നാവിക ഉദ്യോഗസ്ഥന്റെ ആത്മഹത്യാക്കുറിപ്പില്‍ മേലുദ്യോഗസ്ഥര്‍ക്കെതിരേ ആരോപണം
കണ്ണൂര്‍: ഏഴിമല നാവിക അക്കാദമി കെട്ടിടത്തില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത നാവിക ഓഫിസര്‍ ട്രെയിനിയുടെ ആത്മഹത്യാക്കുറിപ്പില്‍ മേലുദ്യോഗസ്ഥര്‍ക്കെതിരേ ആരോപണം. മലപ്പുറം തിരൂര്‍ വട്ടത്താണി പുത്രക്കാട്ട് വീട്ടില്‍ റിട്ട. നാവികസേനാ ഉദ്യോഗസ്ഥന്‍ കര്‍ണാടക സ്വദേശി ഗൂഡപ്പ രാമണയുടെയും പുഷ്പലതയുടെയും മകന്‍ സൂരജ് (26) ആണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച വൈകുന്നേരം 5.30ഓടെ അക്കാദമിക് വിഭാഗം കെട്ടിടത്തില്‍ നിന്നു ചാടി പരുക്കേറ്റ നിലയില്‍ നാവിക അക്കാദമി അധികൃതര്‍ പരിയാരം മെഡിക്കല്‍കോളജില്‍ എത്തിച്ച സൂരജ് വ്യാഴാഴ്ച പുലര്‍ച്ചെയാണു മരിച്ചത്.
മരിച്ച സൂരജിന്റെ ബാരകില്‍ സൂക്ഷിച്ച വസ്ത്രത്തില്‍ നിന്നാണു പൊലിസിനു കത്ത് ലഭിച്ചത്. കൈവെള്ളയില്‍ ദയവായി ബാരക് ബോക്‌സ് പരിശോധിക്കണമെന്നു സൂരജ് എഴുതിവച്ചിരുന്നു. ഇതനുസരിച്ച് മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യാനെത്തിയ പയ്യന്നൂര്‍ പൊലിസാണു ബാരകില്‍ നിന്നു കുറിപ്പ് കണ്ടെത്തിയത്. മേലുദ്യോഗസ്ഥരായ രണ്ടുപേര്‍ രാത്രിയില്‍ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നു കത്തില്‍ പറയുന്നുണ്ട്.
ഇവരുടെ പേരുകളും കത്തിലുണ്ട്. കത്ത് ലഭിച്ച സാഹചര്യത്തില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുമെന്നു പൊലിസ് അറിയിച്ചു.
സൂരജിനെ നാവിക അക്കാദമി അധികൃതര്‍ കൊന്നതാണെന്നു ആരോപിച്ച് സഹോദരന്‍ സനോജ് പയ്യന്നൂര്‍ പൊലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. നാവിക സേനയില്‍ സെയിലര്‍ തസ്തികയില്‍ 2010ലാണ് സൂരജ് ജോലിയില്‍ ചേര്‍ന്നത്. ഇതിനിടെ പരീക്ഷയെഴുതി ഓഫിസര്‍ തസ്തികയില്‍ പ്രവേശിച്ചു. 2013ലാണ് പരിശീലനത്തിനായി ഏഴിമലയില്‍ എത്തിയത്. അന്നുമുതല്‍ തന്നെ ചതിയിലൂടെയാണ് ഓഫിസര്‍ സെലക്ഷന്‍ നേടിയതെന്ന് ആരോപിച്ച് സൂരജിനെ അക്കാദമി അധികൃതര്‍ പലവിധത്തില്‍ പീഡിപ്പിക്കുകയും 2015ല്‍ രണ്ടാം സെമസ്റ്റര്‍ പരിശീലനത്തിനിടെ ആരോപണങ്ങള്‍ ഉന്നയിച്ച് പിരിച്ചുവിടുകയും ചെയ്തു. എന്നാല്‍ സൂരജ് നാവികസേന അധികൃതര്‍ക്കെതിരേ കേരള ഹൈക്കോടതിയില്‍ ഹരജി നല്‍കി നിയമപോരാട്ടം ആരംഭിച്ചു. ഒടുവില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഏഴിമലയിലെ നാവിക അക്കാദമി മേധാവിക്കെതിരേ രൂക്ഷമായ വിമര്‍ശനത്തോടെ സൂരജിന് അനുകൂലമായി ഹൈക്കോടതി വിധി പുറത്തുവന്നത്. ഫെബ്രുവരിയിലാണു വീണ്ടും പരിശീലനത്തിനായി സൂരജ് തിരികെ ഏഴിമലയില്‍ എത്തിയത്. സൂരജിന്റെ മരണത്തില്‍ പയ്യന്നൂര്‍ പൊലിസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."