ഹോങ്കോങ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് കര്‍ക്കിടാംകുന്നില്‍ തുടക്കമായി
വെട്ടത്തൂര്‍: ക്രിക്കറ്റിന്റെ മറ്റൊരു പതിപ്പായ ഹോങ്കോങ് ക്രിക്കറ്റ് മത്സരത്തിന് മലപ്പുറം, പാലക്കാട് ജില്ലകളുടെ അതിര്‍ത്തിയായ കര്‍ക്കിടാംകുന്നില്‍ തുടക്കമായി. കര്‍ക്കിടാംകുന്നിലെ മാക്‌സ് കിഡ്‌നി ഫൗണ്ടേഷന്റെ ധനശേഖരണാര്‍ഥം ആലുങ്ങല്‍ മാക്‌സ് ക്ലബാണ് ഹോങ്കോങ് സിക്‌സസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
മൂന്ന് രാത്രികളിലായി നടക്കുന്ന ടൂര്‍ണമെന്റ് കഴിഞ്ഞദിവസം അലനല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.മെഹര്‍ബാന്‍ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ അണ്ടര്‍19 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹന്‍ പ്രേം കുന്നുമ്മല്‍ മുഖ്യാതിഥിയായി. 1992ല്‍ ഹോങ്കോങില്‍ രൂപം കൊണ്ട ക്രിക്കറ്റിന്റെ മറ്റൊരു രൂപമാണ് ഹോങ്കോങ് സിക്‌സസ്. ഏഴു കളിക്കാരടങ്ങുന്ന അഞ്ച് ഓവര്‍ വീതമുള്ള മല്‍സരമാണിത്.
ഒരു ഓവറില്‍ ബോളുകളുടെ എണ്ണം എട്ട്. ഒരു കളിക്കാരന്‍ 25 റണ്‍സെടുത്താല്‍ റിട്ടയര്‍ ചെയ്യണം. പിന്നീട് എല്ലാ ബാറ്റസ്മാന്മാരും പുറത്തായാലോ, റിട്ടയര്‍ ചെയ്താലോ മാത്രമേ ആദ്യം റിട്ടയര്‍ ചെയ്തയാള്‍ക്ക് കളത്തിലിറങ്ങാന്‍ കഴിയൂ. വൈഡിനും നോബോളിനും ഫ്രീഹിറ്റ് ഉണ്ടായിരിക്കുന്നതിനു പുറമേ ഇവയ്ക്ക് രണ്ടു റണ്‍സ് വീതം ലഭിക്കും. ആറ് ബാറ്റസ്മാന്മാരും പുറത്തായാല്‍ ഏഴാമത്തെ ബാറ്റസ്മാന് ആറാമത്തെ ബാറ്റസ്മാനെ നോണ്‍സ്‌ട്രെക്കില്‍ നിര്‍ത്തി ബാറ്റ് ചെയ്യാനും സാധിക്കും. സാധാരണ കളികളില്‍ നിന്നും വിത്യസ്തമായി വിക്കറ്റ് കീപ്പര്‍ ബൗണ്ടറി ലൈനിനു അടുത്തായിട്ടായിരിക്കും നില്‍ക്കേണ്ടത്.
12ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. രണ്ടു ദിവസത്തെ പ്രാഥമിക മല്‍സരങ്ങള്‍ക്കു ശേഷം ഐ.പി.എല്ലിനോടു കിടപിടിക്കുന്ന സമാപന ചടങ്ങുകളോടെ രണ്ടു സെമിഫൈനല്‍ മല്‍സരങ്ങളും കലാശപ്പോരാട്ടവുമാണ് ഇന്നു നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."