ക്ഷണിച്ചത് സമാധാനചര്‍ച്ചക്ക്; ഇന്ത്യ പ്രതികരിച്ചത് ധാര്‍ഷ്ട്യത്തോടെ: ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: ഇന്ത്യാ-പാക് വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ നടത്താനിരുന്ന ചര്‍ച്ചയില്‍നിന്ന് ഇന്ത്യ പിന്മാറിയതില് വിമര്‍ശനവുമായി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്.
ഇരുരാജ്യങ്ങളും തമ്മില്‍ സമാധാന ചര്‍ച്ച പുനരാരംഭിക്കാനുള്ള തന്റെ ക്ഷണത്തോട് ധാര്‍ഷ്ട്യത്തോടെയും തെറ്റായ രീതിയിലുമാണ് ഇന്ത്യ പ്രതികരിച്ചിരിക്കുന്നതെന്നും ഇതില്‍ തനിക്കു നിരാശയുണ്ടെന്നും ഇമ്രാന് പ്രതികരിച്ചു. ദീര്‍ഘവീക്ഷണമില്ലാത്ത ചെറിയ മനുഷ്യരാണ് ഇത്തരം നിലപാടുകള്‍ക്കു പിന്നിലെന്നും ഇത്തരം ആളുകള്‍ വലിയ സ്ഥാനങ്ങള്‍ വഹിക്കുന്നത് തന്റെ ജീവിതത്തിലുടനീളം കണ്ടിട്ടുണ്ടെന്നും ഇമ്രാന് ഖാന് ട്വീറ്റ് ചെയ്തു.
ഇരുരാജ്യങ്ങളും തമ്മില്‍ സമാധാന ചര്‍ച്ച പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങള്‍ക്കു മുന്‍പ് ഇമ്രാന് മോദിക്ക് കത്തെഴുതിയിരുന്നു.
കശ്മിര്, ഭീകരവാദം അടക്കമുള്ള മുഴുവന്‍ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ പാകിസ്താന് തയാറാണെന്നും കത്തില്‍ ഇമ്രാന് അറിയിച്ചു.
ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി സമാധാന ചര്‍ച്ചകള്‍ക്കു തുടക്കമിടട്ടെയെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു.
ഇതിനു ശേഷം ഇമ്രാന് ഖാന്റെ ക്ഷണം ഇന്ത്യ സ്വീകരിക്കുകയും ന്യൂയോര്‍ക്കിലെ കൂടിക്കാഴ്ച വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തു.
എന്നാല്‍, തൊട്ടടുത്ത ദിവസം നിലപാടില്‍നിന്ന് ഇന്ത്യ പിന്മാറുകയായിരുന്നു.
ഹിസ്ബുല്ല കമാന്‍ഡറായിരുന്ന ബുര്‍ഹാന്‍ വാനിയുടെ പേരില്‍ പാകിസ്താന് തപാല്‍ സ്റ്റാംപ് പുറത്തിറക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്.
ഇതുവഴി ഇമ്രാന്റെ യഥാര്‍ഥ മുഖം വെളിപ്പെട്ടെന്നു വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."