കൊച്ചി മെട്രോ; അനിശ്ചിതത്വത്തിനിടയിലും പരീക്ഷണ ഓട്ടം അവസാന ലാപ്പിലേക്ക്
കൊച്ചി: ഉദ്ഘാടന തീയതിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെയും മെട്രോയുടെ പരീക്ഷണ ഓട്ടം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നു. ആറ് ട്രെയിനുകള്‍ ഉപയോഗിച്ചുള്ള അവസാന ഘട്ട പരീക്ഷണ ഓട്ടം ഇന്നലെ ആരംഭിച്ചു. കഴിഞ്ഞ ദിവസം വരെ അഞ്ച് ട്രെയിനുകളാണ് പരീക്ഷണ ഓട്ടത്തിന് ഉപയോഗിച്ചിരുന്നത്. ഇതോടെ 10 മിനിറ്റ് ഇടവിട്ട് നടത്തിയിരുന്ന സര്‍സീസ് 8.33 മിനിറ്റ് ഇടവിട്ടായി. ഇതോടെ ദിവസേന നടത്തിയിരുന്ന 188 സര്‍വീസുകള്‍ 225 ആയി ഉയര്‍ന്നു. ഇന്നലെ രാവിലെ ആറിന് തുടങ്ങിയ ട്രയല്‍ സര്‍വീസ് രാത്രി പത്തു വരെ നീണ്ടു. ആറു ട്രെയിനുകളുപയോഗിച്ചുള്ള ട്രയല്‍ സര്‍വീസ് മെട്രോയുടെ സര്‍വീസ് തുടങ്ങും വരെ തുടരുമെന്ന് കെ.എം.ആര്‍.എല്‍ അറിയിച്ചു.
കഴിഞ്ഞ 10നാണ് മെട്രോയുടെ ട്രയല്‍ സര്‍വീസുകള്‍ തുടങ്ങിയത്. നാലു ട്രെയിനുകള്‍ ഉപയോഗിച്ച് ദിവസേന 142 ട്രിപ്പുകളാണ് ആദ്യ ആറു ദിവസങ്ങളില്‍ നടത്തിയത്. പിന്നീട് ഇത് അഞ്ചു ട്രെയിനാക്കി ഉയര്‍ത്തി. ആദ്യഘട്ടം പൂര്‍ത്തിയായ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കി.മീറ്റര്‍ ദൂരത്തിലാണ് സര്‍വീസ്. ആലുവക്കും പാലാരിവട്ടത്തിനും ഇടയിലുള്ള പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശേരി, കുസാറ്റ്, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക് സ്റ്റേഷനുകളിലെല്ലാം ട്രെയിന്‍ നിര്‍ത്തിയാണ് ട്രയല്‍ സര്‍വീസ് നടത്തുന്നത്. സിഗ്‌നലിങ്, പാസഞ്ചര്‍ അനൗണ്‍സ്‌മെന്റ്, ട്രെയിനിനകത്തും സ്റ്റേഷനിലുമുള്ള ഡിസ്‌പ്ലേ സംവിധാനങ്ങള്‍, കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റം (സി.ബി.ടി.സി) തുടങ്ങിയവയെല്ലാം ട്രയല്‍ സര്‍വീസിനൊപ്പം പരീക്ഷിക്കുന്നുണ്ട്. ഇതിന് പുറമേ കളമശേരി സ്റ്റേഷനില്‍ മോക്ക് ഫയര്‍ ഡ്രില്ലും പാലാരിവട്ടം സ്റ്റേഷന്‍ പരിധിയില്‍ ട്രാക്കില്‍ എന്തെങ്കിലും തടസ്സം വന്നാല്‍ എങ്ങനെ സര്‍വീസ് പുനക്രമീകരിക്കാമെന്നതിന്റെയും പരിശോധനകള്‍ നടന്നു. മെട്രോയില്‍ ജോലി ലഭിച്ച കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ഭിന്നലിംഗക്കാര്‍ക്കുമുള്ള പരിശീലനവും പൂര്‍ത്തിയായി. യാത്രക്കാരോട് പെരുമാറേണ്ട രീതികള്‍, മെട്രോയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, സുരക്ഷ സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ട വിധം തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങളാണ് പരിശീലനത്തിലൂടെ കൈമാറിയത്.
അതേസമയം മെട്രോ റെയില്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഒരു നിര്‍ദേശവും ഇതുവരെ ലഭ്യമായിട്ടില്ലെന്ന് കെ.എം.ആര്‍.എല്‍ അധികൃതര്‍ വ്യക്തമാക്കി. തീയതി നിശ്ചയിക്കുന്നത് വരെ കാത്തിരിക്കാനാണ് തങ്ങള്‍ക്ക് കിട്ടിയ നിര്‍ദേശം. തങ്ങളുടെ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് ഉദ്ഘാടനം സംബന്ധിച്ച് അറിയിപ്പ് നല്‍കേണ്ടത്. എന്നാല്‍, അവിടെനിന്ന് ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
മെട്രോ ഉദ്ഘാടനം മേയ് 30നു നടത്തുമെന്ന് വെള്ളിയാഴ്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞുവെന്ന തരത്തിലെ പ്രചാരണം വിവാദമായിരുന്നു. ഇതിനെതിരെ ബി.ജെ.പി നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. സംഭവം ചര്‍ച്ചയായതോടെ ഉദ്ഘാടന തീയതി തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ വ്യക്തമാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."