പ്രധാന അണക്കെട്ടുകള്‍ 'ഡെഡ് സ്റ്റോറേജിലേയ്ക്ക് ; പ്രതിസന്ധിയില്ലെന്ന് കെ.എസ്.ഇ.ബി
തൊടുപുഴ: സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകള്‍ വൈദ്യുതി ഉല്‍പാദനത്തിനുതകുന്ന കുറഞ്ഞ ജലനിരപ്പായ 'ഡെഡ് സ്റ്റോറേജ്' ലെവലിലേക്ക് അടുക്കുന്നു.
വലിയ അണക്കെട്ടുകളായ ഇടുക്കി, ഷോളയാര്‍, പമ്പ എന്നിവയും ചെറിയ അണക്കെട്ടുകളായ കുണ്ടള, തര്യോട് എന്നിവയുമാണ് ജലനിരപ്പ് കുത്തനെ താഴ്ന്ന അണക്കെട്ടുകള്‍. ആനയിറങ്കല്‍, കക്കി അണക്കെട്ടുകള്‍ വറ്റി. 594.056 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണ് ഇനി എല്ലാ അണക്കെട്ടുകളിലുമായി അവശേഷിക്കുന്നത്. എന്നാല്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഈ മാസം 30 ഓടെ ശക്തമാകുമെന്നും അതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് കെ.എസ്.ഇ.ബി പ്ലാനിങ് വിഭാഗത്തിന്റെ വിലയിരുത്തല്‍.
ജൂണ്‍ ഒന്നിന് 400 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം സംഭരണികളില്‍ ഉണ്ടാകണമെന്നതാണ് കെ.എസ്.ഇ.ബി ജലവിനിയോഗ സെല്ലിന്റെ തത്വം. ഇപ്പോള്‍ യൂനിറ്റിന് 4.40 രൂപ തോതില്‍ കുറഞ്ഞവിലയ്ക്ക് വൈദ്യുതി യഥേഷ്ടം പുറത്തുനിന്നു ലഭിക്കാനുണ്ടെന്നും അതിനാല്‍ ഇപ്പോത്തെ സാഹചര്യത്തില്‍ കാലവര്‍ഷം ജൂണ്‍ 20 വരെ നീണ്ടാലും കാര്യമായ പ്രശ്‌നങ്ങളില്ലെന്നും കെ.എസ്.ഇ.ബി ലോഡ് ഡെസ്പാച്ച് സെന്റര്‍ ചീഫ് എന്‍ജിനീയര്‍ എന്‍.എന്‍ ഷാജി സുപ്രഭാതത്തോട് പറഞ്ഞു.
ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 73.621 ദശലക്ഷം യൂനിറ്റാണ്. ഇതില്‍ 55.079 ദശലക്ഷം യൂനിറ്റ് പുറമെ നിന്നു എത്തിച്ചതാണ്. 17.97 ദശലക്ഷം യൂനിറ്റായിരുന്നു ആഭ്യന്തര ഉല്‍പാദനം. ഇടുക്കി പദ്ധതിയിലാണ് കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചത്, 8.188 ദശലക്ഷം യൂനിറ്റ്. പ്രധാന കരുതല്‍ സംഭരണിയായ ഇടുക്കിയിലെ ഇന്നലത്തെ ജലനിരപ്പ് 2304.3 അടിയാണ്.
ഇത് സംഭരണ ശേഷിയുടെ 12.9 ശതമാനമാണ്. കഴിഞ്ഞ നാലു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് ഇപ്പോള്‍ ഇടുക്കി അണക്കെട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അന്തരീക്ഷ താപനില ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ബാഷ്പീകരണ നഷ്ടത്തിനും കുറവില്ല. ഹൈറേഞ്ചിലെ ഇന്നലത്തെ താപനില ശരാശരി 35 ഡിഗ്രിയാണ്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ 2.14 സെ.മീ. മഴ രേഖപ്പെടുത്തി. 1.811 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം ഒഴുകിയെത്തി.
1976 ഫെബ്രുവരി 12ന് കമ്മിഷന്‍ ചെയ്ത ഇടുക്കി പദ്ധതിയുടെ സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം കണക്കാക്കുമ്പോള്‍ ഡാമില്‍ നിറയാവുന്ന വെള്ളത്തിന്റെ പരമാവധി ശേഷി 2,403 അടിയാണ്. വൈദ്യുതി ഉല്‍പാദനത്തിനായി വെള്ളം എടുക്കാവുന്ന പരമാവധി താഴ്ന്നനിരപ്പ് 2,280 അടിയും. ഈ രണ്ട് ജലനിരപ്പുകളും തമ്മിലുള്ള 124 അടി വ്യത്യാസമാണ് ഇടുക്കിയുടെ പരമാവധി സംഭരണ ശേഷിയെന്ന് കണക്കാക്കുന്നത്.
എന്നാല്‍ അണക്കെട്ടിനുള്ളിലെ ഉയര്‍ച്ച, താഴ്ച, കുന്നുകള്‍ താഴ്‌വരകള്‍ എന്നിവകൂടി കണക്കാക്കിയാണ് സംഭരണശേഷിയുടെ ശതമാനം നിശ്ചയിക്കുന്നത്. ഇടുക്കി പദ്ധതിയുടെ ഭാഗമായ കുളമാവ് ഡാമില്‍ നിരവധി കയങ്ങളുണ്ട്. അതിനാല്‍ വൈദ്യുതി ബോര്‍ഡിന്റെ ഗവേഷണ വിഭാഗത്തിന് മാത്രമേ ഇടുക്കിയുടെ യഥാര്‍ഥ ജലനിരപ്പ് നിര്‍ണയിക്കാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."