മക്കാ മസ്ജിദ് സ്ഫോടനക്കേസില്‍ എല്ലാ പ്രതികളെയും വെറുതെവിട്ട ജഡ്ജി ബി.ജെ.പിയില്‍ ചേരുന്നു
ഹൈദരാബാദ്: പ്രമാദമായ മക്കാ മസ്ജിദ് സ്ഫോടനക്കേസില്‍ എല്ലാ പ്രതികളെയും വെറുതെവിട്ട ജഡ്ജി ബി.ജെ.പിയില്‍ ചേരുന്നു. സംഘ്പരിവാറുകാരായ എല്ലാ പ്രതികളെയും വെറുതെവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവച്ച കെ. രവീന്ദര്‍ റെഡ്ഡിയാണ് ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നത്.
സ്വാമി അസിമാനന്ദ, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ഭരത് ഭായ് സോളങ്കി, രാജേന്ദര്‍ ചൗധരി, സന്ദീപ് ഡാങ്കെ, രാമചന്ദ്ര കല്‍സാങ്ക്രെ, സുനില്‍ ജോഷി എന്നീ പ്രതികളെ വെറുതെവിട്ടത് അന്നുതന്നെ വിവാദമായിരുന്നു. വിധി പുറപ്പെടുവിച്ച ഉടനെ ജഡ്ജി രാജിവച്ചതോടെ കോഴവാങ്ങി വിധി പുറപ്പെടുവിച്ചെന്ന പരാമര്‍ശവും ഉയര്‍ന്നുവന്നു.
2018 ഏപ്രില്‍ 16 നായിരുന്നു ഈ വിധി. ഹൈദരാബാദിലെ പ്രത്യേക എന്‍.ഐ.എ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജായിരുന്നു രവീന്ദര്‍ റെഡ്ഡി.
11 വര്‍ഷം മുന്‍പ് 2007 മെയ് 18നായിരുന്നു മക്കാ മസ്ജിദിലെ സ്ഫോടനം. വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഒന്‍പതു പേര് കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലേക്ക് പൊലിസ് നടത്തിയ വെടിവയ്പ്പില്‍ അഞ്ചു പേരും കൊല്ലപ്പെട്ടിരുന്നു.
ബി.ജെ.പിയില്‍ ചേരുന്ന രവീന്ദര്‍ റെഡ്ഡി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അമിത്ഷാ ഹൈദരാബാദില്‍ എത്തിയപ്പോള്‍ കാണാന്‍ പോവുകയും പാര്‍ട്ടിയില്‍ ചേരണമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹം ഇതുവരെ മെമ്പര്‍ഷിപ്പ് എടുത്തിട്ടില്ലെന്ന് ബി.ജെ.പി തെലങ്കാന സംസ്ഥാന അധ്യക്ഷന്‍ കെ ലക്ഷ്മണന് പറഞ്ഞു. അമിത്ഷായുടെ അറിയിപ്പു കിട്ടിയശേഷമായിരിക്കും മെമ്പര്‍ഷിപ്പ് നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."