ഫറോക്കില്‍ വീട്ടില്‍ ഇന്നലെയും അഗ്നിബാധ; ആശങ്ക ഒഴിയുന്നില്ല
ഫറോക്ക്: കഴിഞ്ഞദിവസം പലയിടങ്ങളില്‍ നിന്നായി തീ ഉയര്‍ന്ന വീട്ടില്‍ ഇന്നലെയും വീണ്ടും അഗ്നിബാധ. രാമനാട്ടുകര പരുത്തിപ്പാറ വല്ലുത്തിയില്‍ പറമ്പില്‍ മുഹമ്മദ് കോയയുടെ വീട്ടിലാണ് നാട്ടുകാരെ ആശ്ചര്യപ്പെടുത്തി അപൂര്‍വ പ്രതിഭാസം ഇന്നലെയുമുണ്ടായത്. ഇന്നലെ രാവിലെ പത്തരയോടെ വീടിന്റെ അടുക്കളയോടു ചേര്‍ന്ന് പിറകുവശത്തു കൂട്ടിയിട്ട ചകിരിച്ചാക്കിനു മുകളിലുണ്ടായിരുന്ന തുണിക്കഷ്ണത്തില്‍ നിന്നാണു തീ ഉയര്‍ന്നത്.
കഴിഞ്ഞദിവസം വീടിന്റെ പലയിടങ്ങളില്‍ നിന്നായി തീ ഉയര്‍ന്നിരുന്നു. ഉച്ചയ്ക്കു 12.30ന് തുടങ്ങിയ പ്രതിഭാസം വൈകിട്ട് 6.30നാണ് അവസാനിച്ചത്. വീടിനകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളിലാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട്യാണെന്നു കരുതി കെ.എസ്.ഇ.ബി അധികൃതരെത്തി പരിശോധിച്ചെങ്കിലും ഇതിന്റെ യാതൊരു തെളിവുകളും കണ്ടെത്താനായില്ല. രണ്ടുദിവസമായി വീട്ടിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിച്ചിട്ടിരിക്കുകയാണ്.
രാവിലെ പൊലിസിന്റെ നിര്‍ദേശപ്രകാരം വീട് ശുചീകരിക്കുന്നതിനിടയിലാണു തീപിടിത്തമുണ്ടായത്. വീടിന്റെ നിലം വൃത്തിയാക്കുന്നതിനായി പുറത്തു ചകിരിച്ചാക്കിനു മുകളില്‍ നിന്ന് തുണിയെടുക്കാന്‍ വേണ്ടി മുഹമ്മദ്‌കോയയുടെ പേരമകള്‍ ചെന്നപ്പോഴാണ് തീ ഉയരുന്നതു കണ്ടത്. ഉടനെ തന്നെ വെള്ളമൊഴിച്ചു അണച്ചതിനാല്‍ നാശനഷ്ടങ്ങള്‍ ഒഴിവായി. വീട്ടുകാര്‍ തൊട്ടടുത്ത വീട്ടിലേക്കു താമസം മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."