ഡോക്ടറാണെന്ന് പറഞ്ഞ് കാര്‍ തട്ടിപ്പ്: പ്രതി പിടിയില്‍
നിലമ്പൂര്‍: ഡോക്ടറാണെന്ന് പരിചയപ്പെടുത്തി നിരവധി പേരെ തട്ടിപ്പിനിരയാക്കിയ യുവാവ് പിടിയില്‍. നിലമ്പൂര്‍ ജനതപ്പടി സ്വദേശിയും മഞ്ചേരി മുട്ടിപ്പാലത്ത് താമസക്കാരനുമായ വരിക്കോട്ടില്‍ ഫിറോസ്ഖാന്‍ (27)ആണ് പിടിയിലായത്. ഇടുക്കി കട്ടപ്പനയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. എയര്‍ പിസ്റ്റള്‍, തിരകള്‍, സ്റ്റെതസ്‌കോപ്പ്, നിരവധി എ.ടി.എംകാഡുകള്‍, വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, നമ്പര്‍ പ്ലേറ്റുകള്‍, ആശുപത്രികളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍, സിംകാര്‍ഡുകള്‍ എന്നിവയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
ചുങ്കത്തറയിലെ തുണി വ്യാപാരി കടവത്ത് നജീബിന്റെ കാര്‍ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലെ സര്‍ജനാണെന്ന് പരിചയപ്പെടുത്തി ആശുപത്രിയിലേക്ക് വിളിച്ച് വരുത്തി കൈവശപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ചുങ്കത്തറയിലെ ടാക്‌സി ഡ്രൈവറെ വിളിച്ച് സ്വന്തം കാര്‍ വര്‍ക്ക് ഷോപ്പിലാണെന്നും കുറച്ച് ദിവസത്തേക്ക് ഉപയോഗിക്കാനാണെന്നും പറഞ്ഞാണ് കാറ് കൈവശപ്പെടുത്തിയത്. ഡോ.റാഷിദ് എന്ന പേര് പറഞ്ഞ് ചുങ്കത്തറയിലെത്തി ടാക്‌സി ഡ്രൈവര്‍ ആന്റണിയെയും കൂട്ടി കാറുമായി ഇ.എം.എസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി കാര്‍ കൈവശമാക്കുകയുയായിരുന്നു. പിറ്റേ ദിവസം മുതല്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് കണ്ടെത്തിയതോടെയാണ് കബളിപ്പിക്കപ്പെട്ടത് മനസിലായത്. ഉടനെ ആശുപത്രിയെലെത്തി അന്വേഷിച്ചെങ്കിലും അങ്ങിനെയൊരാള്‍ അവിടെയില്ലെന്ന് ബോധ്യമായി. തുടര്‍ന്ന് ഉടമ എടക്കര പൊലിസിനെ സമീപിക്കുകയായിരുന്നു.
മഞ്ചേരിയില്‍ താമസിക്കുന്ന ഇയാള്‍ നിരവധി യുവതികളെ സോഷ്യല്‍ മീഡിയ വഴി ഡോക്ടറാണെന്ന് പരിചയപ്പെടുത്തി സ്വര്‍ണവും പണവും കബളിപ്പിച്ചതായും പരാതിയുണ്ട്, കട്ടപ്പനയില്‍ നിന്നും കസ്റ്റഡിയിലെടുത്ത്‌കൊണ്ട് വരും വഴി പുലര്‍ച്ചെ ഒരുമണിക്ക് തൃശൂരിലെത്തിയപ്പോള്‍ വയറുവേദന അഭിനയിച്ച് ബാത്ത്‌റൂമില്‍ പോകാന്‍ പെട്രോള്‍ പമ്പില്‍ ഇറങ്ങുകയും കാറില്‍ കയറുന്നതിനിടെ വീണ്ടും പോകണമെന്ന് ശാഠ്യം പിടിക്കുകയും ചെയ്തു. വീണ്ടും ഇറങ്ങി കാറില്‍ കയറുന്നതിനിടെ പൊലിസിനെ തട്ടിമാറ്റി കയ്യാമവുമായി ഓടി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. എടക്കര സി.ഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ എം.അസൈനാര്‍, സി.പി.ഒമാരായ പി. സജീഷ്, സഞ്ജീവ്, എസ്.സി.പി ഒമാരായ സതീഷ്‌കുമാര്‍, അനില്‍കുമാര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."