കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ മുന്നറിയിപ്പുമായി മുഖ്യമന്ത്രി; നിക്ഷിപ്ത താത്പര്യങ്ങളുമായി ഇങ്ങോട്ടുവരേണ്ട
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര അന്വേഷണ ഏജന്‍സികളെല്ലാം കേരളത്തില്‍ വട്ടമിട്ടുപറക്കുന്നു. വികല മനസുകളുടെ താത്പര്യത്തിനനുസരിച്ചു തുള്ളുന്ന നിക്ഷിപ്ത താത്പര്യങ്ങളുമായി അന്വേഷണ ഏജന്‍സികള്‍ ഇങ്ങോട്ടുവരണ്ടെന്നും അവിടെ ഇരുന്നാല്‍ മതിയെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
കേരളത്തിലെ സര്‍ക്കാര്‍ പദ്ധതികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരെയാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്. പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുന്നു. ഉദ്യോഗസ്ഥരുടെ മനോബലം തകര്‍ക്കുന്നു.
ഞങ്ങളെ ജനം ഏല്‍പ്പിച്ച ഉത്തരവാദിത്വമാണ് നിറവേറ്റുന്നത്. അത് കൃത്യമായി തന്നെ നിറവേറ്റും. അതിനിടക്ക് അന്വേഷണ ഏജന്‍സികള്‍ വരണ്ട. കുത്തകകളുടെ വക്കാലത്തുമായി ആരും ഇവിടേക്കുവരണ്ടെന്നും പ്രതിപക്ഷത്തിന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് ആരോപിച്ച് ധനമന്ത്രി തോമസ് ഐസക്കിനെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് ഇന്ന് നോട്ടിസ് നല്‍കിയിരുന്നു. വി.ഡി.സതീശന്‍ എം.എല്‍.എയാണ് സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കിയത്.
അതീവ രഹസ്യമായി സൂക്ഷിക്കേണ്ട സി.എ.ജി റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കി എന്നായിരുന്നു ആരോപണം.ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തു. ഇത് ഗുരുതരമായ ചട്ടലംഘനവും നിയമസഭയുടെ പ്രത്യേക അവകാശങ്ങളിന്‍മേലുള്ള കടന്നുകയറ്റവുമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇതിനെതിരേ മറുപടിയുമായി വീണ്ടും ധനമന്ത്രിയെത്തിയരുന്നു. കോണ്‍ഗ്രസും ബി.ജെ.പിയും തിരിച്ചടിച്ചു. ഇതിനോടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."