673 കോടി രൂപയും കോഴിക്കോട്ട് 2,773 കോടി രൂപയുമാണ് എസ്റ്റിമേറ്റ് തുക. തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കുമായി ബന്ധിപ്പിച്ച് പാത വന്നാലുള്ള സാധ്യത പഠിക്കാന്‍ നിയോഗിച്ച ഏജന്‍സി കഴിഞ്ഞമാസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതിനായി പ്രത്യേക ഡി.പി.ആര് തയാറാക്കും. കോഴിക്കോട്ട് മെഡിക്കല്‍ കോളജ് മുതല്‍ മീഞ്ചന്ത വരെ 13.3 കിലോമീറ്ററിലാണ് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."