പ്രതിയോഗികള്‍ക്കെതിരേയുള്ള നടപടികള്‍ രാഷ്ട്രീയപ്രേരിതമാകരുത്
ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയുടെ വിശുദ്ധ ചരിത്രം തിരുത്തിയെഴുതിയ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തിക്കൊണ്ടിരിക്കുന്നതും രാഷ്ട്രീയ എതിരാളികളെ കേന്ദ്ര അന്വേഷണഏജന്‍സികളെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നതും അവരെ നിശബ്ദരാക്കാനോ ബി.ജെ.പിയില്‍ ചേരാന്‍ നിര്‍ബന്ധിതരാക്കാനോ ആണ്. തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം കിട്ടാതെ വരുമ്പോള്‍ കോടികളും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് ജനവിധി അട്ടിമറിച്ച് അധികാരം കൈയാളുന്ന അധമ രാഷ്ട്രീയമാണ് കഴിഞ്ഞ ആറു വര്‍ഷമായി ബി.ജെ.പി ഇന്ത്യയില്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നുള്ള എം.എല്‍.എമാരെയായിരുന്നു ഈ വിധം ബി.ജെ.പി കാലുമാറ്റിക്കൊണ്ടിരുന്നത്. ഇതിന്റെ ഫലമായി രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയപ്പാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസിലുണ്ടായിരുന്ന ജനവിശ്വാസം നഷ്ടപ്പെടാന്‍ തുടങ്ങി. അതിന്റെ ഏറ്റവുമവസാനത്തെ ഉദാഹരണമാണ് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്.
ഇതോടൊപ്പം തന്നെ രാജ്യത്ത് പ്രശംസനീയമായ രീതിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന അന്വേഷണ ഏജന്‍സികളിലുള്ള വിശ്വാസവും ജനങ്ങള്‍ക്കു നഷ്ടപ്പെടാന്‍ തുടങ്ങി. രാഷ്ട്രീയ എതിരാളികളെ ഒതുക്കാനുള്ള ഉപകരണങ്ങളായി അന്വേഷണ ഏജന്‍സികള്‍ അധഃപതിച്ചു. ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാത്ത രാഷ്ട്രീയ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും കള്ളക്കേസുകള്‍ ചുമത്തി ജാമ്യം പോലും നിഷേധിക്കുന്ന കുറ്റങ്ങള്‍ ചാര്‍ത്തി ജയിലറകള്‍ നിറച്ചുകൊണ്ടിരിക്കുന്നു. അതേസമയം തന്നെ നിയമവിരുദ്ധമായ നടപടിയെടുക്കാന്‍ തയാറാകാത്ത ഉദ്യോഗസ്ഥരെ തരംതാഴ്ത്തി അപമാനിക്കുകയോ അവരുടെ പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ തക്കവണ്ണമുള്ള കേസുകള്‍ ചുമത്തുകയോ ചെയ്യുന്നു.
2,400ഓളം കേസുകളാണ് 2005 മുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നത്. ഇതില്‍ ഇതുവരെ എട്ടു കേസുകള്‍ മാത്രമാണ് തെളിയിക്കാനായത്. ടി.ഡി.പിയുടെ സുധന്‍ ചൗധരി ഇ.ഡി അന്വേഷിക്കുന്ന ഒരു കേസിലെ പ്രതിയാണ്. ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ അന്വേഷണം നിന്നു. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ജഗ്‌മോഹന്‍ റെഡ്ഢി രാജ്യസഭയില്‍ പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബി.ജെ.പിക്കനുകൂലമായ നിലപാടെടുത്തപ്പോള്‍ റെഡ്ഢിക്കെതിരേയുള്ള ഇ.ഡി അന്വേഷണവും നിന്നു. ശാരദാ ചിട്ടിക്കേസില്‍ പ്രതിസ്ഥാനത്തുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകള്‍ റോയ് ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹത്തിനെതിരേയുള്ള അന്വേഷണവും നിലച്ചു. അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിയോഗികളെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്നതിന്റെ ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണിത്. മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെയും കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി. ശിവകുമാറിനെയും കേസില്‍ കുടുക്കി.
ഈ പരിസരത്തു നിന്ന് വേണം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരള സര്‍ക്കാരിന്റെ ശിരസിനു ചുറ്റും വട്ടമിട്ടു പറക്കുന്നതിനെ സംബന്ധിച്ചും അതേ മാതൃക കടമെടുത്ത് സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനെ സംബന്ധിച്ചും പരിശോധിക്കാന്‍. 2013ല്‍ വി.കെ ഇബ്‌റാഹീംകുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണ കരാര്‍ മാനദണ്ഡങ്ങള്‍ മറികടന്ന് ആര്‍.ഡി.എസ് പ്രൊജക്ട്‌സിന് നല്‍കിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇതിനായി ആര്‍.ഡി.എസും കിറ്റ്‌കോയും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും വിജിലന്‍സ് ആരോപിക്കുന്നു. മന്ത്രിയുടെ നിര്‍ദേശപ്രകാരം എട്ടര കോടി രൂപ ഏഴു ശതമാനം പലിശയ്ക്ക് ആര്‍.ഡി.എസ് കമ്പനിക്കു നല്‍കി സര്‍ക്കാരിന് 85 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നും 13.5 ശതമാനം നിരക്കിലാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ വായ്പ നല്‍കുന്നതെന്നും ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ ഡി.എസ് കമ്പനിയെ സഹായിക്കാന്‍ മന്ത്രി കൂട്ടുനിന്നെന്നുമാണ് വിജിലന്‍സ് കേസ്. പാലത്തിന്റെ ഡിസൈനിലും നിര്‍മാണസാമഗ്രികളുടെ ഗുണനിലവാരത്തിലും ക്രമക്കേട് കാണിച്ചതിന്റെ ഫലമായി സര്‍ക്കാരിനു 13 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നും വിജിലന്‍സ് ആരോപിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തും വിധമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഇടപെടലുകള്‍ രാഷ്ട്രീയപ്രേരിതമാണെന്ന സര്‍ക്കാറിന്റെ ആരോപണങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ നിന്ന് സംശയത്തിന്റെ ആനുകൂല്യം കിട്ടിക്കൊണ്ടിരിക്കുന്ന ഒരവസരത്തില്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്റെ അതേ ആയുധമുപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നത്. ഇതു സംസ്ഥാന സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ സംശയത്തിലാക്കുന്നുണ്ട്. ഇബ്‌റാഹീംകുഞ്ഞ് പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം ശിക്ഷിക്കപ്പെടണം. എന്നാല്‍ സര്‍ക്കാര്‍ നടപടികള്‍ രാഷ്ട്രീയപ്രേരിതമല്ലെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യതയില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. പാലാരിവട്ടവുമായി ബന്ധപ്പെട്ട കേസില്‍ രാഷ്ട്രീയ നേതാക്കളെ തൃപ്തിപ്പെടുത്താനാകരുത് അന്വേഷണമെന്നും ഊഹത്തിന്റെ പേരില്‍ ആരെയും പ്രതിചേര്‍ക്കരുതെന്നും ഹൈക്കോടതിയില്‍ ഈ കേസ് പരിഗണിച്ച വേളയില്‍ ജസ്റ്റിസ് പി. ഉബൈദ് വ്യക്തമാക്കിയിരുന്നു. കേസില്‍ ഇബ്‌റാഹീംകുഞ്ഞിനെ പ്രതിചേര്‍ക്കാനും അറസ്റ്റ് ചെയ്യാനും വിജിലന്‍സ് അമിത താല്‍പര്യം കാണിക്കുന്നതിനെ പരാമര്‍ശിച്ചായിരുന്നു കോടതിയുടെ അന്നത്തെ പരാമര്‍ശങ്ങള്‍. പാലത്തിന്റെ ബലം സംബന്ധിച്ച് ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചതും പാലത്തിന്റെ ബലം സംബന്ധിച്ച് പഠനം നടത്തിയ മദ്രാസ് ഐ.ഐ.ടിയോ എന്‍ജിനീയറിങ് ഫോറമോ പാലം പൊളിക്കണമെന്ന നിര്‍ദേശം നല്‍കാതിരുന്നിട്ടും 20 കോടി മുടക്കി പാലം പൊളിച്ചതും സംശയത്തിനിടവരുത്തിയതാണ്.
ഈ സര്‍ക്കാരിന്റെ കാലത്ത് പല നിര്‍മിതികളും തകര്‍ന്നുവീണിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി കാന്‍സര്‍ സെന്റര്‍ കെട്ടിടം നിര്‍മാണഘട്ടത്തില്‍ തകര്‍ന്നുവീണു. മൂലമ്പിള്ളി പാഴല പാലം നിര്‍മാണത്തിനിടെ തകര്‍ന്നുവീണു. വൈറ്റില മേല്‍പാലത്തിലെ അപാകതകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതാണ്. തലശേരി- മാഹി ബൈപ്പാസിലെ ധര്‍മടം പാലം നിര്‍മാണ ഘട്ടത്തില്‍ തകര്‍ന്നുവീണതും ഈ സര്‍ക്കാരിന്റെ കാലത്താണ്. ഇതിനെതിരേയൊന്നും അന്വേഷണങ്ങളോ നടപടികളോ ഉണ്ടായില്ല. ആരും അറസ്റ്റ് ചെയ്യപ്പെട്ടില്ല. പാലാരിവട്ടം പാലം നിര്‍മിച്ച ആര്‍.ഡി.എസ് കമ്പനിക്ക് 620 കോടി രൂപയുടെ ജോലികള്‍ ഈ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എങ്കില്‍പോലും പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ ഇബ്‌റാഹീംകുഞ്ഞ് അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ ഇതൊന്നും ഒഴിവുകഴിവുകളല്ല. എന്നാല്‍, രാഷ്ട്രീയ പ്രതികാരത്തിന്റെ പേരില്‍ ഒരു വ്യക്തിയും അന്യായമായി തടങ്കലില്‍ കിടക്കാന്‍ പാടില്ല. അതോടൊപ്പം കുറ്റവാളികള്‍ രക്ഷപ്പെടുകയുമരുത്. നീതിപൂര്‍വവും നിഷ്പക്ഷതയോടെയുമാണ് തങ്ങള്‍ കുറ്റാരോപിതര്‍ക്കെതിരേ നീങ്ങുന്നതെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."