സാലറി ചലഞ്ച്: ജില്ലയില്‍ 80 ശതമാനം അധ്യാപകരും വിസമ്മതം അറിയിച്ചു
കോഴിക്കോട്: ഒരു മാസത്തെ ശമ്പളം നിര്‍ബന്ധിതമായി പിടിച്ചുവാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തോട് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അധ്യാപകരില്‍ നിന്നും തണുത്ത പ്രതികരണം. ശമ്പളം നല്‍കുന്നതില്‍ എതിര്‍പ്പുള്ളവര്‍ വിസമ്മതം അറിയിക്കേണ്ട അവസാന തിയതിയായ ഇന്നലെ ജില്ലയിലെ 80 ശതമാനം അധ്യാപകരും ഒരു മാസത്തെ ശമ്പളം നല്‍കുന്നതിനോട് വിമുഖത കാട്ടി. ഇവരുള്‍പ്പെടെ അറുപത് ശതമാനം ജീവനക്കാരാണ് വിസമ്മതപത്രം നല്‍കിയത്. നിര്‍ബന്ധിതമായി ശമ്പളം പിടിച്ചുവാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ഇത് തിരിച്ചടിയായിരിക്കുകയാണ്.
അധ്യാപക മേഖലയില്‍ നിന്നുള്ള ലഭ്യമായ കണക്കുകള്‍ പ്രകാരം ഭൂരിഭാഗം പേരും ശമ്പളം നിര്‍ബന്ധപൂര്‍വം നല്‍കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ സ്ഥലംമാറ്റ ഭീഷണി ഉള്‍പ്പെടെ നേരിടുന്നതിനാല്‍ ജീവനക്കാരില്‍ പലരും പാതിമനസോടെയാണ് 'സാലറി ചലഞ്ചി'ല്‍ പങ്കാളികളായത്. ബേപ്പൂര്‍ ഹൈസ്‌കൂളില്‍ 56 അധ്യാപകരില്‍ 51 പേരും മീഞ്ചന്ത ഗവ. ഹൈസ്‌കൂളില്‍ 77 അധ്യാപകരില്‍ 65 പേരും പേരാമ്പ്ര ഹൈസ്‌കൂളില്‍ 73ല്‍ 55 പേരും വിസമ്മതം അറിയിച്ചു. പൂനൂര്‍ ഹൈസ്‌കൂളില്‍ 45 അധ്യാപകരില്‍ 43 പേരും എലത്തൂര്‍ സി.എം.സി ഗേള്‍സില്‍ 26ല്‍ 22 പേരും സി.എം.സി ബോയ്‌സില്‍ 24ല്‍ 21 പേരും എരഞ്ഞിക്കല്‍ പി.വി എസില്‍ 28ല്‍ 26 പേരും രാമനാട്ടുകര സേവാമന്ദിരം സ്‌കൂളില്‍ 42ല്‍ 34 പേരും ആഴ്ചവട്ടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 15ല്‍ 10 അധ്യാപകരും വിസമ്മതം അറിയിച്ചു. സമാനമായ അവസ്ഥയാണ് ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളിലും.
താമരശ്ശേരി ജില്ലാ ട്രഷറിയില്‍ 30ല്‍ 16 പേരും വടകര എസ്.പി ഓഫിസില്‍ 64ല്‍ 45 പേരും വിസമ്മതം അറിയിച്ചു. മിക്ക സര്‍ക്കാര്‍ ഓഫിസുകളിലും ഡ്രോയിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫിസര്‍ (ഡി.ഡി.ഒ) മാര്‍ മുഖേന നിര്‍ബന്ധിതമായി ഒരുമാസത്തെ വേതനം നല്‍കാമെന്ന് എഴുതി വാങ്ങിക്കുകയായിരുന്നു. സാലറി ചലഞ്ച് ജീവനക്കാരും അധ്യാപകരും തള്ളിയെന്ന് പ്രതിപക്ഷ സര്‍വിസ് സംഘടനകളുടെ ഐക്യവേദിയായ യു.ടി.ഇ.എഫ് അറിയിച്ചു. സര്‍ക്കാര്‍ ഭീഷണിയെയും ധാര്‍ഷ്ട്യത്തെയും വകവയ്ക്കാതെ വിസമ്മതപത്രം കൊടുക്കാന്‍ തയാറായ ജീവനക്കാരെയും അധ്യാപകരെയും സെറ്റോ ജില്ലാ ചെയര്‍മാന്‍ എന്‍.പി ബാലകൃഷ്ണന്‍, കണ്‍വീനര്‍ എന്‍. ശ്യാംകുമാര്‍, കെ.ജി.ഒ.യു ജില്ലാ പ്രസിഡന്റ് ബീന പൂവ്വത്തില്‍ അഭിവാദ്യം ചെയ്തു.
ജില്ലയിലെ ഭൂരിഭാഗം അധ്യാപകരും സര്‍ക്കാരിന്റെ സാലറി ചലഞ്ച് ഉത്തരവ് തള്ളിയെന്ന് കെ.പി.എസ്.ടി.എ കോഴിക്കോട് റവന്യൂ ജില്ലാ കമ്മിറ്റി വിലയിരുത്തി. പ്രസിഡന്റ് എന്‍. ശ്യാംകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം സംസ്ഥാന സെക്രട്ടറി ഇ. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി. അശോക് കുമാര്‍, ഷാജു പി. കൃഷ്ണന്‍, വി.കെ രമേശന്‍, സജീവന്‍ കുഞ്ഞോത്ത്, ഇ. ആനന്ദന്‍, എടത്തില്‍ ശിവന്‍, ടി. ആബിദ്, പി.എം ശ്രീജിത്ത്, ടി.കെ പ്രവീണ്‍, എം.കെ കുഞ്ഞമ്മദ്, കെ. നന്ദകുമാര്‍, ടി. ഷറീന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."