അനധികൃത സ്വത്ത് സമ്പാദനം: സി.പി.എം നേതാവ് സക്കീര്‍ ഹുസൈനെതിരേ വീണ്ടും പാര്‍ടി അന്വേഷണം
കൊച്ചി: സി.പി.എം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരേ ഉയര്‍ന്ന സാമ്പത്തിക ആരോപണത്തില്‍ വീണ്ടും പാര്‍ടി അന്വേഷണം. കളമശ്ശേരിയിലെ പാര്‍ടി അംഗം തന്നെ നല്കിയ പരാതിയിലാണ് അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ടി സമിതി അന്വേഷണം ആരംഭിച്ചത്. സി.എം ദിനേശ് മണി, പി.ആര് മുരളി എന്നിവരടങ്ങിയ രണ്ടംഗ കമ്മിഷനാണ് അന്വേഷണം നടത്തുന്നത്.
മുന്‍പ് ഒരു വ്യവസായിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ സക്കീര്‍ അറസ്റ്റിലായിരുന്നു. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ അന്ന് സമാനമായ രീതിയില്‍ സക്കീറിനെതിരേ പാര്‍ടി അന്വേഷണം നടത്തിയിരുന്നു. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉള്‍പ്പെട്ട അന്വേഷണ കമ്മിഷന് പക്ഷേ അന്ന് ക്ലീന്‍ ചിറ്റ് നല്കുകയാണുണ്ടായത്. അന്വേഷണ ഘട്ടത്തില്‍ നഷ്ടമായ ഏരിയ സെക്രട്ടറി സ്ഥാനം പിന്നീട് തിരിച്ച് നല്‍കുകയും ചെയ്തു.
അതേസമയം പുതിയ ആരോപണത്തില്‍ പ്രതികരിച്ച സക്കീര്‍ ഹുസൈന് എല്ലാം കെട്ടിച്ചമച്ച വാദങ്ങളാണെന്നും പരമ്പരാഗതമായി തനിക്ക് ലഭിച്ച സ്വത്തും ഭാര്യയുടെ ജോലിയില്‍ നിന്നുള്ള വരുമാനവും മാത്രമാണ് തന്റെ പക്കലുള്ളതെന്നും പാര്‍ടിയെ ഉപയോഗിച്ച് അനധികൃതമായി ഒന്നും സമ്പാദിച്ചിട്ടില്ലെന്നുമാണ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."