വിനീതിനെ പിരിച്ചുവിട്ട നടപടി; ഏജീസിന് കത്തയക്കുമെന്ന് കേന്ദ്ര കായിക മന്ത്രി
ന്യൂഡല്‍ഹി: മലയാളി ഫുട്‌ബോള്‍ താരം സി.കെ വിനീതിനെ അക്കൗണ്ടന്റ് ജനറല്‍ ഓഫിസിലെ (ഏജീസ്) ജോലിയില്‍ നിന്ന് പിരിച്ചുവിട്ട നടപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു. ഏജീസ് ഓഫിസിന്റെ നടപടിയെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ പറഞ്ഞു.
വിഷയത്തില്‍ വിനീതിനൊപ്പം നില്‍ക്കുന്നുവെന്നും സംഭവത്തെ കുറിച്ച് വിശദീകരണം ആരാഞ്ഞ് ഏജിസ് ഓഫിസിന് കത്തയക്കുമെന്നും വിജയ് ഗോയല്‍ പറഞ്ഞു. വിനീതിനെ ജോലിയില്‍ നിന്ന് പുറത്താക്കി ഏജീസ് ഉത്തരവിറക്കിയതിന് പിന്നാലെയാണ് കേന്ദ്ര കായിക മന്ത്രിയുടെ പ്രസ്താവന.
ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്നായി കളിക്കുകയും രാജ്യത്തിനായി നേട്ടങ്ങള്‍ കൊണ്ടുവരികയുമാണ് താരങ്ങളെ സംബന്ധിച്ചെടുത്തോളം പ്രധാനം. താരങ്ങള്‍ക്ക് പരമാവധി ഇളവുകള്‍ നല്‍കണം. വിനീതിനെ തനിക്ക് സഹായിക്കാനാകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
മതിയായ ഹാജര്‍ ഇല്ലെന്ന കാരണം പറഞ്ഞാണ് ദേശീയ താരമായ വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കായിക മന്ത്രി അടക്കമുള്ളവര്‍ സി.എ.ജി ശശികാന്ത് ശര്‍മയ്ക്ക് കത്തയച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. 2012ലാണ് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഏജീസ് ഓഫിസിലെ ഓഡിറ്ററായി വിനീത് ജോലിയില്‍ കയറുന്നത്.
വിനീതിനെ ജോലിയില്‍ സ്ഥിരപ്പെടുത്താതെ പിരിച്ചുവിട്ടതായി ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലിന്റെ ഉത്തരവ് ബുധനാഴ്ചയാണ് പുറത്തിറങ്ങിയത്. വിനീതിനെ പിരിച്ചുവിട്ട നടപടി യുവ കായിക താരങ്ങളുടെയെല്ലാം ആത്മവീര്യം തകര്‍ക്കുന്നതാണെന്നും അത് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന യൂത്ത് കമ്മിഷന്‍ കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."