സാലറി ചലഞ്ചിന് വിസമ്മതം: പൊലിസുകാര്‍ക്ക് കൂട്ടസ്ഥലംമാറ്റം
മഞ്ചേരി: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനോട് വിസമ്മതം അറിയിച്ച ജീവനക്കാര്‍ക്കെതിരെ നടപടി. ഇതുമായി ബന്ധപ്പെട്ട് മഞ്ചേരി പൊലിസ് സ്റ്റേഷനില്‍ കൂട്ടസ്ഥലം മാറ്റമാണ് ഉണ്ടായത്. എ.എസ്.ഐമാരായ ഷാജിമോന്‍, അബ്ദുല്‍ ഹക്കീം, അബ്ദുല്‍ നാസര്‍, സി.പി.ഒമാരായ സഞ്ചീവ്, വേണു എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഒരു മാസത്തെ ശമ്പളം മുഴുവനായി നല്കാന് സാധിക്കില്ലെന്ന് ഇവര്‍ രേഖാമൂലം മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
ഇതോടെയാണ് രാഷ്ട്രീയ ഇടപെടലില്‍ ഇവരെ സ്ഥലം മാറ്റിയത്. പൊലിസ് അസോസിയേഷനിലെ സംസ്ഥാന, ജില്ലാ കമ്മിറ്റികളില്‍ ഉള്‍പ്പെട്ട മഞ്ചേരി ട്രാഫിക് യൂനിറ്റിലെ രണ്ട് പൊലിസുകാരും സ്പെഷല്‍ ബ്രാഞ്ചിലെ ഒരാളും സാലറി ചലഞ്ചില്‍ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരില്‍ കനത്ത സമ്മര്‍ദ്ദം നടത്തിയിരുന്നതായാണ് വിവരം.
സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ സ്ഥലം മാറ്റുമെന്ന് നേരത്തെ തന്നെ ഭീഷണി ഉയര്‍ത്തിയിരുന്നതായും ആക്ഷേപമുണ്ട്. നിര്‍ബന്ധിച്ച് ശമ്പളം വാങ്ങില്ലെന്ന് സര്‍ക്കാര്‍ തുടരെ അറിയിക്കുന്നുണ്ടെങ്കിലും പൊലിസ് അസോസിയേഷനിലെ സി.പി.എമ്മുകാരായ ഭാരവാഹികള്‍ സമ്മതിക്കുന്നില്ല.
സ്ഥലം മാറ്റിയവരില്‍ ഷാജിമോനെ നിലമ്പൂരിലേക്കും അബ്ദുല്‍ ഹക്കീമിനെ മലപ്പുറം ക്യാംപിലേക്കും അബ്ദുല്‍ നാസറിനെ കരിപ്പൂരിലേക്കുമാണ് മാറ്റിയത്. വിവിധ കേസുകളിലെ അന്വേഷണ സംഘങ്ങളില്‍ പ്രധാനിയായ സഞ്ജീവിനെ കാടാമ്പുഴയിലേക്കാണ് മാറ്റിയത്. ഒരു തരത്തിലുള്ള പരാതിയും സ്ഥലം മാറ്റിയവര്‍ക്കെതിരെ ഉണ്ടായിട്ടില്ല. അഞ്ചുപേരെ മാറ്റാനുള്ള പ്രത്യേക സാഹചര്യവും നിലവിലില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."