വണ്‍ ഇന്ത്യ വണ്‍ പെന്‍ഷനില്‍ അര്‍ബന്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറി: റിപ്പോര്‍ട്ട് രഹസ്യാന്വേഷണ വിഭാഗത്തിന്റേത്
പാലക്കാട്: വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റില്‍ അര്‍ബന്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറിയതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരേയും സര്‍ക്കാര്‍ ജീവനക്കാരെയും ശത്രുപക്ഷത്തുനിര്‍ത്തി ജനങ്ങള്‍ക്കിടയില്‍ ശത്രുതാ ബോധം വളര്‍ത്താനുള്ള സംഘടനയുടെ ശ്രമങ്ങള്‍ക്കു പിന്നില്‍ ഇവരുമുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.
ഒരേ പേരില്‍ പല നേതൃത്വത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റിന്റെ മൂന്നു വിഭാഗങ്ങളില്‍ ഇപ്പോള്‍ ഇത്തരം മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ട്.
പശ്ചിമഘട്ട മാവോയിസ്റ്റ് സ്‌പെഷല്‍ സോണ്‍ കമ്മിറ്റിയുമായി ബന്ധമുള്ള സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവരെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമഘട്ട കമ്മിറ്റിയുമായി വാട്‌സ് ആപ്പിലും ടെലിഗ്രാമിലും ഇവര്‍ ബന്ധപ്പെടാറുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ രഹസ്യാന്വേഷണത്തിലൂടെ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, എറണാകുളം, തൃശൂര്‍, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇവരുടെ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തല്‍.
അടിമുടി ദുരൂഹതകള്‍ നിറഞ്ഞ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റിനു പിന്നില്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങളാണെന്ന് ഇന്റലിജന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റില്‍ കയറിക്കൂടിയ മാവോയിസ്റ്റുകള്‍, സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്ന വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സംഘടനയുടെ പ്രവര്‍ത്തന ശൈലി ഉപയോഗിച്ച് മാവോയിസ്റ്റ് അര്‍ബന്‍ ഏരിയാ പ്രൊജക്ടുകള്‍ക്കായി ഉപയോഗപ്പെടുത്തുമെന്ന മുന്നറിയിപ്പും രഹസ്യാന്വേഷണ വിഭാഗം നല്‍കുന്നു.
ആശയപരമായി വിരുദ്ധ ധ്രുവങ്ങളിലാണെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരേയും ഉദ്യോഗസ്ഥര്‍ക്കെതിരേയും ശത്രുത പ്രചരിപ്പിക്കുകയും അവര്‍ക്കെതിരേ പ്രതിഷേധിക്കാന്‍ നിരന്തരം പ്രേരണ നല്‍കുകയും ചെയ്യുന്ന വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റിനെ മാവോയിസ്റ്റുകള്‍ തിരഞ്ഞെടുത്തത് കൃത്യമായ പഠനത്തിനുശേഷമാണെന്നാണ് നിരീക്ഷണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരേയുള്ള മാവോയിസ്റ്റ് സമര രീതികള്‍ക്ക് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സംഘടനാ സംവിധാനത്തെയും സംഘടനാ നയങ്ങളെയും ഉപയോഗപ്പെടുത്താന്‍ എളുപ്പമാണെന്നതുകൊണ്ടാണ് മാവോയിസ്റ്റുകള്‍ ഈ സംഘടനയില്‍ നുഴഞ്ഞുകയറിയതെന്നും രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."