കുട്ടികളെ മതസ്ഥാപനങ്ങളില്‍ അയക്കുന്നതിന് ഇളവുനല്‍കി സര്‍ക്കാര്‍
തിരുവനന്തപുരം: കുട്ടികളെ യതീംഖാനകളുള്‍പ്പടെയുള്ള മതസ്ഥാപനങ്ങളില്‍ പഠനത്തിന് അയക്കുന്നതിനുണ്ടായിരുന്ന കര്‍ശന മാര്‍ഗനിര്‍ദേശങ്ങളില്‍ ഉളവുമായി സംസ്ഥാന സര്‍ക്കാര്‍.
ബാലനീതി നിയമപ്രകാരം കുട്ടികളെ സ്ഥാപനങ്ങളില്‍ സംരക്ഷണത്തിനായി അയക്കുന്നതില്‍ മതപഠനം നടത്തുന്ന യതീംഖാനകള്‍ ഉള്‍പ്പെടെയുള്ള മതസ്ഥാപനങ്ങളെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
കൊവിഡ് സാഹചര്യത്തില്‍ വീട്ടിലേക്കയച്ച കുട്ടികള്‍ക്ക് സംരക്ഷണവും സുരക്ഷിതത്വവും കിട്ടിയിരുന്നത് കൊണ്ട് അത്തരത്തിലുള്ള കുട്ടികളെ വീണ്ടും സ്ഥാപനങ്ങളിലേക്കയക്കുന്നത് ഒഴിവാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു കുട്ടികളെ സ്ഥാപന സംരക്ഷണത്തിന് അയക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി ജൂണ്‍ എട്ടിന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
എന്നാല്‍ മതസ്ഥാപനങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്നാണ് യതീംഖാനകളുള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കി സാമൂഹ്യനീതി വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഒരു കുട്ടിയെ ശിശു സംരക്ഷണ സ്ഥാപനത്തില്‍ പ്രവേശിപ്പിക്കുന്നതിനായി ശിശുസംരക്ഷണ സമിതി നല്‍കുന്ന ഉത്തരവ് പ്രകാരം കുട്ടിയെ മൂന്നു വര്‍ഷത്തേക്ക് വീണ്ടും പ്രവേശിപ്പിക്കാന്‍ പുതിയ ഉത്തരവ് ആവശ്യമില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.
കേരളത്തിലെ യതീംഖാനകള്‍ക്ക് ബാലനീതി നിയമം നടപ്പിലാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരേ സമസ്ത 2017ല്‍ സുപ്രീംകോടതിയെ സമീപിക്കുകയും ഇടക്കാല അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു.
ഈ ഹര്‍ജിയില്‍ അന്തിമവാദം നടന്നു കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."