ഗുരുവും സൂഫികളും
മതനവോഥാനത്തിന്റെ പേരില്‍ ഉന്നയിക്കപ്പെട്ടുവന്ന സ്വതന്ത്ര മാനവിക ചിന്തകളും, മതത്തിന്റെ പുനര്‍വായനകള്‍ എന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ട വിശാലാശയങ്ങളും വിമോചന ദൈവശാസ്ത്ര വാദഗതികളും കടന്നുവരുന്നതിന് എത്രയോ പതിറ്റാണ്ടുകള്‍ക്കു മുന്‍പു തന്നെ 'അവനവനാത്മ സുഖത്തിനായാചരിക്കുന്നത് അപരനു ഗുണത്തിനായ് വരേണ'മെന്നു പഠിപ്പിച്ച ചിന്താഗുരുവായിരുന്നു ശ്രീനാരായണ ഗുരു. സര്‍വ മതാശ്ലേഷികളായ അനേകം ആശയങ്ങളും ചിന്താഗതികളും അദ്ദേഹത്തില്‍നിന്നു ലഭ്യമായിട്ടുണ്ട്. സമുദായ-ജാതി-മത ചിന്തകള്‍ക്കപ്പുറത്തേക്കു കടന്നുചെല്ലുന്ന പൊതുസ്വീകാര്യമായ ആശയങ്ങള്‍ അവതരിപ്പിച്ച ഒരു മനീഷി എന്ന നിലയിലാണ് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും പൊതുവായി നാരായണ ഗുരുവിനെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തുവരുന്നത്.
ഒരു സവിശേഷ സമുദായ-സാമൂഹിക പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്ന വ്യക്തിയായിരിക്കവെ തന്നെ എല്ലാ മത-ആത്മീയ ചിന്തകളിലേക്കും കടന്നുചെല്ലാന്‍ ചെറുപ്പകാലം തൊട്ടുതന്നെ നാരായണ ഗുരുവില്‍ ശക്തമായ ത്വരയും അഭിനിവേശവും നിലനിന്നിരുന്നു. ജനിച്ചുവളര്‍ന്ന ചെമ്പഴന്തിയിലെ സ്വജാതിക്കാര്‍ താ ഴ്ന്നവരെന്ന് അവര്‍ കരുതി വന്നിരുന്ന വിഭാഗങ്ങളില്‍നിന്നു പരമാവധി അകലം പുലര്‍ത്തിയിരുന്നപ്പോഴാണ് കൗമാരക്കാരനായിരുന്ന നാരായണ ഗുരു പുലയക്കുടിലുകളില്‍ കയറിച്ചെന്ന് അവരുടെ അടുക്കളകളില്‍വരെ സാന്നിധ്യമായി മാറിയതും സമപ്രായക്കാരായ പുലയക്കുട്ടികള്‍ക്കൊപ്പം ആഹാരം കഴിക്കുകയുമെല്ലാം ചെയ്തത്. ജാതീയമായ സ്വത്വസങ്കുചിതത്വങ്ങളെയും അതിന്റെ ലക്ഷണങ്ങളായ പ്രവണതകളെയും ധീരമായി അതിവര്‍ത്തിക്കാനുള്ള ഗുരുവിന്റെ സഹജമായ ശീലം വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ക്ക് അനുസൃതമായി വികസിക്കുന്നതു കാണാം.
പില്‍ക്കാലത്ത് ജാതി-സമുദായത്തിന്റെ മാത്രം ആരാധ്യപുരുഷനായോ, ഹൈന്ദവ ഏകീകരണ വാദഗതിക്കാരുടെ ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇരയാക്കപ്പെട്ട വ്യക്തിത്വമായോ ഒക്കെ അദ്ദേഹത്തിന്റെ ജീവചരിത്രം വികൃതമാക്കപ്പെടുകയുണ്ടായി. എന്നു മാത്രവുമല്ല, ശ്രീനാരായണ ഗുരുവിന് അഹിന്ദുക്കളുമായി യാതൊരു സമ്പര്‍ക്കവുമുണ്ടായിരുന്നില്ല എന്ന തരത്തില്‍ പോലും ദുര്‍വ്യാഖ്യാനങ്ങള്‍ വന്നു. കേരളത്തിലെയും പുറത്തെയും മുസ്‌ലിംകള്‍ ഏതെങ്കിലും തരത്തില്‍ നാരാണയണ ഗുരുവുമായും ഗുരു തിരിച്ച് അവരുമായും ബന്ധപ്പെടാന്‍ ഇടവന്നിട്ടില്ല എന്ന വിധത്തിലെല്ലാം ഗുരുവിന്റെ ജീവചരിത്രമെഴുത്തുകള്‍ മുന്നോട്ടുപോയി. കേരള മുസ്‌ലിംകളെ സംബന്ധിച്ചു തികച്ചും അന്യമായിരുന്നു നാരായണ ഗുരുവെന്നു ചരിത്രവിരുദ്ധമായ ദുര്‍വ്യാഖ്യാനം സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെയും ഉപാധിയായി മാറുകയുണ്ടായി.
ഏഴര പതിറ്റാണ്ടോളം ദീര്‍ഘിച്ച നാരായണ ഗുരുവിന്റെ ജീവിതത്തില്‍ പകുതിയിലധികം വര്‍ഷങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍ ലഭ്യമല്ല. ചെമ്പഴന്തിയില്‍ മാടനാശാന്റെ മകനായി ജനിച്ചുവളര്‍ന്ന ബുദ്ധിമാനും സത്യാന്വേഷകനുമായ നാണു കൗമാരത്തിനുശേഷം കൂടുതല്‍ ഗഹനങ്ങളായ ആത്മീയാന്വേഷണങ്ങളില്‍ മുഴുകുന്നു. യുവത്വത്തില്‍ അദ്ദേഹത്തിന് ഒരു വിവാഹബന്ധത്തില്‍ ഏര്‍പ്പെടേണ്ടതായി വരുന്നുണ്ട്. കുറഞ്ഞ നാളുകള്‍ മാത്രം തൊട്ടും തൊടാതെയും മുന്നോട്ടുപോയ ആ ബന്ധത്തില്‍നിന്നു കുതറിച്ചാടിയ നാരായണ ഗുരു പിന്നീട് സുദീര്‍ഘവര്‍ഷങ്ങളുടെ അജ്ഞാതവാസത്തിലേക്കാണു നീങ്ങുന്നത്. തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിലും, കുറഞ്ഞ വര്‍ഷം ഉത്തരേന്ത്യന്‍ ആത്മീയകേന്ദ്രങ്ങളിലുമായിരുന്നു അക്കാലം നാരായണ ഗുരു ചെലവഴിച്ചത്. ഹൈന്ദവ സാധകര്‍, മുസ്‌ലിം സൂഫികള്‍ തുടങ്ങിയവരുമായെല്ലാം അക്കാലത്ത് അദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ട്. ഉത്തരേന്ത്യന്‍ സൂഫി ഖാന്‍ഗാഹുകളിലെ ഖാദിരിയ്യ, ചിശ്തിയ്യ, നഖ്ശബന്ദിയ്യ തുടങ്ങിയ ധാരകളിലെ സൂഫികളുമായും അദ്ദേഹം സമ്പര്‍ക്കത്തിലായി.
തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളായ നാഗപ്പട്ടണം, കീളക്കര, അദ്‌നാപട്ടണം, കായല്‍പട്ടണം തുടങ്ങിയയിടങ്ങളിലെല്ലാം പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിലും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലും സ്വൂഫി കേന്ദ്രങ്ങള്‍ നിലനിന്നിരുന്നു. തമിഴ്‌നാട് ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളില്‍ കൂടുതലായും സ്വാധീനം ചെലുത്തിവന്നത് ഖാദിരിയ്യാ ത്വരീഖത്തിന്റെ പ്രയോക്താക്കളായ സൂഫികളായിരുന്നു. മലയാളി മുസ്‌ലിംകള്‍ക്കിടയില്‍ ഏറെ പ്രശസ്തമായ കൃതിയായ 'ഖുത്ബിയ്യത്തി'ന്റെ രചയിതാവ് സ്വദഖത്തുല്ലാഹില്‍ ഖാഹിരിയുടെ നേതൃത്വത്തില്‍ കീഴക്കരയില്‍ നിലനിന്ന ഖാദിരിയ്യാ സൂഫി ഖാന്‍ഗാഹിലെ നിത്യസന്ദര്‍ശകനായിരുന്നു നാരായണ ഗുരു. ഇത്തരം സമ്പര്‍ക്കങ്ങളിലൂടെ ഇസ്‌ലാമിനെക്കുറിച്ചു കൂടുതല്‍ അറിയാനും ഇസ്‌ലാമിന്റെ മതഭാഷകള്‍ എന്ന നിലയില്‍ പൊതുവില്‍ കണക്കാക്കി വന്നിരുന്ന അറബി-പേര്‍ഷ്യന്‍-ഉറുദു ഭാഷകളിലേക്കു കടന്നുചെല്ലാനും നാരായണ ഗുരുവിന് സാധിച്ചു. സൂഫി സമ്പര്‍ക്കത്തിലൂടെ ആ കാലഘട്ടത്തില്‍ ഗുരു ആര്‍ജിച്ചെടുത്ത ഇസ്‌ലാമിക ആത്മീയജ്ഞാനം സാധാരണ ഗതിയില്‍ അത്തരത്തില്‍ ഒരു വ്യക്തിക്കു കടന്നുചെല്ലാന്‍ സാധിക്കുന്നതിനും അപ്പുറത്തായിരുന്നു.
ഗുരുവിന്റെ പില്‍ക്കാല ബഹുസ്വരബോധത്തെ രൂപപ്പെടുത്തുന്നതിലും ഈ ജ്ഞാനാവബോധങ്ങള്‍ വലിയ പങ്കാണു വഹിച്ചത്. അദ്ദേഹത്തിന്റെ ഖാദിരിയ്യാ സൂഫി ബന്ധത്തിനു പിന്നീട് കേരളത്തില്‍നിന്ന് ഉണ്ടായിവന്ന ജീവല്‍സാക്ഷ്യമായിരുന്നു ഇച്ചമസ്താന്‍ എന്ന പേരില്‍ പ്രശസ്തനായ സൂഫി ആത്മീയ അന്വേഷകന്റെ ജീവിതം. നാരായണ ഗുരുവിനാല്‍ സൂഫി ജീവിത സംസ്‌കാരത്തിലേക്കു നയിക്കപ്പെട്ട വ്യക്തിയായിരുന്നു ഇച്ചമസ്താന്‍ എന്ന പേരില്‍ അറിയപ്പെട്ട അബ്ദുല്‍ ഖാദര്‍ മസ്താന്‍ എന്നു ചരിത്രരേഖകളില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ സിറ്റിയിലെ വലിയകണ്ടി എന്ന പാരമ്പര്യ മുസ്‌ലിം തറവാട്ടില്‍ ജനിച്ച ഇച്ച മസ്താനും അദ്ദേഹത്തിന്റെ മുന്‍ഗാമികളുമെല്ലാം പിച്ചളപ്പാത്ര വ്യാപാരികളായിരുന്നു. വ്യാപാരത്തിന്റെ ഭാഗമായി അദ്ദേഹത്തിനു വിവിധ നാടുകളില്‍ സഞ്ചരിക്കേണ്ടി വന്നു. ഇത്തരമൊരു നാടുചുറ്റലിനിടയില്‍ ചെമ്പോലത്തകിടില്‍ എഴുതിയ ഒരു ശെന്തമിഴ് ലിഖിതം അദ്ദേഹത്തിന്റെ കൈവശം വന്നുചേര്‍ന്നു. ശെന്തമിഴ് പോയിട്ട് മലയാളം പോലും ശരിക്ക് അറിയാമായിരുന്നില്ലാത്ത അദ്ദേഹം അതൊന്നു വായിച്ചെടുക്കാനായി പലരെയും സമീപിച്ചെങ്കിലും നടക്കയുണ്ടായില്ല. അവസാനം നാരായണ ഗുരുവാണ് ആ പ്രശ്‌നത്തിന്റെ കുരുക്കഴിച്ചത്. തമിഴ്‌നാട്ടിലെ സൂഫികളുമായി ബന്ധപ്പെട്ടാല്‍ അതു വായിച്ചെടുക്കാന്‍ കഴിയുമെന്ന് നാരായണ ഗുരു അബ്ദുല്‍ ഖാദറിനോടു പറഞ്ഞു. അതുപ്രകാരം കീളക്കരയിലെ ഖാദിരിയ്യ സൂഫി ഖാന്‍ഗാഹില്‍ ചെന്ന അദ്ദേഹത്തിന് അവിടത്തെ സൂഫികള്‍ ആ ലിഖിതം വായിച്ച് അര്‍ഥവിശദീകരണം നല്‍കി. അറബി ആത്മീയ കവിതയായ 'അല്ലഫല്‍ അലിഫി'ന് ചെന്തമിഴ് ഭാഷയില്‍ എഴുതപ്പെട്ട ഒരു വ്യാഖ്യാനമായിരുന്നു അത്. അതിലെ ആശയങ്ങള്‍ ഗ്രഹിച്ചതോടെയാണു പിച്ചളപ്പാത്ര കച്ചവടത്തില്‍ മാത്രം മനസര്‍പ്പിച്ചു ജീവിച്ച അദ്ദേഹത്തില്‍ ആത്മീയതാല്‍പര്യങ്ങള്‍ ജനിക്കുന്നത്.
അങ്ങനെ അബ്ദുല്‍ ഖാദര്‍ സൂഫി ഗുരുക്കന്മാരുമായുള്ള നിരന്തര സമ്പര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടു തുടങ്ങി. ആ സമ്പര്‍ക്കങ്ങള്‍ ചെന്നെത്തിയത് ഖാദിരിയ്യാ ത്വരീഖത്തിലെ ഒരു സൂഫി സാധകനായി മാറുന്നിടത്താണ്. തമിഴ്‌നാട്ടിലെ സൂഫികള്‍ അബ്ദുല്‍ ഖാദറിനു നല്‍കിയ വിളിപ്പേരായിരുന്നു 'ഇച്ച' എന്നത്. അല്ലാഹുവിന്റെ തീരുമാനം അഥവാ 'ഖദര്‍' എന്നതിനു പകരമായി ശെന്തമിഴില്‍ ഉപയോഗിക്കുന്ന പദമായിരുന്നു 'ഇച്ച'. ഇത്തരത്തില്‍ ഒരു ആത്മീയ പരിവര്‍ത്തനം പിച്ചളപ്പാത്ര വ്യാപാരിയായിരുന്ന അബ്ദുല്‍ ഖാദറില്‍ വരുത്തുന്നതില്‍ നാരായണ ഗുരു വലിയ പങ്കുവഹിച്ചു എന്നതാണിവിടെ പ്രസക്തമായ കാര്യം. ഗുരുവും ഇച്ച മസ്താനും തമ്മിലുണ്ടായിരുന്ന സൗഹൃദം സവിശേഷമായ ഒരു തലത്തിലുള്ളതായിരുന്നു.
അതേസമയം, നാരായണ ഗുരുവിന്റെ മുസ്‌ലിംകളുമായുള്ള സൗഹൃദവും സമ്പര്‍ക്കവും കേവലം ഒരു ഇച്ച മസ്താനിലോ തമിഴ്‌നാട്ടിലെ സൂഫികളിലോ ഒതുങ്ങിനില്‍ക്കുന്നതുമായിരുന്നില്ല. കേരളത്തിനും തമിഴ്‌നാടിനും പുറത്തേക്ക് ആ ബന്ധം പടര്‍ന്നിരുന്നു. ഉത്തര്‍പ്രദേശിലെ ബദായൂനില്‍ ജീവിച്ചിരുന്ന അക്ബര്‍ അബ്ദുല്‍ ഹലീം ബദായൂനി എന്ന പണ്ഡിതനുമായി അദ്ദേഹം കത്തിടപാടുകള്‍ നടത്തിയിരുന്നു. പ്രമുഖ ഉറുദു-പേര്‍ഷ്യന്‍ പണ്ഡിതനും കവിയുമായിരുന്ന ശക്കീല്‍ ബദായൂനിയുടെ ബന്ധു കൂടിയായിരുന്നു അബ്ദുല്‍ ഹലീം. കേരളത്തിനുള്ളിലാവട്ടെ വിവിധ ചിന്താഗതികളിലേക്കു വഴിമാറി സഞ്ചരിച്ചു തുടങ്ങിയിരുന്ന മുസ്‌ലിം പണ്ഡിതരുമായും നാരായണ ഗുരു ബന്ധം പുലര്‍ത്തിയിരുന്നതിന്റെ ഉദാഹരണമാണ് വക്കം മൗലവിയുമായി ഉണ്ടായിരുന്ന സൗഹൃദം. മൗലവിയുടെ മതനവോഥാന ചിന്താഗതികളെന്നു പില്‍ക്കാലത്ത് വിശേഷിപ്പിക്കപ്പെട്ട ആശയങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള ഇടപെടല്‍ നടത്താന്‍ ഗുരു ഉദ്യമിക്കുകയുണ്ടായില്ല. അക്കാലത്ത് ഈജിപ്ഷ്യന്‍ പ്രസിദ്ധീകരണങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്ന വക്കം മൗലവിയുമായി ഗുരു ഇസ്‌ലാംമത വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നില്ല. എന്നാല്‍, അറബി ഭാഷാശൈലികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇത്തരത്തില്‍ അവര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ട അറബി പദങ്ങളില്‍ ചിലതാണ് അല്ലാഹു, ഇലാഹ്, ശിര്‍ക്ക്, തൗഹീദ്, ഇബാദത്ത് തുടങ്ങിയവയൊക്കെ. നാരായണ ഗുരുവിന്റെ അറബി പാണ്ഡിത്യം തന്നെ അത്ഭുതപ്പെടുത്തിയതായി വക്കം മൗലവി ചിറയിന്‍കീഴ് സ്വദേശിയായ മീറാന്‍ സാഹിബ് എന്ന വ്യക്തിയോടു പറഞ്ഞിരുന്നു.
വക്കം മൗലവിയുമായി ഉണ്ടായിരുന്നതിനെക്കാള്‍ വിശാലമായ സൗഹൃദമാണ് സമസ്ത സ്ഥാപകനായ വരക്കല്‍ മുല്ലക്കോയ തങ്ങളുമായി ഗുരു പുലര്‍ത്തിയത്. 1920 മുതല്‍ 1928 വരെയുള്ള ഗുരുവിന്റെ ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ ആ ബന്ധം കൂടുതല്‍ രൂഢമാകുന്നുണ്ട്. പരസ്പരം ആദരവില്‍ അധിഷ്ഠിതവുമായിരുന്നു അവര്‍ക്കിടയില്‍ നിലനിന്ന ബന്ധം. വക്കം മൗലവിയുമായി ശ്രീനാരായണ ഗുരുവിന് ഉണ്ടായിരുന്ന സൗഹൃദമാണ് കേരളീയ മുസ്‌ലിം സമൂഹത്തിന്റെ നവോഥാനത്തിനു വഴിയൊരുക്കിയത് എന്നുവരെ ചില തല്‍പരകക്ഷികള്‍ എഴുതിപ്പിടിപ്പിക്കുകയുണ്ടായിട്ടുണ്ട്.
എന്നാല്‍, വരക്കല്‍ മുല്ലക്കോയ തങ്ങളുമായി നാരായണ ഗുരു പുലര്‍ത്തിയ സവിശേഷ സൗഹൃദത്തെ കുറിച്ച് ആരും അത്തരത്തിലൊരു അവകാശവാദം ഉന്നയിക്കുകയുണ്ടായില്ല എന്നു മാത്രമല്ല ഗുരുവിന്റെ ജീവചരിത്രകാരന്മാരിലും മുസ്‌ലിം ചരിത്ര ഗവേഷകരിലും ഒരു വലിയ വിഭാഗത്തെ സംബന്ധിച്ചു തന്നെയും ഈ സൗഹൃദം ഒരു ചര്‍ച്ചാവിഷയമായി മാറുകയുണ്ടായില്ല. ഇതിന്റെ പ്രധാനമായ കാരണം അന്നത്തെ കാലഘട്ടത്തില്‍ ആ മഹാരഥന്മാരെ സംബന്ധിച്ച് അവര്‍ക്കിടയിലെ സൗഹൃദവും ബന്ധവും തികച്ചും സഹജവും സ്വാഭാവികവുമായിരുന്നു എന്നതാണ്. കാറ്റ് ജലത്തോടു പുലര്‍ത്തുന്ന സൗഹൃദം പോലെ അവര്‍ക്കിടയിലെ ബന്ധം പ്രകൃതിയുടെ സഹജതകള്‍ നിറഞ്ഞവയായിരുന്നു.
പില്‍ക്കാല മത-സമുദായ പരികല്‍പനകള്‍ക്കിടയില്‍ മഹാന്മാരായ വ്യക്തികള്‍ പുലര്‍ത്തിയ ബന്ധം വലിയ ചര്‍ച്ചയായി മാറാനിടയായത് കാലത്തിനു സംഭവിച്ച അധപ്പതനത്തിന്റെ മുദ്രയായി കാണേണ്ടതുണ്ട്. 'അല്‍ മുസ്‌ലിം', 'അല്‍ ഇസ്‌ലാം' തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ 1922നും 1928നും ഇടയില്‍ വന്ന പല ലേഖനങ്ങളിലും നാരായണ ഗുരുവിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. വക്കം മൗലവിയും അദ്ദേഹത്തിന്റെ അനുയായികളും ഗുരുവിനും അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും വലിയ പ്രാധാന്യവും പരിഗണനയും കല്‍പിച്ചിരുന്നതു കൊണ്ടാണ് നവോഥാനവാദികളുടെ ജിഹ്വകളായി പരിഗണിക്കപ്പെട്ടിരുന്ന ഈ പ്രസിദ്ധീകരണങ്ങളില്‍ അത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചുവന്നിരുന്നത്.
മുസ്‌ലിം പണ്ഡിതന്മാരും ഉന്നത വ്യക്തികളുമായി മാത്രം പരിമിതപ്പെട്ടതായിരുന്നില്ല ഗുരുവിന്റെ മുസ്‌ലിം സാമൂഹിക ബന്ധം. ആലപ്പുഴയുടെയും കൊല്ലത്തിന്റെയും തീരപ്രദേശങ്ങളില്‍ ജീവിച്ചിരുന്ന മുക്കുവ മുസ്‌ലിം കുടുംബങ്ങള്‍ക്ക് നാരായണ ഗുരു ചിരപരിചിതനായിരുന്നു. മഴക്കാലങ്ങളുടെയും വേനലുകളുടെയും ദുരന്തങ്ങള്‍ അനുഭവിച്ചിരുന്ന വിഭിന്ന മത-ജാതി സമുദായങ്ങളില്‍പെട്ട ദരിദ്ര മനുഷ്യരെ സംബന്ധിച്ച് അവരുടെ വിപല്‍ക്കാല സാന്ത്വനമായിരുന്നു ഗുരു. പറവൂര്‍ സ്വദേശിയായ മുഹമ്മദ് സാഹിബ് എന്ന വ്യക്തി നാരായണ ഗുരുവിന് കേരളത്തിന്റെ തെക്കന്‍ മേഖലകളിലെ ദരിദ്ര മുസ്‌ലിംകള്‍ക്കിടയിലുണ്ടായിരുന്ന സ്വീകാര്യതയെയും പരിഗണനയെയും കുറിച്ച് ഒരു ലഘുഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്.
'ദീന അവനപരായണന്‍' എന്നു സാക്ഷാല്‍ സ്രഷ്ടാവിനെ ചിത്രീകരിക്കുകയും, എളിയ ജീവിക്കു പോലും തന്നാല്‍ ഒരുപദ്രവവും സംഭവിക്കാതിരിക്കണമെന്ന ജാഗ്രത പുലര്‍ത്തുകയും ചെയ്ത നാരായണ ഗുരു തന്റെ കാലഘട്ടത്തിലെ ദരിദ്രരും നിരാലംബരും പാര്‍ശ്വവല്‍കൃതരുമായ മനുഷ്യരുമായി പുലര്‍ത്തിയ ആത്മബന്ധം പ്രത്യയശാസ്ത്രപരവും സാമുദായികവുമായ മാനദണ്ഡങ്ങള്‍ക്ക് ഉപരിയായിരുന്നു. നാണു സ്വാമിയെന്നും നാരായണ മൂപ്പന്‍ എന്നുമൊക്കെയായിരുന്നു തെക്കന്‍ തീരപ്രദേശങ്ങളിലെ മുസ്‌ലിംകള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. പഞ്ഞമാസക്കാലങ്ങളില്‍ ചക്കയും മാങ്ങയും കിഴങ്ങുവര്‍ഗങ്ങളും നേന്ത്രക്കുലകളുമൊക്കെയായി ദരിദ്ര മുക്കുവ കുടുംബങ്ങളില്‍ കയറിച്ചെന്നിരുന്ന നാരായണ ഗുരുവിനെ സംബന്ധിച്ചു മനുഷ്യനും അവരുടെ ദൈന്യതകളുമൊക്കെയായിരുന്നു മുഖ്യ വിഷയങ്ങള്‍.
അമ്പല പ്രതിഷ്ഠയും ദൈവങ്ങളെ സ്തുതിച്ചുകൊണ്ടുള്ള സ്‌തോത്രങ്ങള്‍ രചിക്കലുമെല്ലാം മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്യുന്ന കാര്യം മാത്രമാണെന്നു തന്റെ ഉറ്റമിത്രങ്ങളോടു തുറന്നുപറയാന്‍ ഗുരു മടികാണിച്ചില്ല. എന്താണ് ഗുരു സ്വാമികള്‍ മുസ്‌ലിംകള്‍ക്കു വേണ്ടി പള്ളി പണിയാന്‍ ഇറങ്ങാത്തത് എന്നു ചോദിച്ച ആലുവക്കാരനായ ഖിളര്‍ എന്ന വ്യക്തിയോട് അദ്ദേഹം പറഞ്ഞത്, 'നിങ്ങളാരും ആ ആവശ്യവുമായി എന്റെയടുത്ത് വരുന്നില്ലല്ലോ... പിന്നെ എങ്ങനെയാണ് ' എന്നായിരുന്നു. മുസ്‌ലിംകളുമായി സ്വന്തം ആത്മസത്തയില്‍ തന്നെ ഗാഢബന്ധം കാത്തുസൂക്ഷിച്ച അസാധാരണ വ്യക്തിത്വമായിരുന്നു നാരായണ ഗുരുവെന്നതിനു നിരവധി ചരിത്രാനുഭവങ്ങള്‍ സാക്ഷ്യം വഹിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."