എയര്‍ ഇന്ത്യയുടെ പേരില്‍ ജോലി വാഗ്ദാനം നല്‍കി ഓണ്‍ലൈന്‍ തട്ടിപ്പ്
തിരുന്നാവായ: എയര്‍ ഇന്ത്യയുടെ പേരില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ഗ്രൗണ്ട് സ്റ്റാഫ്, കാബിന്‍ ക്രൂ, സൂപ്പര്‍ വൈസര്‍ തുടങ്ങിയ ജോലികള്‍ വന്‍ ശമ്പളത്തോടെ വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ്.
15,380-36000 രൂപ വരെ ശമ്പളം നല്‍കുമെന്നാണ് പരസ്യത്തിലുള്ളത്. പത്താം ക്ലാസ് ആണ് ജോലിക്ക് അടിസ്ഥാന യോഗ്യത. ബയോഡാറ്റ അയച്ചാല്‍ മാത്രം മതി.
ടെസ്റ്റ്, ഇന്റര്‍വ്യൂ അങ്ങനെ അപേക്ഷകരുടെ യോഗ്യത വിലയിരുത്തുന്ന മറ്റു കടമ്പകള്‍ ഒന്നും തന്നെ ഇല്ല. പരസ്യം കണ്ട് അപേക്ഷ നല്‍കിയ കോട്ടക്കല്‍ ഇന്ത്യനൂര്‍ സ്വദേശിക്ക് ഉടന്‍ തന്നെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ നിന്നാണെന്ന് പറഞ്ഞ് മൊബൈല്‍ ഫോണില്‍ ഒരാള്‍ ബന്ധപ്പെട്ടു. തൊട്ടുപിന്നാലെ അപേക്ഷയില്‍ തങ്ങള്‍ സംതൃപ്തര്‍ ആണെന്നും എയര്‍ പോര്‍ട്ടില്‍ ഉടന്‍ തന്നെ ഗ്രൗണ്ട് സ്റ്റാഫ് ആയി നിയമനം നല്‍കാന്‍ തയാറാണെന്നും അറിയിച്ചുള്ള ജോബ് ഓഫര്‍ ലെറ്റര്‍ വാട്‌സ് ആപ് വഴി അപേക്ഷകന് അറിയിപ്പ് കിട്ടി. ഓഫര്‍ ലെറ്റര്‍ കിട്ടിയാല്‍ നാല് മണിക്കൂറിനകം തന്നെ 1200 രൂപ പേ.ടി.എം വഴിയോ ബാങ്ക് വഴിയോ അടക്കാനുള്ള നിര്‍ദേശവും അറിയിപ്പില്‍ ഉണ്ടായിരുന്നു. ഡ്രസ് കോഡ്, ഐഡി കാര്‍ഡ്, അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ എന്നിവ അയക്കാനുള്ള കൊറിയര്‍ ചാര്‍ജ് ആയാണ് പണം ആവശ്യപ്പെട്ടിട്ടുള്ളത്.
എന്നാല്‍ സംശയം തോന്നിയ അപേക്ഷകന്‍ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജോലി വാഗ്ദാനം തട്ടിപ്പ് ആണെന്ന് മനസിലായത്. എയര്‍ ഇന്ത്യയുടെയും വിമാനത്താവളത്തിന്റെയും പേരില്‍ വ്യാജ തൊഴില്‍ വാഗ്ദാനം ധാരാളം പ്രചരിക്കുന്നുണ്ടെന്നും തൊഴിലന്വേഷകര്‍ വഞ്ചിതരാകരുതെന്നും എയര്‍ പോര്‍ട്ട് അതോറിറ്റി 'സുപ്രഭാത'ത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."