അറസ്റ്റ് സര്‍ക്കാറിനെതിരായ കേസുകളെ ബാലന്‍സ് ചെയ്യാന്‍ നടത്തിയ നീക്കം; കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും- മുസ്ലിം ലീഗ്
മലപ്പുറം: ഇബ്രാഹിം കുഞ്ഞ് എം.എല്‍.എയുടെ അറസ്റ്റ് രാഷ്ട്രീയ നാടകം മാത്രമാണെന്ന് മുസ്ലിം ലീഗ്. സര്‍ക്കാറിനെതിരായ കേസുകളെ ബാലന്‍സ് ചെയ്യാനുള്ള നീക്കമാണിതെന്നും ഇത് ഇടതുപക്ഷത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്നും മലപ്പുറത്ത് ചേര്‍ന്ന മുസ്ലിം ലീഗ് അടിയന്തര നേതൃ യോഗം വിലയിരുത്തി.
പൊതുമരാമത്ത് മന്ത്രിയെന്ന നിലയില്‍ ഇബ്രാഹിം കുഞ്ഞ് പാലത്തിന്റെ തകര്‍ച്ചക്ക് ഉത്തരവാദിയല്ല. സാങ്കേതിക തകരാറുണ്ടെങ്കില്‍ അതിന് കാരണക്കാരായവരെയാണ് ശിക്ഷിക്കേണ്ടത്. അത് കോടതിയില്‍ ചോദ്യം ചെയ്യുമെന്നും കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.
ഇടതു സര്‍ക്കാറിനെതിരെ ഉയര്‍ന്നു വന്ന ഗുരുതരമായ കേസുകളില്‍ പിടിച്ചു നില്‍ക്കാനാവാത്തതിന്റെ പേരില്‍ ബാലന്‍സ് ചെയ്യാനാണ് ലീഗ് എം.എല്‍.എമാര്‍ക്കെതിരെ വ്യാജ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റുള്‍പ്പടെയുള്ള നടപടിയുമായി മുന്നോട്ട് പോകുന്നത്. ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കം മാത്രമാണിത്. ഇത്തരം നടപടികള്‍ ഇടതുപക്ഷത്തിന് തന്നെ തിരിച്ചടിയാവുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ്, സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."