ഇബ്‌റാഹീംകുഞ്ഞ് കുടുങ്ങിയത് ടി.ഒ സൂരജിന്റെ മൊഴിയില്‍
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്‌റാഹീംകുഞ്ഞ് കുടുങ്ങിയത് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും കേസില്‍ നാലാം പ്രതിയുമായ ടി.ഒ സൂരജിന്റെ മൊഴിയില്‍. വിജിലന്‍സിനു നല്‍കിയ മൊഴി തന്നെ പുറത്ത് മാധ്യമങ്ങള്‍ക്കു മുന്നിലും വ്യക്തമാക്കി ഇബ്‌റാഹീംകുഞ്ഞിനു സൂരജ് കുരുക്ക് കൂടുതല്‍ മുറുക്കി.
ഇബ്‌റാഹീംകുഞ്ഞിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നായിരുന്നു സൂരജ് നല്‍കിയ മൊഴി. അറസ്റ്റിലായ ആദ്യ ദിവസങ്ങളില്‍ മിണ്ടാതിരുന്ന സൂരജ് തുടര്‍ച്ചയായി റിമാന്‍ഡ് ചെയ്യപ്പെടുകയും ആരും തുണയ്ക്കാനെത്തുന്നില്ലെന്നു മനസിലാക്കുകയും ചെയ്തതോടെയാണ് നിലപാട് മാറ്റി മുന്‍ മന്ത്രിയെ കുരുക്കിയത്.
തന്നെ മന്ത്രി കുടുക്കിയതാണെന്നായിരുന്നു ആദ്യ പ്രതികരണം. അത് അടുത്ത ദിവസങ്ങളില്‍ പിന്നെയും കടുപ്പിച്ചു. പിന്നെ ഓരോ കോടതിക്കും മുന്നിലേക്കുള്ള ഓരോ വരവിലും സൂരജ് ഇബ്‌റാഹീംകുഞ്ഞിനെതിരേ സൂചനകള്‍ നല്‍കിക്കൊണ്ടേയിരുന്നു. പലിശ വാങ്ങാതെ ആര്‍.ഡി.എസ് കമ്പനിക്ക് മുന്‍കൂറായി പണം നല്‍കാന്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ എം.ഡി ശുപാര്‍ശ ചെയ്തതായും സൂരജ് ആരോപിച്ചു. ഹൈക്കോടതിയിലെ തന്റെ ജാമ്യ ഹരജിയിലും സൂരജ് നിലപാടുകള്‍ ആവര്‍ത്തിച്ചു. അതേസമയം സൂരജിന്റെ ആരോപണങ്ങളെ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ മുന്‍ എം.ഡി മുഹമ്മദ് ഹനീഷ് തള്ളിയിരുന്നു. എല്ലാം രേഖകളിലുണ്ടെന്നും ആര്‍ക്കു വേണമെങ്കിലും രേഖകള്‍ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേസില്‍ മുഹമ്മദ് ഹനീഷിനെയും ചോദ്യം ചെയ്തിരുന്നു.
പാലം നിര്‍മിച്ച ആര്‍.ഡി.എസ് പ്രൊജക്ട്‌സ് മാനേജിങ് ഡയരക്ടര്‍ സുമിത് ഗോയലാണ് കേസിലെ ഒന്നാം പ്രതി. കോര്‍പറേഷന്‍ ജോയിന്റ് ജനറല്‍ മാനേജര്‍ എം.ടി തങ്കച്ചന്‍ രണ്ടാം പ്രതിയും കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ മൂന്നാം പ്രതിയുമാണ്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനായിരുന്നു പാലത്തിന്റെ നിര്‍മാണച്ചുമതല. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയായിരുന്ന കിറ്റ്‌കോയ്ക്കായിരുന്നുരൂപരേഖ തയാറാക്കാനുള്ള ചുമതലയും . ചുമതലകളില്‍ വന്ന വീഴ്ചയായിരുന്നു ഇവരുടെ കുറ്റം. വിജിലന്‍സിന്റെ തുടരന്വേഷണത്തില്‍ കൂടുതല്‍ അന്വേഷണത്തിനു വിധേയരാക്കേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ 17 പേരുടെ വിവരങ്ങളും രേഖപ്പെടുത്തിയിരുന്നു. പലതവണ ഇബ്‌റാഹീംകുഞ്ഞിനെ ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റുണ്ടായില്ല. മുന്‍ മന്ത്രിയെന്ന നിലയില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ടെന്നായിരുന്നു വിജിലന്‍സ് നല്‍കിയ സൂചനകള്‍. ഇതിനിടെ അറസ്റ്റിലായ നാലുപേരും കോടതിയില്‍ നിന്ന് ജാമ്യം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."