HOME
DETAILS

ട്രംപിന്റെ ഇസ്‌ലാമോഫോബിയ മാറ്റിയെടുക്കാനാകുമോ?

  
backup
May 19 2017 | 23:05 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b5%8b%e0%b4%ab%e0%b5%8b%e0%b4%ac%e0%b4%bf

ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ അത്ഭുതകരമായി അധികാരത്തിലേറിയത് ഇസ്‌ലാമോഫോബിയ പ്രധാന തെരഞ്ഞെടുപ്പു തന്ത്രമായി അവതരിപ്പിച്ചുകൊണ്ടാണ്. ട്രംപ് ബിസിനസ്സുകാരനാണ്. കച്ചവടത്തിന്റെ വിജയം വിപണി പിടിച്ചെടുക്കുന്നതിലാണ്. രാഷ്ട്രീയവും കച്ചവടമായി കണക്കാക്കുന്ന ട്രംപ് അതിലും മാര്‍ക്കറ്റിങ് തന്നെയാണു വേണ്ടതെന്നു തിരിച്ചറിഞ്ഞു തന്ത്രങ്ങള്‍ നടപ്പാക്കുകയായിരുന്നു.

ബരാക് ഒബാമയെന്ന പ്രസിഡന്റ് പദമേറിയതോടെ ആരംഭിച്ച വംശീയ, തീവ്രവലതുപക്ഷ, മുസ്‌ലിംവിരുദ്ധ, കുടിയേറ്റവിരുദ്ധ വികാരത്തിന്റെ ചാംപ്യനാകുകയാണു ട്രംപ് ചെയ്തത്. ട്രംപ് റിപ്പബ്ലിക്കനേ അല്ലായിരുന്നു. ആരോടും പ്രത്യേക കടപ്പാടില്ലായിരുന്നു. അതുകൊണ്ടുതന്നെ എന്തും വിളിച്ചു കൂവാം, അക്രമാസക്തനാകാം, അസഹിഷ്ണുവാകാം, മാന്യത സമ്പൂര്‍ണമായി ഉപേക്ഷിക്കാം. എല്ലാ നെഗറ്റീവ് പ്രചാരണങ്ങളും അദ്ദേഹത്തിനു ഗുണകരമാവുകയാണു ചെയ്തത്.
ഫാസിസ്റ്റുകളെ എത്ര രൂക്ഷമായി വിമര്‍ശിക്കുന്നോ അതിനൊത്ത് അവര്‍ അനുയായികളെ സൃഷ്ടിക്കും. ഇസ്‌ലാമിനെ ബലിയാടാക്കുന്നതും മുസ്‌ലിംകളെ അധിക്ഷേപിക്കുന്നതുമായിരുന്നു ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണതന്ത്രം. ജയിച്ചുകഴിഞ്ഞശേഷം മുസ്‌ലിം ലോകത്തിനു മുന്‍പില്‍ ഇസ്‌ലാംവിരുദ്ധനെന്ന ലേബല്‍ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണദ്ദേഹം.


അതിനുവേണ്ടിയാണ് പ്രസിഡന്റ് എന്ന നിലയിലുള്ള ആദ്യവിദേശസന്ദര്‍ശനം ലോകമുസ്‌ലിംകളുടെ ഈറ്റില്ലമായ സഊദി അറേബ്യയിലേയ്ക്ക് ആക്കിയത്. തന്റെ നയങ്ങളെക്കുറിച്ചു മുസ്‌ലിംലോകത്തിനുള്ള ആശങ്ക നീക്കാനും ബന്ധം ദൃഢമാക്കാനുമാണ് ഈ സന്ദര്‍ശനമെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ഭീകരവിരുദ്ധ പോരാട്ടം, മധ്യപൗരസ്ത്യമേഖലയില്‍ ഇറാന്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവയായിരിക്കും ചര്‍ച്ച ചെയ്യുക. മുസ്‌ലിംരാഷ്ട്രങ്ങളുടെ സഹകരണത്തോടെ തീവ്രവാദവും ഭീകരതയും നേരിടുകയാണു ലക്ഷ്യം.
പശ്ചിമേഷ്യയില്‍ രൂപപ്പെട്ട രാഷ്ട്രീയാനിശ്ചിതത്വം പരിഹരിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നീക്കം നടത്തുകയും ലക്ഷ്യമാണ്. പശ്ചിമേഷ്യയിലെ പ്രധാനശക്തികളായ ഇറാനും സഊദിയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നത് അറബ് മേഖലയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം അമേരിക്കയുടേതാണെന്നാണ് ലോകരാഷ്ട്രങ്ങളുടെ വിലയിരുത്തല്‍.


സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ സംഘര്‍ഷങ്ങളില്‍ സഊദിക്ക് അമേരിക്കന്‍ സഹായം ഉറപ്പുവരുത്തുകയെന്നതു സഊദിയെ സംബന്ധിച്ചു വലിയകാര്യമാണ്. ഒബാമ ഭരണത്തിനു കീഴില്‍ ഇറാനുമായുണ്ടായിരുന്ന അടുപ്പത്തില്‍നിന്നു പിന്‍വാങ്ങി സഊദിയടക്കമുള്ള അറബ് രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്താനാണ് ട്രംപ് ആഗ്രഹിക്കുന്നതെന്നാണു സൂചന.


2001 സെപ്റ്റംബര്‍ 11 ന് അമേരിക്കയിലെ ലോകവ്യാപാരകേന്ദ്രം ആക്രമണത്തിന്റെ ഇരകള്‍ക്ക് സഊദിക്കെതിരേ കോടതിയെ സമീപിക്കാന്‍ അനുവാദം നല്‍കുന്ന നിയമമായ ജാസ്റ്റ (ജസ്റ്റിസ് എഗെയിന്‍സ്റ്റ് സ്‌പോണ്‍സേഴ്‌സ് ഓഫ് ടെററിസം ആക്ട്) ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. സഊദി ഡെപ്യൂട്ടി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ട്രംപ് നടത്തിയ ചര്‍ച്ചയിലൂടെ അതിനു പരിഹാരം കണ്ടിരുന്നു. ഇതോടെയാണ് സഹകരണം ശക്തിപ്പെടുത്താന്‍ ധാരണയായത്.

 

ലക്ഷ്യം ആയുധവ്യാപാരം


എന്നാല്‍, ട്രംപിന്റെയും അമേരിക്കയുടെയും പ്രധാനലക്ഷ്യം പതിനായിരക്കണക്കിനു ബില്യണ്‍ ഡോളറിന്റെ ആയുധക്കരാര്‍ നേടിയെടുക്കല്‍ തന്നെയാണ്. 2015 ല്‍ 11.5 ബില്യണ്‍ ഡോളറിന്റെ യുദ്ധക്കപ്പല്‍ സഊദിക്കു വില്‍ക്കുന്ന കരാറിനു ധാരണയായിരുന്നെങ്കിലും അവസാന നിമിഷം വിഫലമായി. പഴയ കരാറുകള്‍ ഉള്‍പ്പെടെ പൊടിതട്ടിയെടുത്തു പുതുക്കിയുണ്ടാക്കാന്‍ അമേരിക്ക ശ്രമിച്ചുകൂടായ്കയില്ല.
ഗള്‍ഫ് നാടുകളുടെ പ്രതിരോധാവശ്യങ്ങളും സാഹചര്യങ്ങളും മനസിലാക്കുന്നതിനു വിദഗ്ധസംഘത്തെ അയയ്ക്കുമെന്ന് അമേരിക്കന്‍വൃത്തങ്ങള്‍ പറയുന്നുണ്ട്. വിദഗ്ധസംഘമെന്നത് ആയുധദല്ലാള്‍മാരായിരിക്കും. പത്തുവര്‍ഷത്തിനുള്ളില്‍ കോടിക്കണക്കിനു ഡോളറിന്റെ ആയുധവ്യാപാരം ഉറപ്പിക്കപ്പെടും. ഗള്‍ഫ് ഖജനാവുകളില്‍ നിന്നു ബില്യണ്‍ കണക്കിനു ഡോളര്‍ അമേരിക്കയിലേയ്ക്ക് ഒഴുകും. പെട്രോളിയം വിലയിടിവിന്റെ പശ്ചാത്തലത്തില്‍ ഇതു ഗുരുതരമായ അവസ്ഥയാണു സൃഷ്ടിക്കുക.
ഗള്‍ഫ് നാടുകള്‍ക്കു സ്വയം പ്രതിരോധിക്കാനും വൈദേശികാക്രമണങ്ങളെ ചെറുക്കാനുമുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കിയെടുക്കാനുള്ള അവകാശമുണ്ട്. ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. എന്നാല്‍, ഈ നാടുകള്‍ അഭിമുഖീകരിക്കുന്ന യഥാര്‍ഥ അപകടം അതിര്‍ത്തിക്കു പുറത്തുനിന്നല്ല, അകത്തുനിന്നാണ്. അതു ചെറുക്കാന്‍ അമേരിക്കന്‍ മിസൈലുകള്‍ക്കു കഴിയില്ല.

 

സഊദി-ഇറാന്‍ പ്രശ്‌നം സങ്കീര്‍ണതയിലേയ്ക്ക്


എന്‍.ബി.സി ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സഊദി ഡെപ്യൂട്ടി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഇറാനെതിരായ സഊദി അറേബ്യയുടെ യുദ്ധപ്രഖ്യാപനമായിരുന്നു. 'ഭരണഘടനയിലും ഖുമൈനിയുടെ ഒസ്യത്തിലും തീവ്രവാദ ആശയം ഉള്‍ക്കൊള്ളിച്ച ഭരണകൂടവുമായി എങ്ങനെ ചര്‍ച്ച നടത്തും. ഇസ്‌ലാമിക ലോകത്ത് ആധിപത്യം സ്ഥാപിക്കണമെന്നും അന്ത്യകാലത്തു വരുമെന്നു ശീഈകള്‍ പ്രതീക്ഷിക്കുന്ന മഹ്ദി ഇമാമിന്റെ ആഗമനത്തിനു സാഹചര്യമൊരുക്കുന്നതിനു ഇസ്‌ലാമിക ലോകത്തെങ്ങും ശീഈ ജഅ്ഫരി മദ്ഹബ് പ്രചരിപ്പിക്കണമെന്നുമാണ് ഇറാന്‍ ഭരണഘടനയും ഖുമൈനിയുടെ ഒസ്യത്തും ആവശ്യപ്പെടുന്നത്. ഇത്തരമൊരു രാജ്യവുമായി എങ്ങനെ അനുരഞ്ജന ചര്‍ച്ച നടത്തും.' എന്നതാണ് സഊദിയുടെ നിലപാട്.
''ഒന്നിലധികം ഘട്ടങ്ങളില്‍ ഇറാന്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ നടത്തുന്നതിനും അനുരഞ്ജനത്തിലെത്തുന്നതിനും സഊദി ശ്രമിച്ചിട്ടുണ്ട്. അതു ഫലവത്തായില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചര്‍ച്ചയ്ക്കു സാധ്യതയുമില്ല. ഇറാനാകുന്ന പാമ്പിന്‍മാളത്തില്‍നിന്നു വീണ്ടും കടിയേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കും. മക്ക പിടിച്ചടക്കുകയെന്നതാണ് ഇറാന്റെ ലക്ഷ്യം. പോരാട്ടം സഊദി അറേബ്യയിലാക്കിമാറ്റാന്‍ ഞങ്ങള്‍ കാത്തിരിക്കില്ല. പോരാട്ടം ഇറാനില്‍ തന്നെയാക്കും.'' ഇതാണ് അഭിമുഖത്തില്‍ ഡെപ്യൂട്ടി കിരീടാവകാശി പറഞ്ഞത്. ഇറാന്‍ ഭരണകൂടത്തിന് വ്യക്തമായ സന്ദേശം നല്‍കുന്നതിനാണു മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആഗ്രഹിച്ചത്.

 

പ്രധാന മൂന്ന് ഉച്ചകോടി


ട്രംപിന്റെ വരവില്‍ തലസ്ഥാന നഗരി മൂന്ന് പ്രധാന ഉച്ചകോടിക്കും വേദിയാകും. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും ട്രംപും തമ്മില്‍ നടക്കുന്ന ഉഭയകക്ഷിചര്‍ച്ചയാണ് ആദ്യത്തേത്. തുടര്‍ന്ന്, ജി.സി.സി രാഷ്ട്രത്തലവന്മാരും ട്രംപിന്റെ നേതൃത്വത്തിലുള്ള യു.എസ് പ്രതിനിധിസംഘവും തന്ത്രപ്രധാനവിഷയങ്ങളില്‍ ചര്‍ച്ച നടത്തും. അതിനുശേഷമാണ് അമേരിക്കന്‍ ഇസ്‌ലാമിക് ഉച്ചകോടിക്ക് റിയാദ് വേദിയാകുക.
സാമ്പത്തിക,സാങ്കേതികമേഖലകളില്‍ വലിയതോതില്‍ സഹകരണം ഉറപ്പാക്കുന്ന ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കാനും സാധ്യതയുണ്ട്. ട്രംപുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ സന്നിഹിതരാകാന്‍ 17 അറബ് മുസ്‌ലിം രാഷ്ട്രനേതാക്കളെ ക്ഷണിച്ചിരിക്കുകയാണ് സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  10 minutes ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  27 minutes ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  an hour ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago